വര്‍ഗീയതക്കും ജാതീയതക്കും മതരാഷ്ട്രവാദങ്ങള്‍ക്കെതിരെയും യുവാക്കള്‍ അണിനിരക്കണം; വൈവിധ്യം തകര്‍ന്നാല്‍ ഇന്ത്യയുടെ നിലനില്‍പ്പ് തകരും: പിണറായി വിജയന്‍

തിരുവനനന്തപുരം: ചാതുര്‍വര്‍ണ്യത്തിന്റെയും അന്ധവിശ്വാസത്തിന്റെയും യാഥാസ്ഥികതയുടെയും ഇരുട്ട്നിറഞ്ഞ ഭൂതകാലത്തില്‍ നിന്നും പുരോഗമനചിന്തയുടെ വെളിച്ചമുള്ള ഭാവിയിലേക്കാണ് രാജ്യം നീങ്ങേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അല്ലെങ്കില്‍ വികസനത്തിന് പകരം വിനാശമായിരിക്കും നേരിടേണ്ടിവരിക.

വര്‍ഗീയതക്കും ജാതീയതക്കും മതരാഷ്ട്രവാദങ്ങള്‍ക്കുമെതിരായ യുവജനങ്ങളെ അണിനിരത്തുക എന്ന നിര്‍ണായക ദൗത്യമാണ് ഡിവൈഎഫ്ഐയില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും പിണറായി പറഞ്ഞു. ‘മതരാഷ്ട്രം വിനാശത്തിന്, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘യൂത്ത് ഫോര്‍ ഇന്ത്യ’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതക്കും വംശീയതക്കും വിഘടനവാദത്തിനുമെതിരെ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ പൊരുതിയ ചരിത്രമുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ എന്ന് പിണറായി പറഞ്ഞു. ഖാലിസ്ഥാന്‍ വിഘടനവാദത്തിനെതിരായ പോരാട്ടത്തിനിടയില്‍ ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കള്‍പോലും രക്തസാക്ഷിത്വംവരിച്ചു. അസമിലും കശ്മീരിലുമൊക്കെ വര്‍ഗീയവാദത്തില്‍ വേരുകളുള്ള വിഘടനപ്രസ്ഥാനങ്ങള്‍ക്കെതിരെ ത്യാഗോജ്വലമായ പോരാട്ടമാണ് ഡിവൈഎഫ്ഐ നടത്തിയത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസരമ ചരിത്രത്തില്‍ ഒരുപങ്കും വഹിക്കാത്ത സംഘപരിവാറിനും അതിന്റെ രാഷ്ട്രീയരൂപമായ ബിജെപിക്കും സ്വാതന്ത്ര്യത്തിനായുള്ള ജനമുറ്റേങ്ങളുടെ ത്യാഗപൂര്‍ണമായ ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ല. അതുകൊണ്ട് കഷ്ടപ്പെട്ട് നേടിയെടുത്ത ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും പൗരാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും കയ്യൊഴിയാന്‍ അവര്‍ക്ക് മടിയുണ്ടാകുകയുമില്ല. അതിനാല്‍ ജനങ്ങളുടെ വലിയ ജാഗ്രതയാണ് ഈ സാഹചര്യത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പാര്‍ലമെന്ററി സംവിധാനത്തെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായംകൊണ്ട് പകരംവെക്കാനും നിയമസംവിധാനത്തെ ഏകസിവില്‍കോഡ് കൊണ്ട് പകരംവെക്കാനുമൊക്കെയുള്ള വാദങ്ങള്‍ ശ്രദ്ധിക്കണം. അതിന്റെയൊക്കെ പിന്നിലുള്ള പ്രേരകഘടകം വൈവിധ്യത്തിലെ ഏകത്വത്തിലൂന്നിയുള്ള ജനാധിപത്യത്തിന്റെ താല്‍പര്യങ്ങളാണോ എന്ന് പരിശോധിക്കണം. പലവിധത്തിലുള്ള ജീവിതരീതികളും ഭാഷയും മതവും സംസ്‌കാരവും ഒക്കെയുള്ള രാജ്യമാണിത്.

വൈവിധ്യം തകര്‍ന്നാല്‍ ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ തകരും. ബഹുവര്‍ണശബളമായ സാംസ്‌കാരിക വൈവിധ്യമാണ് നമുക്കുള്ളത്. അതാണ് ലോകം ഇന്ത്യയില്‍ കാണുന്ന വലിയ പ്രത്യേകത. ആ വൈവിധ്യത്തെ ഏകശിലാരൂപത്തിലുള്ള ഒരു മതം കൊണ്ടോ രാഷ്ട്രീയം കൊണ്ടോ സംസ്‌കാരം കൊണ്ടോ തകര്‍ന്ന് പോകുന്നത് ഇന്ത്യ എന്ന് വികാരമാണ്.

വിവിധ മതങ്ങളില്‍പ്പെട്ടവരും ഒരു മതത്തിലും പെടാത്തവരുമൊക്കെ കൂട്ടായി പൊരുതിയാണ് സ്വാതന്ത്ര്യം നേടിത്തന്നത്. ആ സ്വാതന്ത്ര്യസമരത്തില വ്യത്യസ്ത വിഭാഗങ്ങളുടെ പങ്കിനെ തമസ്‌കരിക്കാന്‍ ശ്രമം നടക്കുന്നു. കാര്യമായ പങ്കൊന്നുമില്ലാത്ത ഒരു പ്രത്യേക രാഷ്ട്രീയത്തിന് സ്വാതന്ത്ര്യത്തിന്റെ കുത്തകാവകാശം കല്‍പ്പിച്ച് കൊടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു.

ഇതിനനുസൃതമായ രീതിയില്‍ ചരിത്രംതന്നെ ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിക്കാന്‍ ദേശീയ ചരിത്ര ഗവേഷണ കൗണ്‍സില്‍ അടക്കമുള്ളവയെ ദുരുപയോഗിക്കുന്നു. ഇത്തരം ചരിത്രരചനകള്‍ മതരാഷ്ട്ര നിര്‍മാണത്തിനുള്ള സാംസ്‌കാരിക മൂലധനമാണെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ ഇവരുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരായ വ്യാപകമായ ജാഗ്രത മതേതരമനസുകളില്‍ ഉണര്‍ന്നുവരുന്നുണ്ട് എന്നത് ശുഭോതര്‍ക്കമാണെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷ നിലപാടുകളില്‍ നിന്ന് യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ തകൃതിയായി നടക്കുന്നുണ്ട്. യുവാക്കള്‍ക്ക് നിയമനം ലഭിക്കുന്നില്ല എന്ന് തെറ്റിധരിപ്പിക്കാനും ശ്രമംനടക്കുന്നുണ്ട്. ഇങ്ങനൊരു പ്രതീതി ഉണ്ടാക്കാന്‍ ഒരുപ്രമുഖ മാധ്യമം ഒരു പംക്തി തന്നെ തുറന്നിട്ടുണ്ട്. എന്നാല്‍, ഈ സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രില്‍ വരെയായി 1,33,132 പേര്‍ക്കാണ് പിഎസ്സി വഴി നിയമനം നല്‍കിയത്. 3668 റാങ്ക് ലിസ്റ്റുകള്‍ ഇക്കാലയളവില്‍ പിഎസ്സി പ്രസിദ്ധീകരിച്ചു.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് എല്‍ഡിഎഫ് യാഥാര്‍ത്ഥ്യമാക്കി. ഐടി രംഗത്തടക്കം പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. യുഡിഎഫ് കാലത്തെ സ്റ്റാര്‍ട്ട്അപ്പുകള്‍ 300 മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ 2200 സ്റ്റാര്‍ട്ട്അപ്പുകളാണ് നാല് വര്‍ഷം കൊണ്ട് ആരംഭിച്ചത്. ഇന്‍ക്യുബേറ്ററുകളുടെ എണ്ണം 18ല്‍ നിന്ന് 42 ആയി ഉയര്‍ത്തി. ഇത്തരം കാര്യങ്ങള്‍ തമസ്‌കരിച്ചുകൊണ്ടാണ് നിയമനമില്ല എന്ന് നിയമനം മരവിപ്പിച്ച ചരിത്രമുള്ളവര്‍ മുറവിളി കൂട്ടുന്നത്.

ഇതിന്റെ കള്ളിവെളിച്ചത്താക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണം, മുഴുവന്‍ യുവാക്കള്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയാതെവരുന്നത് രാജ്യത്ത് നടപ്പിലാക്കിപോരുന്ന വികല സാമ്പത്തിക നയങ്ങള്‍ മൂലമാണ്, ആ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തിക്കൊണ്ട് കൂടിവേണം യുവാക്കളെ ബോധവത്കരിക്കേണ്ടത്. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്ന് യുവാക്കള്‍ പ്രതിജ്ഞ ചെയ്യണമെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here