ഡിവൈഎഫ്ഐ യൂത്ത് ഫോര്‍ ഇന്ത്യ ക്യാമ്പയിന്‍ ഉദ്ഘാടനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് ലൈവ് സംബന്ധിച്ച മനോരമ വാര്‍ത്തയെ പരിഹസിച്ച് സംസ്ഥാന സെക്രട്ടറി എ എ റഹീം.
ആഗസ്ത് 15 ന് നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈനായുള്ള പ്രചരണങ്ങള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നു എന്നതായിരുന്നു മനോരമയുടെ വാര്‍ത്ത. കിളി പോയ അവസ്ഥയാണ് മനോരമയ്ക്കെന്നും ഡിവൈഎഫ്ഐയുടെ ക്യാമ്പയിന്‍ മറ്റേതെങ്കിലും സംഘടനയെ ഏല്‍പ്പിക്കാന്‍ പറ്റുമോ എന്നും റഹീം ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
എ എ റഹീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
കിളി പോയ മനോരമ.
ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ഫെയ്സ് ബുക്ക് ലൈവ് വിജയിപ്പിക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തതില്‍ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം? അതില്‍ എന്താണ് വാര്‍ത്ത?. മറ്റേതെങ്കിലും സംഘടനകളെ ഏല്‍പ്പിക്കാവുന്ന ജോലി അല്ലല്ലോ അത് ?
നാളിതുവരെയുള്ള എല്ലാ ക്യാമ്പയിനുകളും ഞങ്ങള്‍ വിജയിപ്പിച്ചത് ഇതു പോലെ നിര്‍ദേശങ്ങള്‍ നല്‍കിയും ചിട്ടയായ സംഘടനാ പ്രവര്‍ത്തനം നടത്തിയും തന്നെയാണ്. മനോരമ വഴി പി ആര്‍ നടത്തിയിട്ടല്ല. മനോരമ ദിനപ്പത്രത്തിന്റെ പേജുകളില്‍ അല്ല, യുവജനതയുടെ ഹൃദയങ്ങളിലാണ് ഡിവൈഎഫ്‌ഐ ശിരസ്സുയര്‍ത്തി നില്‍ക്കുന്നത്.
കിളി പോയ അവസ്ഥയാണ് ഇന്ന് മനോരമയ്ക്ക്. നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തോരു കഷ്ടമാണ്!. നന്നായി വ്യാജ വാര്‍ത്ത എഴുതിയും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് വേണ്ടി പി ആര്‍ വര്‍ക്ക് ചെയ്തും ഫീല്‍ഡില്‍ കളം നിറഞ്ഞു കളിച്ചതാണ്. ‘ഹാ അതൊക്കെ ഒരു കാലം. ഇതിപ്പോള്‍ എത്ര വേഗത്തിലാണ് പാടുപെട്ട് ഉണ്ടാക്കി വിടുന്ന വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ പൊളിക്കുന്നത്.’
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഫാക്ട് ചെക്കിങ് ക്യാമ്പയിനാണ് സോഷ്യല്‍ മീഡിയ ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. അച്ചടിച്ച് വിടുന്ന വാര്‍ത്ത മുതലാളിയുടെ മേശപ്പുറത്ത് എത്തുന്നതിനു മുന്‍പ് സോഷ്യല്‍ മീഡിയ അത് പൊളിച്ചിരിക്കും. വക്ക് പൊട്ടിയ വ്യാജ വാര്‍ത്തയാണ് ഇപ്പോള്‍ മുതലാളി പോലും വായിക്കുന്നത്.
ആകെ കിളി പോയ അവസ്ഥ.
Get real time update about this post categories directly on your device, subscribe now.