കൈരളി ടിവി ചെയര്‍മാനായി മമ്മൂട്ടിയും എംഡിയായി ജോണ്‍ ബ്രിട്ടാസും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു; മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് കൈരളി മുന്നോട്ടുപോകുമെന്ന് മമ്മൂട്ടി

തിരുവനന്തപുരം: കൈരളി ടിവി ചെയര്‍മാനായി പദ്മശ്രീ മമ്മൂട്ടിയും മാനേജിംഗ് ഡയറക്ടറായി ജോണ്‍ ബ്രിട്ടാസും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഇരുപതാമത് വാര്‍ഷിക പൊതുയോഗത്തിന്റേതാണ് തീരുമാനം.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം പൊതുയോഗം ഓണ്‍ലൈനില്‍ നടന്നു. ഇതിനുള്ള ഔദ്യോഗിക ഏജന്‍സിയായ സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വ്വീസ് ലിമിറ്റഡ് ആയിരുന്നു സംഘാടകര്‍.

ടി ആര്‍ അജയന്‍, അഡ്വ. സി. കെ. കരുണാകരന്‍, അഡ്വ. എം. എം. മോനായി, വി കെ മുഹമ്മദ് അഷ്‌റഫ്, എ. വിജയരാഘവന്‍, എ. കെ. മൂസ മാസ്റ്റര്‍ എന്നിവരെ വീണ്ടും ഡയറക്ടര്‍മാരായി തെരഞ്ഞെടുത്തു. എഫ്. ആര്‍. ജി അസോഷ്യേറ്റ്‌സ് ഓഡിറ്റര്‍മാരായി തുടരും.

കൈരളി അതിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകുമെന്ന് ചെയര്‍മാന്‍ മമ്മൂട്ടി പറഞ്ഞു. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരികമണ്ഡലങ്ങളിലെ ഇടപെടല്‍ ചാനല്‍ വര്‍ധിപ്പിക്കും. സാമൂഹികപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കും. ഓഹരിയുടമകളുടെ നിര്‍ലോഭമായ സഹായസഹകരണങ്ങളോടെ കോവിഡ് കാല പ്രതിസന്ധി മറികടക്കാനാകുമെന്ന പ്രത്യാശയും മമ്മൂട്ടി പ്രകടിപ്പിച്ചു.

കോവിഡ് കാല പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും കമ്പനിയുടെ പ്രകടനം ആശാവഹമാണെന്ന് എംഡി ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. മുന്നിലുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ കമ്പനി അശ്രാന്തപരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News