‘ഒരു സംഗീതവും ഒരു സമുദായത്തിന്റെയോ, മതത്തിന്റെയോ തറവാട്ടു സ്വത്തല്ല’; ടിഎം കൃഷ്ണയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ഹരീഷ് ശിവരാമകൃഷ്ണന്‍

തിരുവനന്തപുരം: കലാകാരന് തന്റെ മനസ്സാണ് ഏറ്റവും വലിയ വേദിയെന്നും അയാളുടെ ചെവി തന്നെ ആണ് ഏറ്റവും വലിയ ശ്രോതാവെന്നും ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. ഇത്രണ്ടും കളഞ്ഞു പോകാത്തിടത്തോളം ആര്‍ക്കാണ് കലാകാരനെ ബഹിഷ്‌കരിക്കാന്‍ ആവുകയെന്നും ഹരീഷ് ചോദിച്ചു.

പ്രശസ്ത സംഗീതജ്ഞനായ ടി.എം.കൃഷ്ണയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ചെന്നൈയിലുള്ള മണി കൃഷ്ണസ്വാമി അക്കാഡമി നീക്കം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹരീഷിന്റെ പ്രതികരണം.

രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനകര്‍മ്മം അധാര്‍മികവും മതേതരത്വത്തിന് എതിരുമാണെന്നും അതില്‍ അഭിമാനം തോന്നുന്നില്ലെന്നും കൃഷ്ണ പ്രസ്താവിച്ചിരുന്നു. ഇതിനാല്‍ കൃഷ്ണയെ വിലക്കാന്‍ അക്കാഡമി നീക്കം നടത്തുകയായിരുന്നു

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

എതിരഭിപ്രായം പറയുന്ന കര്‍ണാടക സംഗീത കലാകാരനെ ബഹിഷ്‌കരിച്ചു ഒരു പാഠം പഠിപ്പിക്കാം എന്ന് കരുതുന്ന സംഗീത സഭകളോട് – കലാകാരനും ശ്രോതാവും ഒരുമിച്ച് എത്തിയാല്‍ മാത്രമാണ് നിങ്ങള്‍ ഒരു സംഗീത സഭ , അല്ലെങ്കില്‍ നിങ്ങള്‍ വെറും നാല് ചുവരുകള്‍ മാത്രം. മറ്റൊരു കാര്യം : കലാകാരന് തന്റെ മനസ്സാണ് ഏറ്റവും വലിയ വേദി , അയാളുടെ ചെവി തന്നെ ആണ് ഏറ്റവും വലിയ ശ്രോതാവ് . അത് രണ്ടും കളഞ്ഞു പോകാത്തിടത്തോളം ആര്‍ക്കാണ് കലാകാരനെ ബഹിഷ്‌കരിക്കാന്‍ ആവുക?

ഒരു സംഗീതവും ഒരു സമുദായത്തിന്റെയോ, മതത്തിന്റെയോ തറവാട്ടു സ്വത്തല്ല എന്നിരിക്കെ – നിങ്ങളുടെ കെട്ടിടത്തില്‍ നിന്ന് മാത്രമേ കലാകാരനെ നിങ്ങള്‍ക്ക് ബഹിഷ്‌കരിക്കാന്‍ ആകൂ – ഈ ലോകം എന്ന മഹാ വേദിയില്‍ അയാള്‍ പാടി കൊണ്ടേ ഇരിക്കും, ആ സംഗീതത്തില്‍ സത്യം ഉള്ളിടത്തോളം അത് കേള്‍ക്കാന്‍ ശ്രോതാക്കളും ഉണ്ടാകും .

ആരൊക്കെ അസഹിഷ്ണുത കാണിച്ചാലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News