മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. തുടർച്ചയായ പത്താം ദിവസമാണ് തെരച്ചിൽ പുരോഗമിക്കുന്നത്. തെരച്ചിലിനായി അത്യാധുനിക സാങ്കേതിക വിദ്യയും ഡോഗ് സ്ക്വാഡിൻ്റെ സേവനവും ഉപയോഗിക്കും. ആദിവാസികളുടെ അടക്കം പ്രദേശവാസികളെ ഉൾപ്പെടുത്തിയാകും വരും ദിവസങ്ങളിൽ തെരച്ചിൽ നടത്തുക.
പെട്ടിമുടിയിൽ അനുകൂല കാലാവസ്ഥ ലഭിച്ചിട്ടും കാണാതായവരെ കണ്ടെത്താൻ കഴിയാത്തതോടെയാണ് തെരച്ചിലിനായി അത്യാധുനിക സാങ്കേതിക സഹായം തേടാൻ തീരുമാനിച്ചത്.
മണ്ണിനടിയിൽ മനുഷ്യ സാന്നിധ്യം ഉണ്ടെങ്കിൽ കണ്ടെത്താൻ കഴിയുന്ന സാങ്കേതിക ഉപകരണം ചെന്നൈയിൽ നിന്നും ത്യശൂരിൽ നിന്നും എത്തിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ചെന്നൈയിൽ നിന്നുമുള്ള സാങ്കേതിക വിദ്യ ചൊവാഴ്ചയോടെ എത്തിക്കും.
മൂന്നാറില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്ത പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം. ഡോഗ് സ്ക്വാഡിൻ്റെ സഹായം വീണ്ടും തേടും. ദുരന്ത സ്ഥലത്തിന് സമീപമുള്ള പുഴയോരം കേന്ദ്രീകരിച്ചുള്ള തിരച്ചിലാണ് ഇപ്പോള്‍ നടന്നു വരുന്നത്.
പുഴയുടെ ആഴവും പുഴയെ അടുത്തറിയാവുന്നവരെയും ഉള്‍പ്പെടുത്തിയാകും ഇനി മുമ്പോട്ടുള്ള തിരച്ചില്‍. ഇതിനായി ഇടമലക്കുടിയില്‍ നിന്നടക്കമുള്ള ആദിവാസി യുവാക്കളുടെ സഹായം തേടാനും തീരുമാനിച്ചു.ദുരന്തബാധിതരായ ആളുകള്‍ക്ക് അര്‍ഹമായ ധനസഹായം വേഗത്തില്‍ ലഭ്യമാക്കുവാന്‍ ആവശ്യമായ ഇടപെടല്‍ നടത്താനും യോഗത്തില്‍ ധാരണയായി.
ശനിയാഴ്ച നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായിട്ടില്ല. ഇതു വരെ 56 പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇനിയും 14 പേരെ കൂടി കണ്ടെത്താനുണ്ട്. കാണാതായവരെയെല്ലാം കണ്ടെത്തും വരെ തിരച്ചില്‍ തുടരാനാണ് തീരുമാനം.

Get real time update about this post categories directly on your device, subscribe now.