കേരളാ ബാങ്ക് തെരഞ്ഞെടുപ്പ്: വോട്ടര്‍പ്പട്ടിക ഇന്ന്; തെരഞ്ഞെടുപ്പ് സെപ്തംബര്‍ 25 ന്

കേരള സംസ്ഥാന സഹകരണ ബാങ്ക്‌ ഭരണസമിതിയിലേക്ക്‌ 14 അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പ്രാഥമിക വോട്ടർ പട്ടിക ബുധനാഴ്‌ച പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ്‌ ആവശ്യമെങ്കിൽ സെപ്‌തംബർ 25നു രാവിലെ 10 മുതൽ വൈകിട്ട്‌ നാലുവരെ നടക്കും.

സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾക്കും അർബൻ സഹകരണ ബാങ്കുകൾക്കുമാണ്‌ വോട്ടവകാശം. സംസ്ഥാന സഹകരണ ബാങ്ക്‌ ഹെഡ്‌ ഓഫീസ്‌, റീജ്യണൽ ഓഫീസുകൾ, ജില്ലാതല ക്രെഡിറ്റ്‌ പ്രോസസിങ്‌ സെന്ററുകൾ എന്നിവിടങ്ങളിലെ നോട്ടീസ്‌ ബോർഡുകളിൽ പകൽ 11 മുതൽ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർ പട്ടിക 27നു പകൽ 11ന്‌ പ്രസിദ്ധപ്പെടുത്തും. പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾ‌ ജില്ലകളിൽനിന്ന്‌ ഒന്നുവീതം പ്രതിനിധിയെ തെരഞ്ഞെടുക്കണം. അർബൻ ബാങ്കുകൾക്ക്‌ സംസ്ഥാനാടിസ്ഥാനത്തിൽ ഒരു പ്രതിനിധിയെ നിശ്ചയിക്കും.

സെപ്‌തംബർ ഏഴിനാണ്‌ നാമനിർദേശ പത്രികാ സമർപ്പണം. ഒമ്പതിന്‌ വൈകിട്ട്‌ അഞ്ചുവരെ പിൻവലിക്കാം. തുടർന്ന്‌ അന്തിമ സ്ഥാനാർഥിപ്പട്ടിക. ഒന്നിലധികം സ്ഥാനാർഥികളുള്ള ജില്ലകളിൽ വോട്ടെടുപ്പ്‌ വേണ്ടിവരും. അർബൻ ബാങ്ക്‌ പ്രതിനിധി സ്ഥാനത്തേക്ക്‌ ഒന്നിലധികം സ്ഥാനാർഥികൾ വന്നാലും വോട്ടെടുപ്പുണ്ടാകും. മലപ്പുറം ജില്ലാ ബാങ്ക്‌ സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ചിട്ടില്ലാത്തതിനാൽ അത്‌ ഒഴികെയുള്ള ജില്ലകളുടെ പ്രതിനിധികളെയാണ്‌ നിശ്ചയിക്കുന്നത്‌. കേരള ബാങ്ക്‌ എന്നത്‌ കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ‘ട്രേഡ്‌ നെയിം’ ആണെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഇതിനും ഇത്‌ ഉൾപ്പെടുത്തിയുള്ള ബാങ്കിന്റെ ലോഗോയ്‌ക്കും റിസർവ്‌ ബാങ്കിന്റെ അംഗീകാരമുണ്ട്‌.

സംസ്ഥാന സഹകരണ ബാങ്കിന്റെ ഭരണ സമിതി വിജ്ഞാപനത്തിൽ കേരള ബാങ്ക്‌ എന്ന പേര്‌ പരമാർശിച്ചിട്ടില്ലെന്ന ആക്ഷേപം ചിലർ ഉന്നയിക്കുന്നത്‌ കാര്യങ്ങൾ മനസ്സിലാക്കാത്തതിനാലാണെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here