കാസർകോട്ടെ 16കാരിയുടെ മരണം കൊലപാതകം: സഹോദരൻ കസ്റ്റഡിയിൽ, പിതാവ് ഗുരുതരാവസ്ഥയിൽ

കാസർകോട് ബളാളിൽ 16കാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ബളാൽ അരീങ്കലിനെ ആൻമേരിയെയാണ് (16) ഈ മാസം അഞ്ചിന് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അൻമേരിയുടെ സഹോദരൻ ആൽബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിലുണ്ടാക്കിയ ഐസ്‌‌ക്രീമിൽ ആൽബിൻ വിഷം കലർത്തി ആൻമേരിക്ക് നൽകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മാതാപിതാക്കളെയും ഇത്തരത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചു.

ഐസ്‌‌ക്രീം കഴിച്ച് അവശനിലയിലായ ഇവരുടെ പിതാവ് ബെന്നി ഇപ്പോഴും ആശുപത്രിയിലാണ്. കുടുംബത്തെ മുഴുവൻ ഇല്ലാതാക്കി സൈ്വര്യജീവിതത്തിന് പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് അറിയിച്ചു.

മരിക്കുന്നതിന് ഒരാ‌ഴ്‌ച മുൻപ് ആൻമേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടിൽ ഐസ്‌‌ക്രീം ഉണ്ടാക്കിയിരുന്നു. അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആൻ മേരിക്ക് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടത്.

ആഗസ്റ്റ് അഞ്ചിന് വൈകുന്നേരം ആറോടെയാണ് ആൻമേരി ചെറുപുഴയിലെ ആശുപത്രിയിൽ മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചാണ് മരിച്ചതെന്നായിരുന്നു ആദ്യവിവരം. മരണശേഷം കുട്ടിക്ക് കൊവിഡ് പോസറ്റിവ് ആണോ എന്ന് സംശയം ഉയർന്നു.

തുടർന്ന് മാതാപിതാക്കളുടെയും സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. ഇതിനു പിന്നാലെ ആൻമേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരൻ ആൽബിൻ എന്നിവരെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ചെറുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പൊലീസിന് കൈമാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here