കൈവിടരുത്‌ കാർഷികപൈതൃകം – വി എസ്‌ സുനിൽകുമാർ എഴുതുന്നു

കേരളം പുതുവർഷമായി ആചരിച്ചുപോരുന്ന സുദിനമാണ് ചിങ്ങം ഒന്ന്. കർഷകരെ ആദരിക്കുന്ന ദിവസം. കൃഷിയെന്നത് നമുക്ക് ജീവശ്വാസംപോലെ പ്രധാനപ്പെട്ടതാണ്. കൃഷിയുടെ പ്രാധാന്യമാണ് ‘കൃഷിഗീത’ വിളിച്ചോതുന്നത്.

‘കൃഷിചെയ്തു കഴിയാത്തവർക്കൊരു വഴിയില്ല പിഴപ്പിനു ഭൂതലേ, ദാരിദ്ര്യങ്ങൾ കളയേണമെങ്കിലോ നേരത്ത് കൃഷി ചെയ്യേണമേവരും’ എന്നാണ് പതിനാറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടുവെന്ന് കരുതുന്ന കൃഷിഗീത ആഹ്വാനം ചെയ്യുന്നത്.

ഈ സർക്കാർ അധികാരമേറ്റതിനുശേഷം കാർഷികമേഖലയുടെ വളർച്ചയ്ക്ക് ആക്കംകൂട്ടുന്ന തരത്തിലുള്ള നിരവധി പദ്ധതികൾ നടപ്പാക്കി. 2016ലെ വരൾച്ചയും 2017ലെ ഓഖി ചുഴലിക്കാറ്റും 2018ലെ മഹാപ്രളയവും 2019ലെ വെള്ളപ്പൊക്കവും കാലവർഷക്കെടുതികളും ബാധിച്ചത് കാർഷിക മേഖലയെയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽമാത്രം 900 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് പ്രാഥമിക കണക്കുകൾ.

2018ലെ മഹാപ്രളയത്തിനുശേഷം പുനർജനി എന്ന കാർഷിക വികസനപദ്ധതി നടപ്പാക്കിവരുന്നതിനിടെയാണ് വീണ്ടും പ്രളയമുണ്ടായത്. മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും കഴിഞ്ഞ കുറച്ചുവർഷങ്ങളായി കാർഷിക സമ്പദ്‌വ്യവസ്ഥയെ തകർത്തുകൊണ്ടിരിക്കുകയാണ്. വീണ്ടും നടുനിവർത്താൻ തുടങ്ങിയപ്പോഴാണ് കോവിഡ് പ്രതിസന്ധിയും അതിവർഷവും.

ഈ ദുരിതങ്ങൾക്കെല്ലാം നടുവിലാണ് ഇക്കുറി കർഷകദിനം ആഘോഷിക്കുന്നത്. കോവിഡ്–-19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ആഘോഷം. സംസ്ഥാന കർഷക അവാർഡ് ദാനം മറ്റൊരു അവസരത്തിലേക്ക്‌ മാറ്റിയിരിക്കുകയാണ്.

പ്രതിസന്ധികൾക്കിടയിലും കൃഷി മുന്നോട്ടുകൊണ്ടുപോകുകയല്ലാതെ മറ്റൊരു മാർഗവും നമുക്കുമുന്നിൽ ഇല്ല. അത് കേവലം ഭക്ഷണമുണ്ടാക്കുന്നതിനു മാത്രമല്ല, മാനസികമായും ശാരീരികമായും സാമൂഹ്യമായും സാമ്പത്തികമായും വ്യക്തിക്ക് സ്വയം നവീകരിക്കാനുള്ള അവസരം കൂടിയാണ്.

ഏതെങ്കിലും ഒരുദിവസംമാത്രം ആദരിക്കപ്പെടേണ്ടവരല്ല കർഷകർ, വർഷം മുഴുവൻ നിരന്തരം പ്രകൃതിയോട് മല്ലിടുന്ന കർഷകർ എല്ലാദിവസവും ആദരിക്കപ്പെടേണ്ടവരാണ്.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെ ഉദ്‌ഘാടനവും കർഷകർക്കായുള്ള മൊബൈൽ ആപ്പിന്റെയും വെബ് പോർട്ടലിന്റെയും തുടക്കം കുറിക്കലും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്‌ നിർവഹിക്കും. ഗ്രാമീണമേഖലയിൽ ഒരു സുപ്രധാനകണ്ണിയായി ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കും.

ഇതിനകംതന്നെ പഞ്ചായത്ത് കൃഷിഭവനുകളിൽ കൃഷിപാഠശാലകൾ സ്ഥാപിച്ചു. സംസ്ഥാനകൃഷി ഡയറക്ടറേറ്റ്, കാർഷിക സർവകലാശാല, ജില്ലാ കൃഷി വിജ്ഞാന കേന്ദ്രങ്ങളും ബ്ലോക്ക്തല കേന്ദ്രങ്ങൾ, പഞ്ചായത്തുകളിൽ കൃഷിഭവനുകളും കൃഷി പാഠശാലകളും വാർഡ് തലത്തിൽ കർഷകസഭകൾ എന്നിവ വരുന്നതോടുകൂടി മേൽത്തട്ടുമുതൽ താഴെതട്ടുവരെയുള്ള ശൃംഖലാബന്ധിതമായ സ്ഥിരം സംവിധാനം നിലവിലുള്ള ഇന്ത്യയിലെതന്നെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.

നമ്മുടെ സംസ്ഥാനം കർഷകരുടെ ക്ഷേമത്തിനും സുസ്ഥിരതയ്ക്കുമായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നുണ്ട്. കോവിഡാനന്തര ഭക്ഷ്യസുരക്ഷയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിനായി പ്രഖ്യാപിച്ച സുഭിക്ഷകേരളം പദ്ധതി ജനങ്ങൾ ഏറ്റെടുത്തു.

കാർഷിക സമ്പന്നമായ ഒരു ഭൂതകാലത്തിന്റെ ഉടമകളാണ് നാം. ആ പാരമ്പര്യത്തെയും പൈതൃകങ്ങളെയും തിരികെ പിടിക്കുന്നതിനുള്ള നടപടികളാണ് നടത്തിവരുന്നത്. നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന എല്ലാ കർഷകരെയും ഈ കർഷകദിനത്തിൽ ആദരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News