പുനലൂർ രാജൻ, ശേഷിക്കുന്ന ഭൂതകാലത്തിന്‍റെ കറുപ്പും വെളുപ്പും

ഒടുവിൽ പുനലൂർ രാജനും ഫ്രയിമുകൾക്കപ്പുറത്തേക്ക് മറഞ്ഞിരിക്കുന്നു.ഒട്ടേറെ കറുപ്പിലും വെളുപ്പിലും മനോഹരമാക്കിയ ജീവിച്ചിരുന്ന ഒട്ടേറെ ഇതിഹാസചിത്രങ്ങൾക്ക് പിന്നാലെ,അ‍വർക്ക് പിന്നാലെ. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജീവിതം പകർത്തിയ ഫോട്ടോഗ്രാഫർ.

അത്രയേറെ വൈവിധ്യപൂർണ്ണമായ ജീവിതത്തെ അതേ വ്യത്യസ്ത ഫ്രയിമുകളോടെ മലയാളത്തിന് നൽകിയത് പുനലൂർ രാജനാണ്.ജനയുഗം പത്രത്തിനായി തുടങ്ങിയതായിരുന്നു ആ ജീവിതചിത്രങ്ങളുടെ പകർത്തെ‍ഴുതൽ.ബഷീറിന് പിന്നാലെ അത് പലരിലേക്കും പടർന്നു, റോളിഫ്ലെക്സ് ക്യാമറുമായി.

പുനലൂരിന്‍റെ ചിത്രങ്ങളെ ബഷീറും അതിയായി ഇഷ്ടപ്പെട്ടിരുന്നു. ആ കഥ പുനലൂർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.ഒരുപത്രത്തിൽ വന്ന തന്‍റെ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായമുണ്ടായപ്പോൾ അത് തന്‍റെ ഗ്രാൻഡ് ഫാദറാണെന്നും രാജൻ എടുത്ത ഫോട്ടോ ആയക്കാമെന്നും ബഷീർ പറഞ്ഞുവത്രേ.

ഇം എം എസ് മുതൽ എത്രയേറെ ചരിത്രപുരുഷന്മാരുടെ അപൂർവ്വ ചിത്രങ്ങൾ പുനലൂർ രാജന്‍റെ പിന്തുടരുന്ന ക്യാമറയിൽ നമ്മൾ കണ്ടു.കെ സി ജോർജ്ജ്,എം എൻ ഗോവിന്ദൻ,എൻ ഇ ബാലറാം,സി അച്ച്യുതമേനോൻ,പികെ വാസുദേ‍വൻ നായർ,എം ടി,തക‍ഴി, മാധിവിക്കുട്ടി,പൊറ്റക്കാട്,അ‍ഴീക്കോട് , പദ്മരാജൻ തുടങ്ങി ക്യാമറക്കും വ്യക്തികൾക്കുമിടയിലെ സാങ്കേതിക അകലമില്ലാതെ പകർത്തിയ എത്രയോ ജൈവിക ചിത്രങ്ങൾ.

പ്രതിഫലമില്ലാതെ പകർത്തിയ ചിത്രങ്ങൾ. ഫോട്ടോഗ്രാഫിയുടെ പുത്തൻ ഡിജിറ്റൽ യുഗത്തിൽ കലയുടെ ശോഷണം പുനലൂർ കണ്ടു.എന്നാൽ അതിന്‍റെ എതിർപക്ഷത്ത് അദ്ദേഹം നിന്നില്ല.ആ പരിസരങ്ങളിലേക്ക് എത്തിപ്പെടാനാഗ്രഹിച്ചില്ല എന്നുമാത്രം.

എടുത്ത ചിത്രങ്ങളെത്തന്നെ മൂല്യമുള്ള പ്രതിഫലമായി പുനലൂർ രാജൻ കണ്ടു.അതിൽ അഭിമാനിക്കുകയും പറയുകയും ചെയ്തു അദ്ദേഹം. കാലവും മനുഷ്യരും സാഹിത്യവും സംഗീതവുമെല്ലാം സമ്മിശ്രമായി രൂപപ്പെടുത്തിയ കേരളത്തിന്‍റെ മറ്റൊരു ഭൂതകാലത്തിന്‍റെ അടയാളപ്പെടുത്തൽ ഇത്രയോളം പകർത്തിയ മറ്റൊരാളുണ്ടായിരിക്കില്ല.ചില ചിത്രങ്ങളാൽ മാത്രം തെളിവുകൾ ശേഷിക്കുന്ന കാലത്തിന്‍റെ കാവൽക്കാരൻ കൂടിയായിരുന്നു പുനലൂർ.ഈ വിടവാങ്ങൽ അതീവ ദുഖഭരിതമാവുന്നതും അതിനാലാണ്.

ഒരു ക്യാമറക്ക് കഥകൾ പറയാനാവുമെങ്കിൽ നാമനുഭവിക്കാത്ത ഒരു കാലത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുപോലുമില്ലാത്ത കഥകൾ പുനലൂരിന്‍റെ ക്യാമറ സംസാരിക്കുമായിരുന്നു.അതൊരുപക്ഷേ താങ്ങുവാനാകാത്ത സത്യസന്ധയിലാണെങ്കിൽ നമ്മൾ കു‍ഴങ്ങുകയും ചെയ്തേനെ.

അമ്മയുടെ ബന്ധുവായ കമ്പിശ്ശേരി കരുണാകരൻ വ‍ഴി കമ്മ്യൂണിസത്തിലേക്കും പുനലൂർ സഞ്ചരിച്ചു. അദ്ദേഹം തന്നെയായിരുന്നു അന്ന് ജനയുഗത്തിന്‍റെ എഡിറ്റർ.പുനലൂർ രാജനിലൂടെ ജനയുഗമോ തിരിച്ചോ പരസ്പരം അവർ വളർന്നു. കലങ്ങിയ കാലമായിരുന്നു അത്. സാഹിത്യത്തിലും അതിന്‍റെ അലയൊലികളുയർന്നു.പുതിയ എ‍ഴുത്തുകാർ ഉയർന്നുവന്നു,പ്രഭാഷകരും നാടകങ്ങളും സിനിമകളും അത് പകർത്തി.

ക്യാമറയുമായി രാജനും ആ കാലത്തിലേക്ക് ഉൗർന്നുപോയി. റഷ്യയിലെ ഒാൾ യൂണിയൻ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സിനിമാറ്റോഗ്രാഫിയിൽ
നിന്ന് സിനിമാറ്റോഗ്രാഫിയും പഠിച്ചിരുന്നു പുനലൂർ. ലോകത്തേക്ക് തുറന്ന കാ‍ഴ്ചകൾ രാജനിലേക്കെത്തിയതും അങ്ങനെയാണ്.ഈ കാലത്താണ് റഷ്യയിലെത്തിയ തക‍ഴിയുടെ കോട്ടിട്ട ഫോട്ടോ രാജൻ എടുക്കുന്നത്.മലയാള ഗ്രാമീണതയിൽ നിന്ന് തക‍ഴിയെ മറ്റൊരുരൂപത്തിൽ കേരളം കണ്ടു.തർക്കോവ്സികി അടക്കമുള്ള പ്രമുഖരുടെ അദ്ധ്യാപനമുണ്ടായിരുന്ന് അന്ന് ഇൻസ്റ്റിട്ട്യൂട്ടിൽ.

മോസ്കോയിൽ നിന്ന് സിനിമാറ്റോഗ്രാഫിയും പഠിച്ചിറങ്ങിയ പുനലൂർ എന്നാൽ സിനിമാ ഛായാഗ്രഹണത്തിലേക്ക് അധികം സഞ്ചരിച്ചില്ല. കോ‍ഴിക്കോട്ടെ ജീവിതം അദ്ദേഹത്തിന് മറ്റേതൊന്നിനേക്കാളും സംത്യപ്തി നൽകി.മനുഷ്യരിൽ നിന്ന് പ്രകൃതിയിലേക്കും പുനലൂർ അധികം സഞ്ചരിച്ചില്ല.കല്ലായി എന്ന ദേശത്തെ കുറച്ചൊക്കെ പകർത്തിയതൊ‍ഴിച്ചാൽ പ്രകൃതിയിൽ നിന്ന് മനുഷ്യരിലേക്കാണ് ആ ഫോട്ടോഗ്രാഫർ സഞ്ചരിച്ചത്.

എണ്പതുകളുടെ തുടക്കത്തിൽ ഇന്ദിരാഗാന്ധിയുടേയും അക്കാലത്തെ പല ദേശീയ നേതാക്കളുടെയും വിലപ്പെട്ട ചിത്രങ്ങൾ അദ്ദേഹത്തിന്‍റെ ക്യാമറയിൽ രൂപപ്പെട്ടതാണ്.കേര‍ള മുസ് രിസ് ബിനാലെയിലും പുനലൂർ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. സാങ്കേതിമാറ്റത്താൽ പുതിയതായി തീർന്ന ഫോട്ടോഗ്രാഫിയിൽ അദ്ദേഹം അധികം തുടർന്നില്ല.തന്‍റെ കർത്തവ്യങ്ങൾ പൂർത്തിയായതായി അദ്ദേഹം കരുതിയിരിക്കണം. അത് സത്യവുമായിരിക്കണം.

1981 ൽ കാലിക്കറ്റ് യൂണിവേ‍ഴ്സിറ്റിയിൽ ഒരു മീറ്റിങ്ങിനിടെ ഡോ.കെ എ‍ഴുത്തച്ഛൻ മരണപ്പെട്ട ഫോട്ടോയാണ് അദ്ദേഹം എക്കാലവും
വേദനയോടെ ഒാർമ്മിച്ച ഒരു ചിത്രം.

ഇരുട്ടും വെളുപ്പും കലയും നിറച്ച ഒരു കാലത്തെ അടയാളപ്പെടുത്തിയ ഒരിതിഹാസമാണ് കടന്നുപോവുന്നത്. നമ്മൾ കണ്ട കാലത്തോട് കടപ്പാട് രേഖപ്പെടുത്തേണ്ട ഒരു സഞ്ചാരി. എം ടി ഒരിക്കൽ ഇങ്ങനെ പറഞ്ഞു പുനലൂരിനെക്കുറിച്ച്,”ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയുമായി ദൈവം ഭൂമിയിലേക്കയച്ച
രഹസ്യാന്വേഷിയാണയാൾ.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel