‘ജനാധിപത്യത്തെ കൊല്ലരുത്‌’; തെരഞ്ഞെടുപ്പ്‌ കമീഷന്‌ യെച്ചൂരിയുടെ കത്ത്

ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും രാഷ്ട്രീയ പാർടികൾക്ക്‌ ഫണ്ട്‌ ശേഖരിക്കാനുള്ള ഇലക്ടറൽ ബോണ്ട്‌ സംവിധാനവും നീതിപൂർവവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ്‌ പ്രക്രിയ അട്ടിമറിക്കുമെന്നു കാണിച്ച്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ സുനിൽ അറോറയ്‌ക്ക്‌ കത്ത്‌ നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് നടപടി ഡിജിറ്റൽ സംവിധാനത്തിലേക്ക്‌ മാറ്റാമെന്ന ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറുടെ ശുപാർശയെ ഭൂരിപക്ഷം രാഷ്ട്രീയ പാർടികളും എതിർത്തത്‌ സാങ്കേതികവിദ്യയുടെ പ്രാപ്യതക്കുറവ്‌ മുൻനിർത്തിമാത്രമല്ല, വൻ സാമ്പത്തികച്ചെലവുകൂടി പരിഗണിച്ചാണ്‌.

അമ്പരപ്പിക്കുന്ന ചെലവിൽ ബിജെപിയുടെ ഡിജിറ്റൽ വിന്യാസം

മുപ്പത്തിരണ്ട്‌ ലക്ഷം വാട്‌സാപ്‌ ഗ്രൂപ്പുകളുടെ ശൃംഖലവഴി ഏതുസന്ദേശവും മണിക്കൂറുകൾകൊണ്ട്‌ രാജ്യമാകെ പ്രചരിപ്പിക്കാൻ ബിജെപിക്ക്‌ കഴിയുമെന്ന്‌ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത്‌ അമിത്‌ ഷാ പരസ്യമായി പറഞ്ഞു. ഏറ്റവും കൂടുതൽ വ്യാജവാർത്തകൾ നിർമിക്കപ്പെടുന്നത്‌ ഇന്ത്യയിലാണെന്ന്‌ രാജ്യാന്തര വസ്‌തുത അന്വേഷണ വെബ്‌സൈറ്റ്‌ വെളിപ്പെടുത്തി.

72,000 എൽഇഡി ടിവി സ്‌ക്രീൻ സ്ഥാപിച്ച്‌ അമിത്‌ ഷായുടെ പ്രസംഗം എത്തിച്ചാണ്‌ ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കംകുറിച്ചത്‌. 60 ഓൺലൈൻ റാലി നടത്തി. ബൂത്തിന്‌ ഒന്നുവീതം 72,000 വാട്‌സാപ്‌ ഗ്രൂപ്പുകളുടെ പ്രവർത്തനം 9500 ഐടിസെൽ ചുമതലക്കാർ നിയന്ത്രിക്കുന്നു. ഇതിൽ 50,000 ഗ്രൂപ്പ്‌ സ്ഥാപിച്ചത്‌ രണ്ട്‌ മാസത്തിനുള്ളിലാണ്‌. ഈ സംവിധാനത്തിന്‌ വേണ്ടിവരുന്ന ചെലവ്‌ അമ്പരപ്പിക്കുന്നതാണ്‌.
ഇലക്ടറൽ ബോണ്ടുകൾവഴി ബിജെപിക്കും ഇതര രാഷ്ടീയപാർടികൾ എല്ലാവർക്കുംകൂടിയും ലഭിക്കുന്ന സംഭാവനകൾ തമ്മിലുള്ള വ്യത്യാസം പതിന്മടങ്ങായി വർധിക്കുകയാണ്‌.

ജനാധിപത്യത്തിന്റെ മരണമണി

പരിധിയില്ലാതെ ഒഴുകുന്ന അജ്ഞാത കോർപറേറ്റ്‌ സംഭാവനകൾ തെരഞ്ഞെടുപ്പ്‌ ജനാധിപത്യത്തിന്റെ മരണമണിയാകുന്നു. രാഷ്ട്രീയപാർടികൾക്ക്‌ ലഭിക്കുന്ന ഫണ്ടിന്റെ സുതാര്യത തകർക്കുന്നതാണ്‌ ഇലക്ടറൽ ബോണ്ടുകൾ എന്ന്‌ തെരഞ്ഞെടുപ്പു കമീഷൻ സുപ്രീംകോടതിയിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. കേന്ദ്രസർക്കാർ ജനപ്രാതിനിധ്യനിയമം (1951), ആദായനികുതി നിയമം, കമ്പനി നിയമം എന്നിവ ഭേദഗതി ചെയ്‌തു. രാഷ്ട്രീയപാർടികൾക്ക്‌ ലഭിക്കുന്ന ഫണ്ടുകളുടെ വിവരം മറച്ചുവയ്‌ക്കാൻ ഉതകുന്നതാണ്‌ ഈ ഭേദഗതി.

ദുരൂഹമായി‌ നമോ ടിവി

നമോ ടിവി ചാനൽ 2019ലെ തെരഞ്ഞെടുപ്പിനുമുമ്പ്‌ സംപ്രേഷണം തുടങ്ങുകയും തെരഞ്ഞെടുപ്പിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്‌തത്‌ ദുരൂഹമാണ്‌. ഈ ചാനലിനുവേണ്ടി പണം മുടക്കിയത്‌ ബിജെപിയാണെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ അധികൃതർ സമ്മതിച്ചിരുന്നു. ബിജെപി തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകിയ ചെലവു കണക്കിൽ ഇത്‌ ഉൾപ്പെടുത്തിയിട്ടില്ല. ഗുരുതര തെരഞ്ഞെടുപ്പ്‌ കുറ്റകൃത്യമാണിത്‌. ഇക്കാര്യത്തിൽ കമീഷൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്‌?

ബിജെപി ഭാരവാഹിയുടെ ഉടമസ്ഥതയിലുള്ള പരസ്യപ്രചാരണ–- സാമൂഹ്യ മാധ്യമസ്ഥാപനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ വാടകയ്‌ക്ക്‌ എടുത്തതായി പുറത്തുവന്നു.
ഇതേ സ്ഥാപനത്തെ ഉപയോഗിക്കാൻ വിവിധ സർക്കാർ സ്ഥാപനങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ 2019ലെ തെരഞ്ഞെടുപ്പിൽ അധികാരപ്പെടുത്തിയെന്നും ഇപ്പോൾ വെളിപ്പെട്ടു.
ഭരണഘടനാ ഏജൻസി എന്ന നിലയിൽ ചുമതലകൾ നിഷ്‌പക്ഷമായി നിറവേറ്റാൻ കമീഷൻ തയ്യാറാകണമെന്ന്‌ യെച്ചൂരി കത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News