മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനത്തിനെതിരെ ഗുരുതരമായ ആരോപണം. ഡല്‍ഹിയില്‍ വച്ച് കൊവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന വിവരം കണ്ണന്താനം മറച്ചുവച്ചാണ് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതെന്നാണ് ആരോപണം.
അമ്മ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയില്‍ കണ്ണന്താനം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.
അതേസമയം, മരണത്തിന് മുൻപ് അമ്മയുടെ കൊവിഡ് പരിശോധന ഫലം കൊവിഡ് നെഗറ്റീവ് ആയിരുന്നുവെന്നും തന്റെ കൈയിൽ അതിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
കണ്ണന്താനത്തോടൊപ്പം ഡൽഹിയിൽ താമസിച്ചിരുന്ന അമ്മ ബ്രിജിത് ജൂൺ 10നാണ് അന്തരിച്ചത്. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മേയ് 29 മുതല്‍ ചികിത്സയിലായിരുന്നു.
ജൂണ്‍ അഞ്ചിനു നടത്തിയ പരിശോധനയില്‍ ബ്രിജിത്തിനു കൊവിഡ് നെഗറ്റീവാണെന്നു സ്ഥിരീകരിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അമ്മയ്ക്ക് കൊവിഡ് ഉണ്ടെന്നാണ് കണ്ണന്താനം വീഡിയോയിൽ വെളിപ്പെടുത്തിയത്.

Get real time update about this post categories directly on your device, subscribe now.