പരിസ്ഥിതി നാശത്തിന് വഴിവെക്കുന്ന കേന്ദ്രനയം കോര്‍പറേറ്റുകള്‍ക്കുവേണ്ടി; എട്ടരലക്ഷം ഒഴിവുകള്‍ നികത്തുന്നില്ല: കോടിയേരി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി ആഗസ്ത് 23ന് നടത്തുന്ന പരിപാടി വന്‍വിജയമാക്കാന്‍ തീരുമാനിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സിപിഐ എം അംഗങ്ങളുടെയും അനുഭാവി ഗ്രൂപ്പ് അംഗങ്ങളുടെയും വര്‍ഗബഹുജന സംഘടനാ അംഗങ്ങളുടെയും വീടുകളിലാണ് 23ന് വൈകുന്നേരം നാല് മണിക്ക് അരമണിക്കൂര്‍ നേരം സത്യഗ്രഹപരിപാടി നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. 25ലക്ഷത്തിലധികം ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നാണ് ജില്ലാ കമ്മിറ്റികളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. വരുംദിവസങ്ങളില്‍ നടത്തുന്ന പ്രചരണം വഴി കൂടുതല്‍പേരെ ഈ പരിപാടിയില്‍ പങ്കെടുപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഓരോ പാര്‍ടിഘടകങ്ങളും നടത്തുമെന്നും കോടിയേരി പറഞ്ഞു.

കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായതും പരിസ്ഥിതിനാശത്തിന് ഇടയാക്കുന്നതുമായ നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇഐഎ 2020 സംബന്ധിച്ച സിപിഐ എമ്മിന്റെ വിയോജിപ്പും പ്രതികരണവും നേരത്തേ വ്യക്തമാക്കിയതാണ്. ജൂലൈയില്‍ തന്നെ പൊളിറ്റ് ബ്യൂറോ ഇത് സംബന്ധിച്ച എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. വിജ്ഞാപനത്തെ സംബന്ധിച്ച കേരളത്തിന്റെ പ്രതികരണം അറിയിക്കുകയും ചെയ്തു. ഈ കരട് വിജ്ഞാപനം പിന്‍വലിക്കുക തന്നെ വേണം.

ഖനനമേഖയ്ക്ക് വന്‍തോതില്‍ സഹായം ചെയ്യുക എന്ന ഉദ്ദേശമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ഹരിത ട്രിബ്യൂണലിന്റെയും കോടതിയുടെയുമൊക്കെ ഇടപെടലിന്റെ ഫലമായി പല വന്‍കിടപദ്ധതികളും തടയാനായി. ആ പദ്ധതികള്‍ക്കെല്ലാം ഈ വിജ്ഞാപനത്തിന്റെ മറവില്‍ അംഗീകാരം കൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.

ആദിവാസി ജനസമൂഹമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം നേരിടാന്‍ പോകുന്നത്. വനമേഖല കയ്യടക്കാനും ധാതുവിഭവങ്ങള്‍ കൊള്ളയടിക്കാനും തക്കംപാര്‍ത്തിരിക്കുന്ന കോര്‍പറേറ്റുകളെ ശക്തമായി എതിര്‍ക്കുന്നത് ആദിവാസി ജനസമൂഹമാണ്. ആ വിഭാഗത്തിന്റെ അഭിപ്രായം പോലും കേള്‍ക്കാന്‍ തയ്യാറാകാതെയാണ് ഈ വിജ്ഞാപനം ഇറക്കിയത്.

സംസ്ഥാന തലത്തിലുള്ള പരിസ്ഥിതി കമ്മിറ്റികള്‍ എടുക്കുന്ന തീരുമാനത്തെ അട്ടിമറിച്ചുകൊണ്ട് വേറൊരു കമ്മിറ്റിവെക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന വിധത്തിലാണ് ഇപ്പോഴത്തെ വിജ്ഞാപനം. അതിനാല്‍ ഇഐഎ 2020 സമ്പൂര്‍ണമായി ജനവിരുദ്ധവും പരിസ്ഥിതിക്ക് നാശംവരുത്തുന്ന നിയമങ്ങളുമാണ്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് നാം നടത്തേണ്ടത്.

കേന്ദ്രസര്‍ക്കാരിന്റെ നിയമനനിരോധനം കേരളത്തെ വളരെയധികം ബാധിക്കുകയാണ്. ഒട്ടേറെ തസ്തികകളില്‍ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എട്ട് ലക്ഷം ഒഴിവുകള്‍ കേന്ദ്രസര്‍വീസില്‍ ഇപ്പോഴുണ്ട്. ആ ഒഴിവുകളൊന്നും തന്നെ നികത്തുന്നില്ല. റവന്യു വകുപ്പില്‍തന്നെ പകുതിയോളം സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പ്രതിരോധമേഖലയിലും ആരോഗ്യമേഖലയിലും കേന്ദ്രസര്‍വീസില്‍ 30ശതമാനം ഒഴിഞ്ഞുകിടക്കുന്നു. റെയില്‍വേയില്‍ 3.5 ലക്ഷം ഒഴിവുകളാണ് ഉള്ളത്. ഈ ഒഴിവുകളൊന്നും നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ല.

കേരളത്തില്‍ നിന്ന് കുറേയധികം പേര്‍ക്ക് നിയമനം കിട്ടേണ്ടുന്ന തസ്തികകളാണ് ഇന്ന് പൂര്‍ണമായി മരവിച്ചിരിക്കുന്നത്. സംവരണവിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട തൊഴിലസവരങ്ങള്‍ ഗണ്യമായി നഷ്ടപ്പെട്ടുവെന്ന് പ്രത്യേകമായി സിപിഐ എം വിലയിരുത്തി. കേന്ദ്രം ഒഴിച്ചിട്ടിരിക്കുന്ന എല്ലാ സ്ഥാനങ്ങളിലും നിയമനം നടത്തണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ 15കോടി ആളുകളാണ് തൊഴില്‍രഹിതരായി മാറുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം നിയമനങ്ങള്‍ നടത്താതിരിക്കുന്നത്.

പൊതുമേഖലാസ്ഥാപനങ്ങള്‍ ഓരോന്നോരോന്നായി കേന്ദ്രസര്‍ക്കാര്‍ വില്‍പ്പന നടത്തുന്നു. ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്തുള്ള വിജയമോഹിനി മില്‍ വില്‍പ്പന നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. എന്‍ടിസിയുടെ കീഴില്‍ കേരളത്തിലുള്ള അഞ്ച് മില്ലുകളും വില്‍പ്പന നടത്താനാണ് പദ്ധതി. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്,

പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ഫാക്ടറി, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്സ്, ബിഇഎംഎല്‍, കളമശേരി എച്ച്എംടി, കൊച്ചിന്‍ കപ്പല്‍ശാല, എഫ്എസിടി, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ്, കെഇഎല്‍, പാലക്കാട് ഐടിഎ ഇവയൊക്കെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളെ തൊഴില്‍രഹിതരാക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനങ്ങള്‍.

സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കൊടുത്ത് പ്രവര്‍ത്തിച്ചവയാണ് ഇത്തരം സ്ഥാപനങ്ങളില്‍ മിക്കതും. അതുകൊണ്ട് ഇവ വില്‍പ്പന നടത്തുന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന ആവശ്യം പോലും കേന്ദ്രം അംഗീകരിക്കുന്നില്ല. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റ് കഴിഞ്ഞു. എന്നാല്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ മെച്ചപ്പെട്ട നിലയില്‍ നടത്തുകയാണ്. യുഡിഎഫ് കാലത്ത് നഷ്ടത്തിലായ പല സ്ഥാപനങ്ങളും ഇന്ന് ലാഭത്തിലാക്കി. ഇത് രണ്ട് സമീപനങ്ങളാണ്.

കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വലിയതോതിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തും. മന്ത്രിമാര്‍ ഒഴികെയുള്ള എല്ലാ പാര്‍ടി നേതാക്കളും അതാത് സ്ഥലങ്ങളില്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്നും കോടിയേരി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News