മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു; പൊലീസ് നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഓര്‍ത്തഡോക്സ് യാക്കൊബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പള്ളിക്കകത്ത് പ്രതിഷേധവുമായി നിലയുറപ്പിച്ചിരുന്ന യാക്കോബായ വിഭാഗത്തെ അറസ്റ്റ് ചെയ്ത് നീക്കിയാണ് പള്ളി ഏറ്റെടുത്തത്.കോടതി നിര്‍ദേശ പ്രകാരം പള്ളിയുടെ താക്കോല്‍ പിന്നീട് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറും.

പുലര്‍ച്ചെ 5 മണിയോടെയാണ് പള്ളി ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ തുടങ്ങിയത്.ഗേറ്റ് പൂട്ടി പള്ളിക്കകത്ത് തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗത്തോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ബിഷപ്പുമാര്‍ അടക്കമുള്ള വിശ്വാസികള്‍ അതിനു തയ്യാറായില്ല.

ഹൈക്കോടതി ഉത്തരവ് പ്രകാരം പള്ളി ഏറ്റെടുക്കേണ്ട സാഹചര്യമാണെന്നും അതുമായി സഹകരിക്കണമെന്നും പോലീസ് ഉച്ചഭാഷിണിയിലൂടെ അറിയിച്ചെങ്കിലും അതനുസരിക്കാനും യാക്കോബായ വിഭാഗം തയ്യാറായില്ല. ഒടുവില്‍ പൂട്ട് തകര്‍ത്ത് പോലീസിന് അകത്ത് കയറേണ്ടി വന്നു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പി പി ഇ കിറ്റ് ധരിച്ച് പള്ളിക്കകത്ത് കയറിയ പോലീസ് ഓരോരുത്തരെയായി അറസ്റ്റ് ചെയ്ത് നീക്കി പള്ളി ഏറ്റെടുക്കുകയായിരുന്നു.നിലവില്‍ സബ്ബ്കളക്ടറുടെ കൈവശമുള്ള താക്കോല്‍ കോടതി നിര്‍ദേശ പ്രകാരം പിന്നീട് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറും.

സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പള്ളിയില്‍ ആരാധന നടത്താന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു.കോവിഡ് കാലമായതിനാല്‍ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ മൂന്ന് മാസത്തെ സാവകാശം തേടി.

എന്നാല്‍ പള്ളി 17ന് മുമ്പ് ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.ഇതെത്തുടര്‍ന്ന് യാക്കോബായ സഭയിലെ മുതിര്‍ന്ന മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ക‍ഴിഞ്ഞ രണ്ട് ദിവസമായി പള്ളിക്കകത്ത് പ്രാര്‍ത്ഥനാ യജ്ഞം നടത്തിവരികയായിരുന്നു.ഇതിനിടെയാണ് കോടതി ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തത്.

അതേസമയം ഉത്തരവ് നടപ്പാക്കിയതായി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News