വിദേശത്ത് നിന്ന് മുംബൈയിലെത്തുന്നവർക്ക് സമ്പർക്ക വിലക്കിൽ ഇളവ്

വിദേശത്ത് നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അത്യാവശ്യ യാത്രക്കാർക്ക് സമ്പർക്കവിലക്ക് നിയമങ്ങളിൽ ഇളവ് നൽകുവാനുള്ള പുതിയ തീരുമാനവുമായി വ്യോമയാന മന്ത്രാലയവും മഹാരാഷ്ട്രാ സർക്കാരും. ഗർഭിണികൾ, മരണാവശ്യത്തിനായി വരുന്നവർ, കടുത്ത രോഗാവസ്ഥയുള്ളവർ എന്നിവർക്കെല്ലാം വലിയ ആശ്വാസമായിരിക്കും ഈ നടപടി.

മലയാളികളടക്കം നിരവധി പേരാണ് മുംബൈ വിമാനത്താവളത്തിലെ ക്വാറന്റൈൻ നിബന്ധനകൾ മൂലം വലഞ്ഞിട്ടുള്ളത്. ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് രോഗബാധയില്ലാത്ത ഗർഭിണികളടക്കമുള്ള യാത്രക്കാർ വലിയ ക്ലേശങ്ങളിലൂടെയാണ് കടന്നു പോയിട്ടുള്ളത്.

വിമാനത്താവളത്തിലെ നടപടികൾ വേഗത്തിലാക്കുകയും യാത്രക്കാരുടെ അനാവശ്യമായ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുകയുമാണ് പുതിയ തീരുമാനം ലക്‌ഷ്യം വയ്ക്കുന്നത്. 4 ദിവസത്തിനുള്ളിൽ കോവിഡിനുള്ള ആർ.ടി – പി.സി.ആർ. ടെസ്റ്റ് നടത്തിയതിന്റെ നെഗറ്റീവ് പരിശോധനാഫലം യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണം.

യാത്ര തുടങ്ങുന്നതിന് 3 ദിവസം മുമ്പെങ്കിലും ഓൺലൈൻ വഴി സത്യവാങ്മൂലം നൽകിയിരിക്കണം. ഇവർക്ക് മാത്രമായിരിക്കും ഇളവ് നൽകുക.

നിലവിൽ വിദേശത്ത് നിന്ന് വരുന്നവർക്ക് ഏഴുദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനും ഏഴുദിവസം വീട്ടിൽ സമ്പർക്കവിലക്കുമാണ് പാലിക്കേണ്ടത്. ഇതിൽ മുംബൈയിൽത്തന്നെ കഴിയേണ്ട ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ആണ് മേൽപ്പറഞ്ഞ യാത്രക്കാർക്ക് ഇളവായി അനുവദിക്കുക.

ഇവർക്ക് 14 ദിവസം വീട്ടിൽ സമ്പർക്കവിലക്കുമാത്രം മതിയാവും. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പോകുന്നതിനായി പലരും നഗരത്തിലെ ഹോട്ടലുകളെയായിരുന്നു ആശ്രയിച്ചിരുന്നത്.

ഗർഭിണികൾ, മരണാവശ്യത്തിനായി വരുന്നവർ, കടുത്ത രോഗാവസ്ഥയുള്ളവർ, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ കൂടെയുള്ളവർ എന്നിവരാണ് അത്യാവശ്യ യാത്രക്കാരുടെ വിഭാഗത്തിൽ പെടുന്നത്. ഇത്തരം യാത്രക്കാർക്ക് പുറത്ത് കടക്കാനായി വിമാനത്താവളത്തിൽ ഗ്രീൻ ചാനലും തയ്യാറാക്കിയിട്ടുണ്ട്.

രാജ്യത്തിനകത്തുനിന്നുള്ള യാത്രക്കാർക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈനാണ് നിർദേശിച്ചിട്ടുള്ളത്. ഏഴ് ദിവസത്തിനുള്ളിൽ അവർ നഗരം വിടുമെങ്കിൽ രേഖ ഹജരാക്കിയാൽ ഇളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News