മുന്‍ ക്രിക്കറ്റ് താരവും യുപി മന്ത്രിയുമായ ചേതന്‍ ചൗഹാന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയില്‍വച്ച് ഹൃദയ സ്തംഭനമുണ്ടായതാണ് മരണ കാരണം.

ഗുരുഗ്രാമിലെ ആശുപത്രിയില്‍ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതും നില വഷളാക്കി. ഇതിനു പിന്നാലെയാണ് ഞായറാഴ്ച ഹൃദയ സ്തംഭനം സംഭവിച്ചത്.

ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ സൈനിക ക്ഷേമം, ഹോം ഗാര്‍ഡ്‌സ്, പിആര്‍ഡി, സിവില്‍ സെക്യൂരിറ്റി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ചൗഹാന്‍. ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. കഴിഞ്ഞ മാസമാണ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചത്.

1969 മുതല്‍ 1978 വരെ നീളുന്ന രാജ്യാന്തര കരിയറില്‍ ഇന്ത്യയ്ക്കായി 40 ടെസ്റ്റും ഏഴ് ഏകദിനങ്ങളും കളിച്ച താരമാണ് മുന്‍ ലോക്‌സഭാംഗം കൂടിയായ ചൗഹാന്‍. 40 ടെസ്റ്റുകളില്‍നിന്ന് 31.57 ശരാശരിയില്‍ 2084 റണ്‍സ് നേടി. 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏഴ് ഏകദിനങ്ങളില്‍നിന്ന് 153 റണ്‍സുമെടുത്തു.

സുനില്‍ ഗാവസ്‌കറും ചേതന്‍ ചൗഹാനുമൊത്തുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഒരുകാലത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നട്ടെല്ലായിരുന്നു. 10 സെഞ്ചുറി കൂട്ടുകെട്ടുകള്‍ സഹിതം 3000ല്‍ അധികം റണ്‍സാണ് ഇവരുടെ കൂട്ടുകെട്ട് നേടിയിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കായും മഹാരാഷ്ട്രയ്ക്കായും കളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News