തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: മോഡിക്കും അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ വിസമ്മതിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവച്ചു

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് പരാതിയിൽ നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകാൻ വിസമ്മതിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലാവാസ രാജി വച്ചു.

ഫിലിപ്പീയൻസ് ആസ്ഥാനമായ ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് വൈസ് പ്രസിഡന്റായി ചുമതല ഏറ്റെടുക്കാനാണ് രാജി.

രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാകാൻ മാസങ്ങൾ മാത്രമുള്ളപ്പോഴാണ് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ ആറു വൈസ് പ്രസിഡന്റ്‌മാരിൽ ഒരാളാകാൻ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലാവാസ രാജി വച്ചത്. രാഷ്ട്രപതി ഭവന് രാജി കത്ത് കൈമാറി.

ഫിലിപ്പീയൻസ് ആസ്ഥാനമായ ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിൽ ഇന്ത്യയുടെ പ്രതിനിധിയായ വൈസ് പ്രസിഡന്റ്‌ ദിവാകർ ഗുപ്‌തയുടെ കാലാവധി ഓഗസ്റ്റ് 30ന് അവസാനിക്കും. തുടർന്ന് അടുത്ത മാസം ലാവാസ വൈസ് പ്രസിഡന്റ്‌ ആയി ചുമതലയേൽക്കും.

2019ലെ ലോകസഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയും അമിത്ഷായും വർഗീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ ക്ലീൻ ചീട്ട് നൽകാൻ വിസമ്മതിച്ച കമ്മിഷണർ അംഗമായിരുന്നു അശോക് ലാവാസ. തിരഞ്ഞെടുപ്പിന് ശേഷം ലാവാസയുടെ കുടുംബത്തിന് നേരെ ആദായനികുതി പരിശോധന ഉണ്ടായി. ഭാര്യയുടെ ആദായ നികുതി റിട്ടേണുകൾ പരിശോധനയ്ക്ക് വിധേയമായി.

മകൻ അബീർ ലാവാസയുടെ കമ്പനിയ്ക്ക്ക് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകി. അശോക് ലാവാസയുടെ സഹോദരിയും ശിശു രോഗ വിദഗ്തയുമായ ശകുന്തള ലാവാസയെ പോലും ആദായ നികുതി വകുപ്പ് വേട്ടയാടി. 2018 ജനുവരി 23ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗമായ അശോക് ലാവാസയ്ക്ക് 2022 ഒക്ടോബർ വരെ കാലാവധി ഉണ്ടായിരുന്നു.

രാജി വച്ചില്ലായിരുവെങ്കിൽ ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ നിയമസഭ തിരഞ്ഞെടുപ്പുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിൽ അശോക് ലാവാസ നടത്തേണ്ടതായിരുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തിൽ ഇത് രണ്ടാമത്തെയാളാണ് കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് രാജി വയ്ക്കുന്നത്.രാജ്യാന്തര കോടതിയിൽ ജഡ്ജിയാകാൻ 1973ൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്ന നാഗേന്ദ്ര സിങ് രാജി വച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here