എത്ര മറച്ചുപിടിച്ചാലും മൊയാരത്തിന്റെ രക്തക്കറ കോണ്‍ഗ്രസുകാരുടെ കയ്യില്‍ നിന്നും മാഞ്ഞുപോവില്ല

കണ്ണൂര്‍: സിപിഐഎം അക്രമരാഷ്ട്രീയത്തിന്റെ ആളുകളാണ് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മൊയാരത്ത് ശങ്കരനെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്.

മൊയാരത്ത് ശങ്കരനെ പുതുതലമുറ കോണ്‍ഗ്രസുകാര്‍ക്ക് ഓര്‍മ്മയില്ലെങ്കിലും അല്ലെങ്കില്‍ ഓര്‍മ്മയില്ലെന്ന് നടിച്ചാലും കേരള ചരിത്രത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ രക്തം പുരണ്ട രാഷ്ട്രീയ ചരിത്രത്തില്‍ നിന്നും അദ്ദേഹത്തിന്റെ പേര് മായ്ച്ചു കളയാനാകില്ല.

കോണ്‍ഗ്രസിന്റെ സമരഭടനായി ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലൂടെ വളര്‍ന്നുവന്ന മൊയാരത്തിനെ സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ഇല്ലാതാക്കുകയായിരുന്നു.

1948 മേയ് 11 ന് കണ്ണൂര്‍ എടക്കാട് റയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി നടന്നുപോകുമ്പോഴാണ് ഖദര്‍ ധാരികളായ കോണ്‍ഗ്രസ് വോളന്റിയര്‍മാര്‍ മൊയാരത്തിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് അവശനാക്കിയത്.തുടര്‍ന്ന് പൊലീസിന് കൈമാറിയ അദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.കോണ്ഗ്രസിന്റെ കുറുവടി സംഘം തുടങ്ങി വച്ച മര്‍ദ്ദനം പൊലീസ് പൂര്‍ത്തീകരിച്ചു.1948 മെയ് 12 ന് മൊയാരത്ത് ശങ്കരന്‍ അന്ത്യശ്വാസം വലിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസില്‍ നിന്നും കര്‍ഷക സംഘത്തിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലേക്കും വന്നതായിരുന്നു മോയാരത്തിനെ കോണ്ഗ്രസുകാര്‍ വേട്ടയാടാന്‍ കാരണം

ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ് എന്ന പേരില്‍ കോണ്ഗ്രസ്സിന്റെ ചരിത്രം എഴുതിയ മൊയാരത്തിനെയാണ് കോണ്ഗ്രസ്സുകാര്‍ തന്നെ കൊലപ്പെടുത്തിയത്. മലയാളത്തില്‍ ആദ്യം കോണ്‍ഗ്രസിന്റെ ചരിത്രം എഴുതിയത് മൊയാരത്ത് ആയിരുന്നു.

പിറന്നനാടിന്റെ സ്വാതന്ത്ര്യത്തിനും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മോചനത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു മൊയാരത്തിന്റെ ജീവിതം. സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ എന്ന് ഇപ്പോള്‍ മേനി നടിക്കുന്ന കോണ്ഗ്രസ്സുകാര്‍ എത്ര അലക്കി വെളുപ്പിച്ചാലും ഖദര്‍ കുപ്പായത്തില്‍ പുരണ്ട മൊയാരത്തിന്റെ രക്തക്കറ മാഞ്ഞു പോകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News