ഡ്രീം ഇലവന്‍ ഐപിഎല്ലിന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍; സാമ്പത്തിക നഷ്ടം നികത്താനാവില്ല; കരാര്‍ തുക ‘വിവോ’യുടെ പകുതി മാത്രം

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം ഫാന്റസി ഗെയിമിങ് സ്റ്റാർട്ടപ്പായ ഡ്രീം ഇലവൻ (Dream11) സ്വന്തമാക്കി. 222 കോടി രൂപയ്ക്കാണ് ഈ വർഷത്തെ കരാർ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

നിലവിൽ ഐപിഎല്ലിന്റെ സഹ സ്പോൺസറാണ് ഡ്രീം ഇലവന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ യുഎഇയിലാണ് ഐപിഎൽ അരങ്ങേറുക. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ നടക്കുന്ന ഐപിഎല്ലിനായി യുഎഇയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് ടീമുകൾ.

ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളായ മലയാളി സംരംഭകൻ ബൈജൂ രവീന്ദ്രന്റെ ‘ബൈജൂസ് ആപ്പ്’, അൺഅക്കാദമി തുടങ്ങിയവർ ഉയർത്തിയ വെല്ലുവിളികളെ മറികടന്നാണ് ഡ്രീം ഇലവൻ ഇക്കുറി ഐപിഎൽ ടൈറ്റിൽ സ്പോൺസർമാരായത്. ബൈജൂസ് ആപ്പ് 201 കോടി രൂപയും അൺഅക്കാദമി 170 കോടി രൂപയുമാണ് മുന്നോട്ടുവച്ചതെന്നാണ് വിവരം.

സ്പോൺസർഷിപ് സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്ന ടാറ്റ സൺസ് അവസാന ഘട്ടത്തിൽ പിൻമാറി. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഡ്രീം ഇലവൻ സ്പോൺസർഷിപ്പ് സ്വന്തമാക്കിയ വിവരം റിപ്പോർട്ട് ചെയ്തത്.

മൂന്നു വർഷത്തേക്കാണ് ഡ്രീം ഇലവൻ സ്പോണ്‍സർഷിപ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, രാഷ്ട്രീയ കാരണങ്ങളാൽ കരാറിൽനിന്ന് പിൻമറിയ ചൈനീസ് മൊബൈൽ കമ്പനിയായ വിവോ അടുത്ത വർഷം തിരിച്ചെത്തിയാൽ ഡ്രീം ഇലവൻ അവർക്കായി വഴിമാറേണ്ടി വരും. വിവോ മടങ്ങിവരുന്നില്ലെങ്കിൽ 240 കോടി രൂപ വീതമാണ് അടുത്ത രണ്ട് വർഷത്തേക്ക് ഡ്രീം ഇലവൻ ബിസിസിഐയ്ക്ക് നൽകുകയെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.

ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവോ ഈ വർഷത്തെ സ്പോൺസർഷിപ്പിൽനിന്ന് പിന്മാറിയതോടെയാണ് ബിസിസിഐയ്ക്ക് പുതിയ സ്പോൺസറെ തേടേണ്ടി വന്നത്. വിവോ സ്പോൺസർമാരായി തുടരുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ പ്രതിഷേധം ഉടലെടുത്തിരുന്നു. തുടർന്നാണ് ഈ വർഷത്തെ ഐപിഎല്ലിൽനിന്ന് അവർ പിൻമാറിയത്.

അതേസമയം, പുതിയ സ്പോൺസറെ കണ്ടെത്തിയെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിസിസിഐയ്ക്ക് വിവോയുടെ പിന്മാറ്റം സൃഷ്ടിച്ച സാമ്പത്തിക നഷ്ടം നികത്താനാകില്ല. പ്രതിവർഷം 440 കോടി രൂപയുടേതായിരുന്നു വിവോയുമായുള്ള കരാർ! ഇതിന്റെ പകുതിയോളം തുകയ്ക്കാണ് ഡ്രീം ഇലവൻ അവകാശം സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News