എം എസ് ധോണി, മടങ്ങുന്ന കാലം..

ചരിത്രം അങ്ങനെയാണ് അതിന്‍റെ നീതിപൂർവ്വമല്ലാത്ത കളിയിൽ എല്ലാം ആപേക്ഷികമാണ്. വിയർത്ത ജ‍ഴ്സിയുമായ് ആരവങ്ങൾക്കിടെ വിതുമ്പി, പതിവ് ഡ്രസിങ് റൂമീലേക്ക് മടങ്ങുമ്പോ‍ഴല്ലാത്ത ഹൃദയഭാരത്തോടെ, ജീവിച്ചുതീർത്ത കളികളുടെ അനേകമനേകം നിമിഷങ്ങൾ ഒാർത്തുകൊണ്ടല്ലാതെ മൈതാനത്തുനിന്ന് എന്നേക്കുമായി ആർക്ക് മടങ്ങാനാവും.

യുവരാജ് ഗംഭീർ സെവാഗ് ലക്ഷ്മണ് നമ്മെ വേദനിപ്പിച്ച മടങ്ങിപ്പോകലുകൾ. അപ്പോ‍ഴൊക്കെയും ധോണിയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. അടിമുടി രാഷ്ട്രീയം കൂടി കളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റിലെന്നാൽ വാ‍ഴുന്നതും വീ‍ഴുന്നതും അതിന്‍റെ വികാരത്തിന്‍റെയോ പ്രതിഭയുടെയോ പേരിൽ മാത്രമായിരുന്നില്ല എന്നത് കൊണ്ട് നമ്മുക്കാശ്വസിക്കാം. ഏതൊരു ഇന്ത്യൻ ക്രിക്കറ്റ് സ്നേഹിയേയും പോലെ നമുക്ക് ഈ വിടവാങ്ങലിലും വേദനിക്കാം.

എല്ലാത്തിനുമപ്പുറം ധോണി ആരായിരുന്നു. ചുരുക്കത്തിൽ ഇങ്ങനെ പറയാമെന്ന് തോന്നുന്നു. ഗാംഗുലി,സച്ചിൻ,ദ്രാവിഡ്,ലക്ഷമണ്
ഈ നിരയില്ലെങ്കിൽ ശൂന്യമാണ് ടീമിന്‍റെ ഭാവിയെന്ന കാലഗണനയിൽ അതിനെ തോളിലേറ്റിയ ഒരാൾ. ഒരു കളിപോലും ആത്മവിശ്വാസത്തിന്‍റെ കരുത്തിൽ കാണാനിരിക്കാനാവാത്ത പകൽ രാത്രികളിൽ, 20-20 ക്രിക്കറ്റിന്‍റെ പൂര കാ‍ഴ്ചകൾ പിറക്കുന്നതിന് മുൻപേ, ഒാരോ ബോളിനും സമാന്തരമായല്ലാതെ സ്കോർ ബോർഡിലെ അക്ഷരങ്ങൾ നീങ്ങിയാലും വരാനിരിക്കുന്ന ഒരു നീളൻ മുടിക്കാരൻ വിക്കറ്റ് കീപ്പറിൽ നാം വിശ്വസിച്ച കാലത്തിന്‍റെ പേരുകൂടിയാണ് എം എസ് ധോണി. രണ്ടായിരത്തിപത്തിന്‍റെ ആദ്യവർഷങ്ങളിൽ സിബി സീരിസ് ഉൾപ്പെടെ അയാൾക്ക് കീ‍ഴിലെ മാറിയ ടീമിനെ നമ്മൾ കണ്ടു.

അയാൾ വളർത്തിയ ഇടിമിന്നലുകളായ് രോഹിതും അശ്വിനുമെല്ലാം പൊസിഷനുകൾ മാറി വന്നു.കോഹിലിക്ക് പിന്നിലും അയാൾ ചലിച്ചിട്ടുണ്ട്. 2011 ൽ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ മോശം പ്രകടനം കോഹ്ലിലെ തളർത്തിയപ്പോൾ 2012 ൽ ഒാസ്ട്രേലിയൻ പര്യടനത്തിൽ തിരികെ വിളിച്ചത് ധോണിയായിരുന്നു. കോഹ്ലിയിലെ വിശ്വാസമായിരുന്നു അത്.കളിക്കാരനെ മനസ്സിലാക്കാൻ ധോണിയോളം ഒരു ക്യാപ്റ്റനെ ഇനി സങ്കൽപ്പിക്കവയ്യ. ഒടുവിൽ കോഹ്ലിക്കായി നായകസ്ഥാനവും അയാൾ വിട്ടുനൽകി.

ചാരുത ചാലിച്ച ഷോട്ടുകളിലും, വളർത്തിയ സാസ്കാരിക വൃത്തങ്ങളിലും പഠിച്ചെ‍ഴുതേണ്ട കാവ്യം പോലെ കളിക്കേണ്ട ഇന്ത്യൻ ക്രിക്കറ്റിലേക്ക് അയാളുയർത്തിയ ബാറ്റ് നാം അന്നുവരെ കണ്ടുകാണില്ല. പോരാളികളാണ് കളിക്കേണ്ടതെന്ന പുതുകളി രീതിയിൽ നാം അമ്പരപ്പെട്ടു.അതിർത്തി ക‍ഴിഞ്ഞും സഞ്ചരിക്കുന്ന നെടുനീളൻ ഷോട്ടുകളോ വിക്കറ്റിന് പിന്നിലെ അവിശ്വസനീയ ചാട്ടങ്ങളോ കൃത്യതയാർന്ന കീപ്പർത്രോകളോ നാം മുൻപ് കണ്ടുകാണില്ല.

കമന്‍ററിക്കിടയിലൂടെ അയാളുടെ പതിഞ്ഞ ശബദം ആത്മവിശ്വാസം കൊള്ളുകയും അത് കളിക്കാർക്കിടയിലേക്കോ കാണികളിലേക്കോ
പകരുകയും ചെയ്തു. പറയാനൊരാളില്ലാതിരുന്ന തുറന്നിട്ട വിക്കറ്റ് ബാക്കിൽ ഒരു പേരേ ഇന്ത്യൻ ക്രിക്കറ്റിൽ ഇനിയുമുണ്ടാകാനിടയുള്ളൂ.. ആ പേരുകാരൻ കൂടിയാണ് ധോണി.

നിശബ്ദനായി നിരീക്ഷിക്കുന്ന തന്ത്രശാലിയായ ഒരു പരീശീലകനെ മൈതാനത്ത് കളിക്കാരനായി കിട്ടുകയെന്നതാണ് ഒരു പക്ഷേ
പോരാട്ടവീര്യം ഉള്ളിലുറങ്ങുന്ന ഏതൊരുടീമിന്‍റേയും ഭാഗ്യം. അയാളുടെ മൗനം പോലും നമുക്ക് പ്രതീക്ഷ നൽകി.
ആദ്യ മാച്ചിൽ റണ്സടിച്ചു കൂട്ടി മാധ്യമങ്ങളിൽ വീരപരിവേഷമണിഞ്ഞ് തുടർമാച്ചുകളിലേക്ക് എൻട്രൻസ് നേടിയിട്ടില്ല
ആ മനുഷ്യൻ.

ബംഗ്ലാദേശിനെതിരെ മോശം തുടക്കത്തിലൂടെ ഇന്ത്യൻ കരിയറിന്‍റെ അനിശ്ചിതത്വത്തിലൂടെ കടന്നുപോയൊരാൾ.
ആ റണ് ഒൗട്ടിന് ശേഷം പിന്നീടെപ്പെ‍ഴെങ്കിലും അപൂർവ്വമായല്ലാതെ അയാൾ വിക്കറ്റുകൾക്കിടയിൽ ഇടറിയിട്ടുണ്ടോ.
എല്ലാ പോരാളികളുടേയും ഒടുവിലത്തെ പരാജയമെന്ന പോലെ അവസാന മാച്ചിലല്ലാതെ.

വരാനിരിക്കുന്ന കളികളുടെ തിരക്കഥ എ‍ഴുതുന്നതേയുണ്ടായിരുന്നുള്ളൂ അയാൾ. വിശാഖപട്ടണത്ത് പാകിസ്ഥാനെതിരെ
നടന്ന ഏകദിനത്തിൽ നേടിയ സെഞ്ച്വറിയോടെ അത് തുടങ്ങുകയും ചെയ്തു. പിന്നീടങ്ങോട്ട് ക്യാപ്റ്റൻസി വരെയും പിന്നെയും വിജയങ്ങളിലേക്ക് പറക്കുന്നതായിരുന്നു ധോണിയുടെ കരിയർ.

ചടുലമായ വേഗങ്ങളും കളിക്കളത്തിലെ ഉൗർജ്ജവും അയാളെ പിൻപറ്റി കഥകളായി, മിത്തുകളായി വളർന്നു. ജാർഗണ്ഡിലെ ഒരു സാധാരണ ബസ് ഡ്രൈവറുടെ മകന് രാഷ്ട്രീയം പിടിമുറുക്കിയ ദേശീയ ടീമിലേക്കുള്ള ഒരു കാൽവെപ്പ് പോലും അസാധ്യമായിരുന്നിടത്തുനിന്നാണ് ലോബികളുടെ സിംഹാസനങ്ങളിലൂടെയല്ലാതെ ആയാൾ ഇന്ത്യൻ ടീമിന്‍റെ ജ‍ഴ്സിയണിഞ്ഞത്.

പോരായ്മകളോ കുറ്റപ്പെടുത്തലുകൾക്കോ ധോണി തളരാതിരുന്നത് ആ കരുത്തുകൊണ്ട് കൂടിയാണ്. ഹേറ്റർ ഗ്രൂപ്പുകളേയും കമന്‍റുകളേയും അയാൾ നേരിട്ട കരുത്തും അത് തന്നെ.

രാഷ്ട്രീയത്തേയും കളിയേയും മനസ്സിലാക്കിയുള്ള വളർച്ചയിൽ റാഞ്ചിയിൽ നിന്നുള്ള ധോണിക്ക് അധിക പരീക്ഷണങ്ങൾ നേരിടേണ്ടിവന്നില്ലെങ്കിലും ആ വമ്പൻ കച്ചവടത്തിന്‍റെ മൈതാനത്തുനിന്ന് പ്രായം ചെന്ന അയാൾ മെല്ലെ മാഞ്ഞുകൊണ്ടിരുന്നു. ധോണിയില്ലെങ്കിലും അയാൾ കൂടി വളർത്തിയ ടീം മികച്ച ടീം തന്നെയായി. ഒന്നിലധികം പേരെ ആ പൊസിഷനിൽ നിറക്കാൻ ക്രിക്കറ്റ് ബോർഡിനാവുകയും ചെയ്യും. എന്നാൽ മറ്റൊരു ധോണി ഒരിക്കലുമുണ്ടാവില്ല എന്നുറപ്പ്. ഒരു പക്ഷേ ആ മൂന്ന് അത്യുഗ്ര‍ൻ ട്രേഫികളുടെ ചരിത്രവും.

ഈ വമ്പൻ രാഷ്ട്രത്തിന്‍റെ വൈകാരിക ദുർബലതയായ ഒരു കളിയുടെ നീതിശാസ്ത്രത്തിൽ എത്ര വമ്പൻമാർ ഇങ്ങനെ മടങ്ങേണ്ടി വന്നിട്ടുണ്ട്. ധോണിയെത്തന്നെ കണ്ടെടുത്ത ഗാംഗുലിയുടേയും പിന്നെ ദ്രാവിഡിന്‍റേയുമുൾപ്പെടെ.

കളിക്കളത്തിൽ ബ്രയിൻകൊണ്ട് കൂടി കളിച്ച, ഇന്ത്യൻ ക്രിക്കറ്റിനെ വീ‍ഴാത്തൊരിടത്ത് സ്ഥാപിച്ച അതുല്യ പ്രതിഭയാണ് മൈതാനത്ത് നിന്ന് വിടപറയുന്നത്. പറമ്പിലും പാടത്തും നിങ്ങളെയനുകരിച്ച് ജീവിച്ച, നിങ്ങളാവാൻ ആഗ്രഹിച്ച ഒരു തലമുറ വളർന്നുപോകെ നിങ്ങൾ മടങ്ങുന്നു എന്ന് കേൾക്കുമ്പോൾ വല്ലാതെ വേദനിക്കുന്നത്, ആ കാലം കൂടി കടന്നുപോവുന്നല്ലോ എന്ന തിരിച്ചറിവ് കൊണ്ടുകൂടിയായിരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News