ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലേക്ക്; ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടി ഇന്ന് സന്ദര്‍ശിക്കും. രാജമല പെട്ടിമുടിയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും മൂലം ദുരിതത്തിലായ പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും.

രാവിലെ 8.45 ഓടെ തിരുവനന്തപുരത്തു നിന്ന് ഹെലികോപ്ടറില്‍ മുഖ്യമന്ത്രിയും സംഘവും മൂന്നാറിലേക്ക് തിരിക്കും. സംഘം 9.15 ആനച്ചാലിലെത്തുമെന്നാണ് സൂചന. അവിടെ നിന്ന് കാര്‍ മാര്‍ഗം രാജമലയിലെത്തി ദുരന്ത സ്ഥലം സന്ദര്‍ശിക്കും. ദുരിത ബാധിത മേഖലകളിലെ സന്ദര്‍ശനത്തിനു ശേഷം ഹെലികോപ്ടറില്‍ സംഘം തിരുവനന്തപുരത്തേക്ക് തിരിക്കും.

അതേസമയം, രാജമല പെട്ടിമുടിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. 14 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുര. ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. കന്നിയാർ കേന്ദ്രീകരിച്ചാണ് നിലവില്‍ ദൗത്യസംഘം തിരച്ചില്‍ നടത്തുന്നത്. ഉരുൾപൊട്ടലിൽ ഒഴുകി വന്ന ചെളിയടിഞ്ഞ് നിരപ്പായ ഇവിടെ കയർ കെട്ടി ഇറങ്ങിയാണ് തിരച്ചില്‍.

11 സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. കന്നിയാറിന് അപ്പുറത്തെ വനത്തിലും സംഘം പരിശോധന നടത്തുന്നുണ്ട്. ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയിൽ കഴിഞ്ഞ രണ്ട് ദിവസവും ആരെയും കണ്ടെത്താനാകാത്തതിനാൽ കൂടുതൽ മൃതദേഹങ്ങൾ പുഴയിൽ ഒലിച്ച് പോയിരിക്കാമെന്നാണ് ദൗത്യസംഘത്തിന്‍റെ നിഗമനം.

പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here