സുശാന്ത് സിംഗിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി; റിയയുടെ ഹര്‍ജി തള്ളി

ഹിന്ദി ചലച്ചിത്ര താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. സുശാന്തിന്റെ അച്ഛന്റെ പരാതിപ്രകാരം ബീഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്. ഐ. ആര്‍ സുപ്രീം കോടതി ശരി വച്ചു.

രണ്ട് മാസം നീണ്ട തര്‍ക്കം, രണ്ട് സംസ്ഥാനങ്ങളുടെ അധികാര പരിധിവരെ ചൊദ്യം ചെയ്യപ്പെട്ട കേസ്. ഹിന്ദി നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍, അവസാനം സുപ്രീം കോടതി തീര്‍പ്പ് കല്പിച്ചിരിക്കുന്നു. സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും, സുശാന്തിന്റെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബീഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും സിബിഐയ്ക്ക് കൈമാറി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ബീഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്. ഐ. ആര്‍ മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുശാന്തിന്റെ വനിതാ സുഹൃത്ത് റിയ ചക്രബര്‍ത്തി നല്കിയ ഹര്‍ജി തള്ളി.

സുശാന്തിന്റെ മരണത്തില്‍ ആരോപണ വിധേയയാണ് റിയ. മരണം നടന്നത് മുംബൈയില്‍ ആയതിനാല്‍ ബീഹാര്‍ പോലീസ് എടുത്ത കേസ് നിലനില്‍ക്കില്ല എന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദവും സുപ്രീംകോടതി അംഗീകരിച്ചില്ല. ബീഹാര്‍ പോലീസിന്റെ എഫ്. ഐ. ആര്‍ ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ശരി വച്ചു. സിബിഐ അന്വേഷണത്തിന് മുംബൈ പോലീസ് സഹായം നല്‍കണം.

എല്ലാ തെളിവുകളും കൈമാറാനും കോടതി നിര്‌ദേശിച്ചു. നേരത്തെ കോടതിയില്‍ നടന്ന വാദത്തില്‍ റിയ ചക്രബര്‍ത്തി സിബിഐ അന്വേഷണത്തെ എതിര്‍ത്തിരുന്നില്ല എന്ന് കോടതി ചൂണ്ടി കാണിച്ചിരുന്നു. ജൂണ്‍ 14ന് മുംബൈയിലെ പശ്ചിമ ബാന്ദ്രയിലെ ഫ്‌ലാറ്റിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അവസാന കാലത്ത് വിഷാദ രോഗത്തിന് അടിമയായിരുന്നു സുശാന്ത്. നടനെ കൊലപ്പെടുത്തിയതാണന്നു സഹോദരിയും മാതാപിതാക്കളും ആരോപിക്കുന്നു . സിബിഐ അന്വേഷണത്തിലൂടെ മരണകാരണം അറിയാന്‍ കഴിയുമെന്ന് സുശാന്തിന്റെ ആരാധകരും പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here