ദില്ലി കലാപവും വസ്തുതാന്വേഷണ റിപ്പോര്‍ട്ടും

ആധുനിക ദല്‍ഹിയുടെ രാഷ്ട്രീയപരിണാമവും സാംസ്‌കാരിക വ്യവഹാരവും ഉള്‍ച്ചേര്‍ന്ന കൃതിയാണ് എം.മുകുന്ദന്റെ ദല്‍ഹി ഗാഥകള്‍. അടിയന്തിരാവസ്ഥയും സിഖ് വംശഹത്യയും മുസ്ലീം വിരുദ്ധതയും എങ്ങനെയാണ് ഒരു നഗരത്തെ സ്വാധീനിച്ചതെന്ന് വിവരിക്കുന്നു. ‘ദല്‍ഹി കബര്‍സ്ഥാനുകളുടെ നഗരമാണ്.

ആയിരക്കണക്കിന് കബറുകള്‍ പൊട്ടിയും തകര്‍ന്നും നഗരത്തിലുടനീളം ചിതറിക്കിടപ്പുണ്ട്. കാലപ്പഴക്കം കാരണം അതിന്റെയൊക്കെ കല്ലുകള്‍ക്ക് അര്‍ബുദം ബാധിച്ചിരിക്കുന്നു. നിര്‍ജ്ജീവമായ കബറുകളുടെ മാത്രമല്ല ചോരയുണങ്ങിയിട്ടില്ലാത്ത മൃതദേഹങ്ങളുടെയും നഗരമാണ് ഇപ്പോള്‍ ദല്‍ഹി.’ 1984 ലെ സിഖ് കൂട്ടക്കുരുതിയുടെ നാളുകളെ കണ്മുന്നിലെത്തിക്കുന്ന വരികളാണിത്. ആ സംഭവത്തിന് ശേഷം ദല്‍ഹി കണ്ട ഏറ്റവും വലിയ വംശീയ അതിക്രമമാണ് 2020 ഫെബ്രുവരിയില്‍ അരങ്ങേറിയത്. രണ്ട് കൂട്ടക്കൊലകള്‍ക്കും പിന്നില്‍ കേന്ദ്രഭരണകക്ഷി നേതാക്കളുടെ ഗൂഢാലോചന വ്യക്തമാണ്.

അന്ന് രാജ്യം ഭരിച്ചത് കോണ്‍ഗ്രസ്സും ഇന്ന് ബി.ജെ.പി യും. ഫെബ്രുവരിയിലെ ന്യൂനപക്ഷ വിരുദ്ധകലാപത്തില്‍ അമ്പത്തിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ആയിരങ്ങള്‍ വീടുപേക്ഷിച്ചു. വാണിജ്യ സ്ഥാപനങ്ങളും വീടുകളും തകര്‍ക്കപ്പെട്ടു. ആരാധാനാലയങ്ങള്‍ നശിപ്പിച്ചു. കോടികളുടെ നഷ്ടമുണ്ടായി. ഇരു മതവിഭാഗക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷമല്ല ; ആസൂത്രിതവും ഏകപക്ഷീയവുമായ സംഘപരിവാര്‍ വേട്ടയാണ്. സംഭവത്തെ സംബന്ധിച്ച്, ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ജൂലൈ 16 ന് പുറത്തുവന്നു. രാജ്യം ഗൗരവപൂര്‍വ്വം ഇത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ദല്‍ഹിയില്‍ സംഭവിച്ചത്

മതനിരപേക്ഷ ഭരണഘടനയെയും പൗരത്വത്തെയും സംരക്ഷിക്കാനാണ് 2019-20 കാലയളവില്‍ രാജ്യത്ത് വലിയ സമരങ്ങളുയര്‍ന്നത്. പൗരത്വഭേദഗതി നിയമം അംഗീകരിച്ചതോടെ മത വിവേചനം യാഥാര്‍ത്ഥ്യമായി. മുസ്ലീം വിഭാഗത്തില്‍പ്പെട്ട അഭയാര്‍ത്ഥികള്‍, ഭരണകൂടം സംശയിക്കുന്ന മുസ്ലീങ്ങള്‍, ഇന്ത്യയിലേയ്ക്ക് കുടിയേറിയ ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തുടങ്ങിയവരൊക്കെയും ബഹിഷ്‌കൃതരാകുമെന്ന സ്ഥിതി വന്നു. ഇടതുപക്ഷ -മതനിരപേക്ഷ പാര്‍ട്ടികള്‍, മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ സംഘടനകളും വ്യക്തികളും, ശക്തമായി പ്രതിഷേധിച്ചു.

ബുദ്ധിജീവികള്‍, മുന്‍ ന്യായധിപന്‍മാര്‍, മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, എഴുത്തുകാര്‍, നയതന്ത്രജ്ഞര്‍, അക്കാദമിക് പണ്ഡിതര്‍ സമരത്തെ പിന്തുണച്ചു. നിയമത്തിനെതിരെ കേരള നിയമസഭ ആദ്യം പ്രമേയം പാസ്സാക്കി. ദല്‍ഹിയിലെ ജെ.എന്‍.യു, ജാമിയ മില്ലിയ എന്നിവിടങ്ങളില്‍ ശക്തമായ വിദ്യാര്‍ത്ഥി സമരം ഉയര്‍ന്നു. അതിനെയെല്ലാം പോലീസ് ഭീകരമായാണ് നേരിട്ടത്. വിദ്യാര്‍ത്ഥികള്‍ പി•ാറിയില്ല. ശഹീന്‍ ബാഗില്‍ സമരം ശക്തിപ്പെട്ടു. ഫെബ്രുവരി 23 ന് വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ജഫ്രാബാദില്‍ സ്ത്രീകള്‍ ഒത്തുകൂടി റോഡ് ഉപരോധിച്ചു. സമാധാനപരമായ സമരമായിരുന്നു. എന്നാല്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്രയും സംഘവും അതിനടുത്തായി മൗജ്പൂരില്‍ സംഘടിച്ച് പ്രകോപനം സൃഷ്ടിച്ചു. ദല്‍ഹി സന്ദര്‍ശിക്കുന്ന അമേരിക്കല്‍ പ്രസിഡന്റ് പോകും വരെ തങ്ങള്‍ സംയമനം പാലിക്കുമെന്നും അത് കഴിഞ്ഞ് ആക്രമണം നടത്തുമെന്നും പറഞ്ഞു.

റോഡില്‍ നിന്ന് പോയില്ലെങ്കില്‍ സി എ എ പ്രതിഷേധക്കാരെ തുരത്തുമെന്നും പോലീസ് പറയുന്നത് തങ്ങള്‍ അനുസരിക്കില്ലെന്നും പ്രസംഗിച്ചു. ഇതിന് സാക്ഷിയായി ഡിസിപി പ്രകാശ് സൂര്യയും പോലീസുകാരും നിലയുറപ്പിച്ചു.പ്രകോപനപരമായ പ്രസംഗത്തിനെതിരെ ഒരു നടപടിയുമെടുത്തില്ല. പൗരത്വസമരം നടത്തിയ സ്ത്രീകള്‍ക്ക് നേരെ കല്ലേറ് ആരംഭിച്ചു. വൈകാതെ തന്നെ ട്രാക്റ്റര്‍, ലോറികള്‍ എന്നിവയില്‍ കല്ലും ആയുധങ്ങളും എത്തിച്ചു. തുടര്‍ന്നുള്ള മൂന്ന് ദിവസം ജഫ്രാബാദ്, മൗജ്പൂര്‍, ശിവ് വിഹാര്‍ , മുങ്ക നഗര്‍, കരവല്‍ നഗര്‍, ഭജന്‍പുര, യമുന വിഹര്‍, മുസ്തഫാബാദ്, ബ്രിജ്പുരി, അശോക് നഗര്‍, ചാന്ദ് ബാഹ്, സീലംപൂര്‍,ഖജൂരി ഖാസ്,ഗോകുല്‍പുരി, ബാബര്‍പ്പുര്‍ എന്നിവിടങ്ങളിലേക്ക് ആക്രമണം വ്യാപിച്ചു.

ജയ് ശ്രീറാം വിളികള്‍ കൊലവിളികളായി മുഴങ്ങിക്കേട്ടു. നിരവധി മസ്ജിദുകളും മദ്രസകളും സ്‌കൂളുകളും നശിപ്പിച്ചു. ശ്മശാനത്തിനു നേരെയും ആക്രമണമുണ്ടായി. വീടുകള്‍ കൊള്ളയടിച്ചു. വന്‍ തോതില്‍ നാടന്‍ തോക്കുകള്‍ ഇറക്കുമതി ചെയ്തു. ഹിന്ദു മതസ്ഥരുടെ ഭവനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ അവിടെ കാവിക്കൊടി കെട്ടണമെന്ന് നിര്‍ദ്ദേശിച്ചു. അതിലൂടെ മുസ്ലീങ്ങളുടെ സ്ഥാപനങ്ങള്‍ തിരിച്ചറിയാനും സായുധാക്രമണം നടത്താനും കഴിഞ്ഞു. (സിഖ് വിരുദ്ധ കലാപത്തിലും ഇത്തരം അടയാളപ്പെടുത്തലുകള്‍ നടന്നിട്ടുണ്ട്). നിരവധി ഓട്ടോറിക്ഷ, കാര്‍ ബൈക്ക്, ലോറി, എന്നിവ തീയിട്ട് നശിപ്പിച്ചു. പെട്രോള്‍ പമ്പുകള്‍ തകര്‍ത്തു.

വംശഹത്യയിലേയ്ക്ക്

വടക്ക് കിഴക്കന്‍ ഡല്‍ഹി കലാപ കലുശിതമായി നിരവധി പേര്‍ വെടിയേറ്റ് മരിച്ചു. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ പ്രയോഗിച്ചു. ഗുരുതര പരിക്കേറ്റവരെകൊണ്ട് റോഡുകള്‍ നിറഞ്ഞു. ഓരോ മരണവാര്‍ത്തയും ഹൃദയഭേദകമായിരുന്നു. ഖജൂരി ഖാസില്‍ മുഹമ്മദ് മുനസിര്‍ എന്ന ബിരിയാണി വില്‍പ്പനക്കാരന്‍, തന്റെ ജീവിത സമ്പാദ്യം മുടക്കി കെട്ടിപൊക്കിയ 24 ലക്ഷം രൂപയുടെ വീട് അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. മറ്റൊരു വീട്ടില്‍ കൊള്ളനടത്തി. 8 ലക്ഷം വിലവരുന്ന സ്വര്‍ണ്ണവും പണവും അപഹരിച്ചു.

തുടര്‍ന്ന് അവിടെയും തീയിട്ടു. 85 വയസ്സുള്ള അക്ബാരി എന്ന സ്ത്രീ വെന്ത് മരിച്ചു. പ്രായാധിക്യം കാരണം അവര്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. മുസ്തഫ ബാദില്‍ അഷ്ഫാഖ് എന്ന യുവാവിനെ ആള്‍കൂട്ടം കൊന്നു തള്ളി. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രം പിന്നിട്ട ഒരു യുവാവായിരുന്നു അയാള്‍ . കര്‍ദാം പൂരില്‍ ആള്‍കൂട്ട അതിക്രമത്തില്‍ ഫൈസാന്‍ കൊല്ലപ്പെട്ടു. ഭാര്യയ്ക്കും മക്കള്‍ക്കും ഭക്ഷണം വാങ്ങാന്‍ പോയ മുഹമ്മദ് ഫുര്‍ഖാന്‍ വധിക്കപ്പെട്ടു. ബാബു ഖാന്‍ എന്ന പാവം മനുഷ്യന്റെ രണ്ടുമക്കള്‍ ഹാഷീമും, ആമീറും കൊല്ലപ്പെട്ടു. അവരുടെ പേരില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. മുസ്തഫാ ബാദിനടുത്ത് ചായ കുടിക്കാന്‍ ചെല്ലുമ്പോഴാണ് മഹ്താബ് ആക്രമിക്കപ്പെട്ടത്.

മാനസിക വളര്‍ച്ചയില്ലാത്ത, അതുകൊണ്ട് തന്നെ കുട്ടിത്തം വിട്ടു മാറാത്ത ആ മനുഷ്യനെ അരയ്ക്ക് താഴെ തീ കൊളുത്തി, മുഖത്തു ക്രൂരമായി വെട്ടിവീഴ്ത്തി. സംഘര്‍ഷത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ പോലും കഴിയാത്തയാളുടെ ദാരുണാന്ത്യം! വെടിയേറ്റവരും, വെട്ടേറ്റവരും മണിക്കൂറുകള്‍ തെരുവില്‍ കിടന്നു. പോലീസ് ശ്രദ്ധിച്ചതേയില്ല. ആശുപത്രികളില്‍ പോലും അവര്‍ അവഗണിക്കപ്പെട്ടു. ബാറ്റ്, ഇരുമ്പ് ദണ്ഡ്, മഴു, കമ്പിപാര, ഹോക്കി സ്റ്റിക് എന്നിവ ഉപയോഗിച്ചും അതിക്രമം നടത്തി. ഗര്‍ഭിണിയും വയോവൃദ്ധരും സ്ത്രീകളും ഇരകളായി. പെട്രോള്‍ ബോംബുകള്‍ പ്രയോഗിച്ചു. മലിന ജലത്തില്‍ നിന്നും ഉയര്‍ന്നുവന്ന അനേകം മൃത ദേഹങ്ങള്‍ സിഖ് വംശഹത്യയെ ഓര്‍മിപ്പിച്ചു. തിരിച്ചറിയപ്പെടാത്ത ശവശരീരങ്ങള്‍ ദല്‍ഹിയെ നടുക്കി. നിരവധി പേരെ കാണാതായി. കൂട്ടകവര്‍ച്ച വ്യാപകമായി. മതവും, തിരിച്ചറിയല്‍ കാര്‍ഡും ചോദിച്ചുള്ള ആക്രമണം വര്‍ദ്ധിച്ചു. ഐ.ബി ജീവനക്കാരന്‍ അങ്കിത് ശര്‍മ്മയും ഗോകുല്‍ പുരിയിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ രന്തന്‍ലാലും കൊല്ലപ്പെട്ടു.

ജെ.കെ 24 ചാനല്‍ റിപ്പോര്‍ട്ടര്‍ ആകാശ് നാപ്പയ്ക്ക് വെടിയേറ്റു. എന്‍.ഡി.ടി വിയിലെ അരവിന്ദ് ഗുണശേഖറിനെ ഭീകരമായി മര്‍ദ്ദിച്ചു. സൗരഭ് ശുക്ല എന്ന മാധ്യമ പ്രവര്‍ത്തകന്‍ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ടത് രുദ്രാക്ഷം കാണിച്ചതുകൊണ്ടും ശുക്ല എന്ന പേരില്‍ നിന്ന് ബ്രാഹ്മണനാണെന്ന് ‘തിരിച്ചറിയ’-പ്പെട്ടതുകൊണ്ടുമാണ്. അതുവരേയ്ക്കും മര്‍ദ്ദനം ലഭിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫര്‍ ആനിന്ത്യാ ചതോപാധ്യായയുടെ മതം കണ്ടെത്താന്‍ വസ്ത്രം അഴിച്ചുള്ള പരിശോധനയ്ക്ക് തുനിഞ്ഞു. ‘ഹിന്ദു നാമധാ’-രികള്‍ ആയതുകൊണ്ട് മാത്രം ജീവന്‍ തിരിച്ചുകിട്ടിയവര്‍ , രാജ്യത്തിന്റെ ഈ അവസ്ഥയെ ഓര്‍ത്ത് ലജ്ജിച്ചു. മലയാളി മാധ്യമ പ്രവര്‍ത്തകരും വേട്ടയാടപ്പെട്ടു.

ദല്‍ഹി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

ന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാന നിയമസഭ ആക്ടിലൂടെ സ്ഥാപിതമായ സംവിധാനമാണ് ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളുടെ പരിരക്ഷയാണ് കമ്മീഷന്റെ ദൗത്യം. ദല്‍ഹി സംഭവത്തെപ്പറ്റി പരിശോധിക്കാന്‍ നിയോഗിച്ച വസ്തുതാന്വേഷണ സമിതിയില്‍, സുപ്രീം കോടതി അഭിഭാഷകന്‍ എം.ആര്‍.ഷംഷാദ്, പൊതുപ്രവര്‍ത്തകന്‍ ഗുര്‍ മിന്ദര്‍ സിംഗ് മത്താരു, സാമൂഹിക പ്രവര്‍ത്തക തന്‍വീര്‍ കാസി, അദിതി ദത്ത, പ്രൊഫസര്‍ ഹസീന ഹാഷിയ, അഡ്വ.തെഹ് മിന അറോറ, സലിം ബെയ്ഗ്, അബൂബക്കര്‍ സബ്ബാക്ക്, ദേവിക പ്രസാദ് തുടങ്ങിയ പലരും അംഗങ്ങളായിരുന്നു. അതിക്രമത്തെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഡല്‍ഹി സര്‍ക്കാരിന് സമര്‍പ്പിച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്, പൗരത്വസമരം എന്നിവയുടെ പശ്ചാത്തലം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ജനങ്ങളെ ഇളക്കിവിടാനും ദേശവിരുദ്ധരായി മുദ്രകുത്താനും പ്രചരണം നടന്നതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. പൗരത്വസമരം നടത്തുന്നവര്‍ 24 മണിക്കൂറിനകം പിരിഞ്ഞുപോയില്ലെങ്കില്‍ തങ്ങള്‍ നിയമം കൈയിലെടുക്കുമെന്ന് ഫെബ്രുവരി 23 ന് കപില്‍മിശ്ര പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അക്രമം ആരംഭിച്ചത്. ‘ജയ് ശ്രീറാം, ഹര്‍ഹര്‍ മോദി, ഈ മുല്ലകളെ കൊന്നൊടുക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് കലാപകാരികള്‍ വന്നത്. മുസ്ലീംങ്ങളെ അവരുടെ സ്വത്വം തിരഞ്ഞ് ,അതിലൂടെ ആക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തു. പുരുഷന്‍മാരെ ക്രൂരമായി വേട്ടയാടി.

സ്ത്രീകള്‍ക്കെതിരെ ലൈംഗികാധിക്ഷേപം ഉള്‍പ്പെടെ നടത്തി തുടര്‍ച്ചയായി അപമാനിച്ചു. അനേകം ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നു. ഇരു മതവിഭാഗത്തില്‍പ്പെട്ടവരുടെ സ്ഥാപനങ്ങളുള്ള കേന്ദ്രങ്ങളില്‍ മുസ്ലീങ്ങളുടേതുമാത്രം തകര്‍ക്കപ്പെട്ടു. ദല്‍ഹി കലാപം പെട്ടെന്നുണ്ടായതാണെന്ന വാദത്തെ റിപ്പോര്‍ട്ട് തള്ളികളയുന്നു. കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്. പുറമേ നിന്നുള്ളവരുടെ സാന്നിദ്ധ്യവും അവര്‍ സൂക്ഷിച്ച ആയുധങ്ങളും അതിന് തെളിവാണ്. പോലീസ് അവരെ പ്രതിരോധിച്ചതുമില്ല. അക്രമികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ നിയമപാലകര്‍ക്കും ജില്ലാ ഭരണകൂടത്തിനും കഴിഞ്ഞില്ല. തീവെയ്പ്പ്, കൊള്ള എന്നിവയെ പറ്റി പ്രാഥമിക കണക്കെടുപ്പ് പോലും നടന്നില്ല. ടെലിഫോണിലൂടെ പ്രതികരിക്കാനോ യാഥാസമയം കേസ് എടുക്കാനോ ജനക്കൂട്ടത്തെ പിരിച്ച് വിടാനോ പോലീസ് തയ്യാറായില്ല. എന്നാല്‍ പരാതിക്കാരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത നിരവധി സംഭവമുണ്ടായി. പരാതി നല്‍കാന്‍ ന്യൂപക്ഷങ്ങള്‍ ഭയപ്പെട്ടു.

ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ദല്‍ഹി സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ നിന്ന് പോലും ന്യൂനപക്ഷങ്ങള്‍ ഒഴിഞ്ഞുപോകേണ്ടി വന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദല്‍ഹി പോലീസ് വസ്തുതാന്വേഷണ സമിതിയോട് സഹകരിച്ചില്ല എന്ന വിമര്‍ശനവും ന്യൂനപക്ഷ കമ്മീഷന്‍ രേഖപ്പെടുത്തി. സംഭവത്തിലെ പ്രതികളുടെയും തടവിലാക്കപ്പെട്ടവരുടെയും വിവരങ്ങള്‍ എഫ്.ഐ.ആര്‍ പകര്‍പ്പുകള്‍ എന്നിവ പോലീസ് ലഭ്യമാക്കിയിട്ടില്ല. ദല്‍ഹി കലാപത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ശുപാര്‍ശയും ന്യൂനപക്ഷ കമ്മീഷന്‍ മുന്നോട്ട് വെച്ചു. ഈ റിപ്പോര്‍ട്ട് ജനാധിപത്യ ഇന്ത്യയുടെ മുറിവുകളെ സാക്ഷ്യപ്പെടുത്തുന്നു.

കലാപത്തിന്റെ നാളുകളില്‍ ഉയര്‍ന്നുവന്ന മതനിരപേക്ഷതയുടെ മാതൃകകള്‍ വിസ്മരിക്കാനാവില്ല. അക്രമികളില്‍ നിന്ന് രക്ഷ തേടിയ മുസ്ലീങ്ങള്‍ക്ക് ഹിന്ദു-സിഖ് വിശ്വാസികളും ദേവാലയങ്ങളും അഭയം നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ സിഖ് സംഘടനകള്‍ സഹായഹസ്തവുമായെത്തി. മുസ്ലീംപള്ളികളില്‍ കാവിക്കൊടി കെട്ടിയ അക്രമികള്‍ക്കെതിരെ ഹിന്ദു മതവിശ്വാസികള്‍ രംഗത്തുവന്നു. ഒരു മസ്ജിദില്‍ സംഘപരിവാര്‍ സ്ഥാപിച്ച കാവിക്കൊടി പരസ്യമായി അഴിച്ചുമാറ്റിയ രവി പരാശര്‍ എന്ന യുവാവിന്റെ ചിത്രം വൈറലായി. ഹിന്ദു – മുസ്ലീം സാഹോദര്യത്തിലാണ് തന്റെ വിശ്വാസമെന്ന് അയാള്‍ പ്രഖ്യാപിച്ചു. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ അധി വസിക്കുന്ന നിരവധി പ്രദേശങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ലഭിച്ചു. ആയുധ ധാരികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ നിന്നും മുസ്ലീങ്ങള്‍ക്ക് സംരക്ഷണം ഒരുക്കിയ ദളിതരും അവരുടെ കോളനികളും മതനിരപേക്ഷ ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളാണ്.

തീവ്ര ഹിന്ദുത്വം ഉയര്‍ത്തുന്ന ബി ജെ പി യും അവരെ നേരിടാന്‍ ശേഷിയില്ലാതെ മൃതുഹിന്ദുത്വം ഉയര്‍ത്തുന്ന കോണ്‍ഗ്രസ്സും രാജ്യത്തിന് അപമാനമാണ്. ഇടത്പക്ഷ – മതനിരപേക്ഷ പ്രസ്ഥാനങ്ങളിലാണ് ജനങ്ങളുടെ പ്രതീക്ഷ. സാംസ്‌ക്കാരിക പ്രതിരോധം ശക്തിപ്പെടണം. ഭയവും നിരാശയും ജീവിതത്തെ മുന്നോട്ട് നയിക്കുകയില്ല. മതരാഷ്ട്രത്തിലേയ്ക്കുള്ള ശിലാന്യാസം കണ്ട് നിശബ്ദരാവാന്‍ നാം മരിച്ച ജനതയുമല്ല!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News