ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസ് എ പി ഷാ. ജനാധിപത്യ രാഷ്‌ട്രങ്ങൾ എങ്ങനെ മരിക്കുന്നു എന്ന് പണ്ഡിതർ ചൂണ്ടിക്കാട്ടിയ വഴിയിലാണ് നാം സഞ്ചരിക്കുന്നത്. അസാധാരണ കോവിഡ് സാഹചര്യം എതിർപ്പുകളെ അടിച്ചമർത്തി അധികാരം കേന്ദ്രീകരിക്കുന്നതിന് ഗതിവേഗം കൂട്ടി.
കേന്ദ്ര എക്‌സിക്യൂട്ടീവ് പരമാധികാരികളാവുകയും ചോദ്യങ്ങൾ ഉന്നയിക്കേണ്ട ഇതര സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്‌തു. വിവിധ സാമൂഹ്യസംഘടനകളുടെ നേതൃത്വത്തിലുള്ള ജനതാ പാർലമെന്റ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഷാ.
ഇന്ത്യൻ പാർലമെന്റ് മാർച്ച് മുതൽ ഒരു പ്രേതനഗരമായി അവശേഷിക്കുന്നു. ബ്രിട്ടൻ മുതൽ മാലദ്വീപ് വരെയുള്ള രാജ്യങ്ങളിലെ പാർലമെന്റുകൾ ബദൽ സംവിധാനങ്ങളിലൂടെ സമ്മേളിച്ചു. അയൽ രാജ്യങ്ങളുമായുള്ള യുദ്ധകാലത്തും പാർലമെന്റിനുനേരെ ഭീകരാക്രമണമുണ്ടായ അടുത്ത ദിവസവും സമ്മേളനങ്ങൾ വിളിച്ചുചേർത്ത പാരമ്പര്യമാണ് നമുക്കുള്ളത്.
കോളനി വാഴ്‌ചക്കാലത്ത് എക്‌സിക്യൂട്ടീവിന്റെ ഏകാധിപത്യഭരണം വെളിപ്പെട്ടതാണ്. ജനങ്ങളുടെ അവകാശ സംരക്ഷണത്തിന് ലെജിസ്ലേച്ചറിനാണ് ഭരണഘടനാ അസംബ്ലി കൂടുതൽ പവിത്രത കൽപ്പിച്ചത്. എന്നാൽ, 2014നുശേഷം എല്ലാ സംവിധാനങ്ങളും ആസൂത്രിതമായി തകർക്കുകയാണ്. പ്രതീക്ഷ അർപ്പിക്കാവുന്ന ജുഡീഷ്യറിയുടെ പല ഇടപെടലും നിരാശാജനകമാണ്.
കശ്‌മീർ പ്രത്യേക പദവി റദ്ദാക്കൽ, പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത, ഇലക്‌ട്രൽ ബോണ്ട്, പ്രതിഷേധങ്ങളെ യുഎപിഎ അടക്കമുള്ള കരിനിയമങ്ങൾ ചുമത്തി അടിച്ചമർത്തുന്നത് തുടങ്ങിയ സുപ്രധാനവിഷയങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്.
പലതും അവഗണിക്കുകയോ, ദുരൂഹമായി നീട്ടിക്കൊണ്ടുപോവകുയോ ചെയ്യുകയാണുണ്ടായതെന്നും ഷാ പറഞ്ഞു. ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ആദ്യ സമ്മേളനം സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്‌തു. എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കാൻ പൊതുമേഖലാ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.