കവി ചുനക്കര രാമൻകുട്ടി അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കുറച്ചുദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു അന്ത്യം. തിരുമല രേണുകാ നിവാസിലായിരുന്നു താമസം. ഭൗതിക ശരീരം PRS ആശുപത്രിയില്‍ നിന്ന് 8.30 ന് തിരുമലയിലെ വീട്ടിൽ എത്തിക്കും. 9.30 വരെ പൊതുദർശനം. 10ന് ശാന്തി കവാടത്തിൽ സംസ്കാരം നടത്തും.

ഒട്ടേറെ സിനിമകൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ‘എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിലെ ‘ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ… അദ്ദേഹത്തിന്റെ പ്രശസ്‌തമായ ചലച്ചിത്രഗാനമാണ്. 1978-ൽ പുറത്തിറങ്ങിയ ’ആശ്രമം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യഗാനം രചിച്ചത്. പി ജി വിശ്വംഭരന്റെ ചിത്രമായ ‘ഒരു തിര പിന്നെയും തിര’ എന്ന ചിത്രത്തിലെ ഗാനങ്ങൾ അദ്ദേഹത്തെ പ്രശസ്‌തനാക്കി.

1984-ൽ വിവിധ സിനിമകൾക്കായി മുപ്പതിലേറെ പാട്ടുകളാണ് എഴുതിയത്. 2015-ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്‌കാരം ലഭിച്ചിരുന്നു. ശ്യാമ മേഘമേ നീ(അധിപന്‍), സിന്ധൂര തിലകവുമായി(കുയിലിനെ തേടി), നീ അറിഞ്ഞോ മേലേ മാനത്ത് (കണ്ടു കണ്ടറിഞ്ഞു) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു.

1936 ജനുവരി 19 ന് ആലപ്പുഴ ജില്ലയിലെ ചുനക്കര കരിമുളയ്ക്കൽ കാര്യാട്ടിൽ കിഴക്കതിൽ വീട്ടിൽ കൃഷ്‌ണന്റെയും നാരായണിയുടെയും മകനായാണ് ജനിച്ചത്. പന്തളം എൻഎസ്എസ് കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. പിന്നീട് ആകാശവാണിയിൽ പാട്ടെഴുതാനുള്ള അവസരങ്ങൾ ലഭിച്ചു.

ആകാശവാണിയിലെ റേഡിയോ അമ്മാവൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പി ഗംഗാധരൻ നായരുമായുള്ള പരിചയമാണ് ആകാശവാണിയിലേക്ക് ചുനക്കരയെ എത്തിച്ചത്. ആകാശവാണിക്കായി രചിച്ച ലളിതഗാനങ്ങൾക്ക് ആരാധകരേറെയായിരുന്നു. പിന്നീട് നാടകവേദികളിൽ സജീവമായി.

കൊല്ലം അസീസി, മലങ്കര തിയേറ്റേഴ്‌സ്, കേരളാ തിയേറ്റേഴ്‌സ്, നാഷണൽ തിയേറ്റേഴ്‌സ്, കൊല്ലം ഗായത്രി എന്നീ നാടക ട്രൂപ്പുകൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ രചിച്ചു. ’മലയാള വേദി’ എന്ന പേരിൽ സ്വന്തമായി നാടക സമിതിയും അദ്ദേഹം തുടങ്ങി. എന്നാൽ കുറച്ച് വർഷങ്ങൾ മാത്രമെ ഇത് പ്രവർത്തിച്ചുള്ളൂ.

ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രേണുക, രാധിക, രാഗിണി. മരുമക്കൾ: സിഅശോക് കുമാർ (റിട്ട.ആരോഗ്യ വകുപ്പ്), പി ടി സജി (റെയിൽവേ, മുംബൈ), കെ എസ് ശ്രീകുമാർ (സിഐഎഫ്‌ടി.).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News