ആൻ മേരി കൊലക്കേസ്; കുറ്റം സമ്മതിച്ച് ആല്‍ബിന്‍; ആഡംബര മോഹം കൊലപാതകയാക്കി; ആദ്യശ്രമം കോ‍ഴിക്കറിയില്‍

കുടുംബസ്വത്തായ നാലര ഏക്കര്‍ പുരയിടവും പന്നി വളര്‍ത്തല്‍ കേന്ദ്രവും സ്വന്തമാക്കാന്‍ കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ ശ്രമിച്ചത് യുവാവിന്റെ കണ്ണില്ലാത്ത ക്രൂരത. മാതാപിതാക്കളെയും സഹോദരങ്ങളെയും കൊല്ലാന്‍ യുവാവ് ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കിയത് സ്വത്ത് മോഹിച്ച്. സംഭവത്തില്‍ ഓലിക്കല്‍ ബെന്നി- ബെസി ദമ്ബതികളുടെ മകനും മരിച്ച ആന്മേരിയുടെ ജ്യേഷ്ഠനുമായ പ്രതി ആൽബിൻ ബെന്നി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോ​ഗസ്ഥൻ അറിയിച്ചു.

കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാൽ കാസർകോട് കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. ഇന്നലെ വൈകിട്ടാണ് ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ രാവിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

കുടുംബ സ്വത്തായ നാലര ഏക്കർ സ്ഥലം കൈക്കലാക്കി വിറ്റ് നാടുവിടലായിരുന്നു ആല്‍ബിന്‍റെ ലക്ഷ്യം. ഇതിനായി കുടുംബത്തെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നയുടന്‍ ശരിയായ ചികിത്സ ലഭിക്കാത്തതാണ് ആൻ മേരി ബെന്നിയുടെ മരണത്തിനിടയാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. മ‌ഞ്ഞപ്പിത്തമാണെന്ന് കരുതി നാടൻ വൈദ്യന്റെ അടുത്താണ് ആദ്യം ആൻ മേരിയെ കൊണ്ടുപോയത്. തുടക്കത്തിലെ വിദഗ്ധ ചികിത്സ നൽകാത്തതാണ് 16 കാരിയെ മരണത്തിലേക്ക് നയിച്ചത്.

ബളാല്‍ അരിങ്കല്ലില്‍ ബെന്നി- ബെസി ദമ്പതികളുടെ കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ ശ്രമിച്ചത് ഇവരുടെ മൂത്തമകനാണെന്നറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാര്‍.
തന്റെ ആര്‍ഭാട ജീവിതത്തിനും വീട്ടുകാര്‍ എതിരുനില്‍ക്കുന്നതിനാല്‍ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ ആല്‍ബിന്‍ തീരുമാനിക്കുകയായിരുന്നു. ആസൂത്രിത നീക്കത്തിലൂടെ കൊലപാതകം മറയ്ക്കാന്‍ യുവാവ് നടത്തിയ നാടകീയ നീക്കങ്ങളാണ് പ്രതിയെ കുടുക്കിയത്. ഓഗസ്റ്റ് അഞ്ചിന് വൈകീട്ടാണ് ബെന്നി- ബെസി ദമ്പതികളുടെ ആന്മേരി മരിച്ചത്.

16കാരി മരിച്ചത് ഐസ്‌ക്രീമില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് നടത്തിയ നിര്‍ണായ നീക്കമാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്ത് കൊണ്ടുവന്നത്. 16 കാരി മരിച്ച സംഭവത്തില്‍ കേസെടുത്ത ചെറുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാര്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കേസ് ഇവരുടെ താമസ സ്ഥലത്തെ വെള്ളരിക്കുണ്ട് പൊലീസിന് കൈമാറുകയായിരുന്നു.

കൊവിഡ് പരിശോധനയില്‍ മാതാപിതാക്കളുടെ സ്രവത്തില്‍ വിഷാംശം കണ്ടതും ആന്മേരിയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയതും സംശയം യുവാവിലേക്ക് നീങ്ങാന്‍ കാരണമായി. കുടുംബത്തിലെ എല്ലാവരും ക‍ഴിച്ച ഐസ്‌ക്രീമില്‍ എലിവിഷത്തിന്റെ അംശം എങ്ങനെ വന്നുവെന്ന പൊലീസ് അന്വേഷണമാണ് ഒടുവില്‍ ആല്‍ബിനില്‍ എത്തിച്ചേര്‍ന്നത്.

ഈ മാസം അഞ്ചിനാണ് ഛർദ്ദിയെത്തുടർന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലായിരുന്ന ആൻ മേരി ബെന്നി മരിച്ചത്. പിറ്റേന്ന് തന്നെ ആൻ മേരിയുടെ അച്ഛൻ ബെന്നിയും അമ്മ ബെൻസിയേയും ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി. ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം.
ഓഗസ്റ്റ് 7നാണ് പോസ്റ്റുമോര്‍ട്ടം പുറത്തുവന്നപ്പോള്‍ എലിവിഷമാണ് മരണകാരണമെന്ന് തിരിച്ചറിഞ്ഞിരുന്നു. ഓഗസ്റ്റ് 8ന് നടന്ന ആന്‍മേരിയുടെ സംസ്‌കാരച്ചടങ്ങളില്‍ യാതൊരു വിഷമവും പ്രകടിപ്പിക്കാതിരുന്ന യുവാവിന്റെ പെരുമാറ്റം സംശയമുണ്ടാക്കി. ഇതോടെ ഇയാളെ പൊലീസ് ബന്ധുവീട്ടില്‍ നീരീക്ഷണത്തിലാക്കി.

തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും എലിവിഷത്തെക്കുറിച്ച് തിരഞ്ഞതായി കണ്ടെത്തിയതോടെ സംശയം ബലപ്പെടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആല്‍ബിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായി കൊലപാതകത്തിന്റെ കഥ പുറത്ത് വന്നത്.

ആഡംബര ജീവിതത്തിന് തടസ്സമായ വീട്ടുകാരെ ഒഴിവാക്കാന്‍ ആസൂത്രിത നീക്കങ്ങളാണ് ആല്‍ബിന്‍ നടത്തിയത്. ഇതിനും മുന്‍പും കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ ആല്‍ബിന്‍ ശ്രമം നടത്തിയിരുന്നു. ആദ്യ ശ്രമത്തില്‍ കോഴിക്കറിയില്‍ എലി വിഷം ചേര്‍ത്ത് വീട്ടുകാര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ആദ്യ ശ്രമം പരാജയപ്പെട്ടു. ഇതിന്റെ കാരണമറിയാന്‍ ആല്‍ബിന്‍ ഗൂഗുളില്‍ തിരഞ്ഞു. വിഷം പഴയതാകും തോറും വീര്യം കുറയുമെന്ന മനസ്സിലാക്കിയതോടെ പുതിയ എലിവിഷം വാങ്ങുകയായിരുന്നു.

കഴിഞ്ഞ മാസം 29ന് വെള്ളരിക്കുണ്ടിലെ കടയിൽ നിന്നാണ് ആൽബിൻ ബെന്നി എലിവിഷം വാങ്ങിയത്. മുപ്പതാം തീയതി വീട്ടിൽ ഉണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തി. തൊണ്ടവേദനയെന്ന് പറഞ്ഞ് ആൽബിൻ ഐസ്ക്രീം കഴിച്ചില്ല. ഐസ്ക്രീം ഇഷ്ടമില്ലാത്ത അമ്മക്ക് നിർബന്ധിച്ച് നൽകി.

ആന്‍മേരി മരിക്കുന്നതിന് നാലുദിവസം മുമ്പ് ബന്നിയുടെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. അവസരം കാത്തിരുന്ന ആല്‍ബിന്‍ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു. ആന്‍ മേരിയും പിതാവ് ബെന്നിയുമാണ് ആദ്യദിവസം തന്നെ ഐസ്‌ക്രീം കഴിച്ചത്. ഐസ്‌ക്രീം കഴിച്ചപ്പോള്‍തന്നെ ആന്മേരിക്ക് ഛര്‍ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. പിന്നാലെ പിതാവ് ബെന്നിയെയും പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ പന്നി ഫാം നോക്കണം എന്ന് പറഞ്ഞ്, ആരെയും ആശുപത്രിയില്‍ കൊണ്ടുപോകാതെ ആല്‍ബിന്‍ വീട്ടില്‍ത്തന്നെ തങ്ങാനും ശ്രമിച്ചിരുന്നു. ചികിത്സ വൈകിപ്പിക്കാനായിരുന്നു ഇത്.

എന്നാല്‍ ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതായി കണ്ടെത്തുകയും ചെയ്തു. സ്ഥിതി വഷളായപ്പോള്‍ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഫ്രിഡ്ജില്‍ സൂക്ഷിച്ച ബാക്കി ഐസ്‌ക്രീം ബെസിയും ആല്‍ബിനും പിന്നീടാണ് കഴിച്ചത്. തുടര്‍ന്ന് വിഷം ഉള്ളില്‍ ചെന്നുണ്ടായ അസ്വസ്ഥതകളോടെ ബെസിയെയും ആല്‍ബിനെയും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബെസിയുടെ ശരീരത്തിലും വിഷാംശം കണ്ടെത്തി. എന്നാല്‍ ആല്‍ബിന്റെ ശരീരത്തില്‍ വിഷാംശമില്ലായിരുന്നു. ഇതോടെ സംശയം ബലപ്പെട്ടു. തുടര്‍ന്ന് നടത് കുറച്ച് ഐസ്‌ക്രീം മാത്രം കഴിച്ച ബെസി രക്ഷപെട്ടു. എലിവിഷം ശരീരത്തിലെത്തിയതിനെ തുടർന്ന് അവശ നിലയിലായിരുന്ന ആൽബിന്റെ അച്ഛൻ ബെന്നി നിലവില്‍ അപകട നില തരണം ചെയ്തെന്നാണ് ഡോക്ടർമാർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News