ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം; കേള്‍വി ജീവിതത്തെ തോല്‍പ്പിച്ചപ്പോള്‍ കാഴ്ച്ചകള്‍ തുണച്ച ജീവിതം; മുംബൈ മലയാളിയുടെ അതിജീവനത്തിന്റെ കഥ

രാജന്‍ നായരെ സംബന്ധിച്ചിടത്തോളം ഫോട്ടോഗ്രാഫി എന്ന കല ജീവിത ഉപാധി എന്നതിനേക്കാള്‍ അയാളുടെ വേദനയെ മറികടക്കാനുള്ള ഉപാദിയായിരുന്നു. ഇപ്പോള്‍, ഇന്ത്യയിലുടനീളമുള്ള കുട്ടികള്‍ക്ക് അവരുടെ ആത്മവിശ്വാസം കണ്ടെത്താനും സ്വാശ്രയ ശീലത്തിനായി ഫോട്ടോഗ്രാഫിയിലേക്ക് തിരിയാനും നിമിത്തമാകുകയായിരുന്നു ഈ മുംബൈ മലയാളി.

രാജന്‍ പറഞ്ഞ കഥ

ഇടത് ചെവിയില്‍ കേള്‍വിശക്തി നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കിയപ്പോഴാണ് മഹാനഗരത്തിലെ ജീവിതം രാജന്റെ മുന്നില്‍ വലിയ വെല്ലുവിളിയായത്. ചെവിയിലേക്കുള്ള ധമനികളെ ക്ഷയിപ്പിച്ച ടിന്നിടസ് എന്ന രോഗമാണ് രാജന്റെ കേള്‍വി ശക്തി നശിപ്പിച്ചതെന്ന് താമസിയാതെ കണ്ടെത്തി. കേള്‍വിശക്തി വീണ്ടെടുക്കാന്‍ ശസ്ത്രക്രിയ വരെ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇത് വിഷാദം വര്‍ദ്ധിപ്പിക്കുകയും താമസിയാതെ ആത്മഹത്യാ ചിന്തകള്‍ വരെ വേട്ടയാടുകയും ചെയ്തുവെന്നാണ് തന്റെ ആദ്യകാലത്തെ ജീവിതസംഘര്‍ഷങ്ങള്‍ പങ്കു വച്ച് കൊണ്ട് രാജന്‍ പറയുന്നത്.

കേള്‍വി ക്ഷയിച്ചതോടെ ജോലിയും നഷ്ടപ്പെട്ടു. ജീവിതം പ്രദാനം ചെയ്ത നഗരം തന്നെ കൈവിടുന്നുവെന്ന തോന്നല്‍ വിഷാദം ഇരട്ടിപ്പിച്ചു. മറ്റൊരു ജോലി ലഭിക്കുമോ എന്നത് പോലും ചിന്തിക്കുവാന്‍ കഴിയാത്ത അവസ്ഥയിലേക്ക് വിധി ജീവിതത്തെ മാറ്റി മറിച്ചു ‘എന്റെ കേള്‍വി കുറവ് മൂലം ജോലി ചെയ്തിരുന്ന കമ്പനിക്കായുള്ള ഒരു ടെണ്ടര്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തു. ഇത് കാരണം കമ്പനിക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. അങ്ങിനെയാണ് ജോലിയില്‍ നിന്നും പിരിച്ചു വിടുന്നത്.

മുംബൈയില്‍ ജീവിതം വഴിമുട്ടിയപ്പോള്‍ എഴുത്തിലേക്ക് തിരിയുക എന്നതായിരുന്നു ഏക ആശ്രയമായി രാജന്റെ മുന്‍പിലുണ്ടായിരുന്നത്. പക്ഷെ ഉപജീവനത്തിനായി എഴുത്തിനെ പരുവപ്പെടുത്തുവാന്‍ കഴിയുമോ എന്ന ആശങ്കയും മനസ്സിനെ അലട്ടാന്‍ തുടങ്ങി. മഹാനഗരത്തിലെ പോരാട്ടദിനങ്ങള്‍ രാജന്‍ ഓര്‍ത്തെടുത്തു.

താമസിയാതെ അദ്ദേഹം മുംബൈ സര്‍വകലാശാലയില്‍ നിന്ന് ജേണലിസം, ഫോട്ടോഗ്രഫി എന്നിവയില്‍ ഒരു കോഴ്സ് നേടി. അങ്ങിനെയാണ് പത്രപ്രവര്‍ത്തനത്തിലേക്ക് ചുവട് മാറുന്നത്. ചെറുപ്പത്തില്‍ തന്നെ എഴുതുവാനുള്ള കഴിവുണ്ടായിരുന്നു. കേള്‍വിക്കുറവ് മറി കടക്കാന്‍ എഴുത്തിന്റെ ലോകത്തില്‍ പ്രയാസമുണ്ടാകില്ലെന്ന ആത്മവിശ്വാസമായിരുന്നു കൈമുതല്‍. എന്നിരുന്നാലും രാജന്റെ ജീവിതത്തെ മാറ്റി മറിച്ചത് എഴുത്തിനോടൊപ്പം കൊണ്ട് നടന്നിരുന്ന ഫോട്ടോഗ്രാഫിയാണ് . ‘എന്നില്‍ ഫോട്ടോഗ്രാഫിയുടെ കഴിവുകള്‍ ഉണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ല, ജോലിയുടെ ഭാഗമായി എടുത്ത ചിത്രങ്ങളെല്ലാം നന്നായി പുറത്തുവന്നതോടെ ഫോട്ടോഗ്രാഫി എന്റെ അഭിനിവേശമായി മാറുകയായിരുന്നു’ രാജന്‍ തന്റെ അതിജീവനത്തിന്റെ കഥകള്‍ പങ്കു വച്ചു.

ഇന്ന് മുംബൈയിലെ അറിയപ്പെടുന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ് രാജന്‍. നഗരത്തില്‍ ഈ മലയാളി പോയിട്ടില്ലാത്ത ഒരു പ്രദേശമില്ലെന്ന് തന്നെ പറയാം. നഗരത്തിന്റെ തെരുവ് ജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ ഒന്നൊന്നായി രാജന്റെ ക്യാമറയില്‍ പതിഞ്ഞതോടെ ശ്രദ്ധ നേടാന്‍ തുടങ്ങി. ലെന്‍സിന് പിന്നിലുള്ള അഭിനിവേശം തന്റെ കേള്‍വിശക്തി നഷ്ടപ്പെടുന്നതിന്റെ വേദനയെ മറക്കാന്‍ രാജനെ കുറച്ചെങ്കിലും സഹായിച്ചു. ‘നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കേള്‍വിയെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്തോറും അതെന്നെ കൂടുതല്‍ അലട്ടാന്‍ തുടങ്ങിയിരുന്നു. അങ്ങിനെയാണ് വിഷമിക്കുന്നതിനുപകരം, എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ തീരുമാനിച്ചത് ‘ രാജന്‍ പറയുന്നു.

2009 ല്‍, ഗോറെഗാവിലെ സന്‍സ്‌കാര്‍ധാം സ്‌കൂള്‍ ഓഫ് ഹിയറിംഗ് ഇംപെയര്‍ഡ് എന്ന വിദ്യാലയത്തിലെ ബധിരരായ കുട്ടികള്‍ക്കായി സൗജന്യ ഫോട്ടോഗ്രാഫി പാഠങ്ങള്‍ നല്‍കാന്‍ രാജന്‍ തീരുമാനിച്ചു. ‘എല്ലാ വാരാന്ത്യത്തിലുമായിരുന്നു ക്ലാസ്. ഈ കുട്ടികള്‍ വലുതാകുമ്പോള്‍ ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ അവരെ പര്യാപ്തമാക്കുകയായിരുന്നു ലക്ഷ്യം. മിക്കപ്പോഴും, എന്‍ജിഒകളും അവരുടെ മാതാപിതാക്കളും സുഹൃത്തുക്കളുമാണ് ഭിന്നശേഷിക്കാരായ ഇവരെയൊക്കെ പരിപാലിക്കുന്നത്. ജീവിതത്തിലെ ഒരു ഘട്ടത്തിനുശേഷം ഇവരൊന്നും ആര്‍ക്കും ബാധ്യതയാകാന്‍ പാടില്ലെന്ന ആഗ്രഹമുണ്ടായിരുന്നു ‘ രാജന്‍ തന്റെ സംരംഭത്തെക്കുറിച്ച് പറഞ്ഞു.

ഈ സംരംഭം മൂന്നുവര്‍ഷത്തോളം തുടര്‍ന്നെങ്കിലും പിന്നീട് ക്ലാസുകള്‍ പൊതു ഇടങ്ങളിലേക്കു മാറ്റാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ‘കുട്ടികള്‍ ക്ലാസുകളെ വളരെയധികം സ്‌നേഹിച്ചിരുന്നുവെങ്കിലും ക്ലാസുകള്‍ വലിയ സാമ്പത്തിക ബാധ്യതയായതോടെ മാസത്തിലൊരിക്കല്‍ പൊതു ഇടങ്ങളില്‍ പരിശീലനം തുടരാന്‍ നിര്‍ബന്ധിതനായി.’ രാജന്‍ പറയുന്നു.

2013 ല്‍, ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ വാര്‍ഷിക ചടങ്ങില്‍, ക്യാന്‍സര്‍ രോഗബാധിതരായ കുട്ടികള്‍ക്കായി ക്ലാസുകള്‍ എടുക്കാന്‍ രാജന്‍ സന്നദ്ധനായി. ഇപ്പോള്‍, കഴിഞ്ഞ അഞ്ച് വര്‍ഷമായി, ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളും നൂതന സാധ്യതകളും ക്യാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയാണ്. ‘കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിന്റെ വേദന മറികടക്കാന്‍ ഇവര്‍ക്ക് ഫോട്ടോഗ്രാഫി സഹായകമാകുന്ന വിധത്തിലാണ് പരിശീലനം. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഫോട്ടോ തെറാപ്പിയിലൂടെ സര്‍ഗ്ഗാത്മകത ഉപയോഗിക്കാനും കാഴ്ച്ചയുടെ പുതിയ ലോകം തുറന്നിടാനും ഇവരെയെല്ലാം സഹായിച്ചു കൊണ്ടിരിക്കുന്നു.’ രാജന്‍ വാക്കുകളില്‍ കരുതലിന്റെ സ്‌നേഹസ്പര്‍ശവും ആത്മവിശ്വാസത്തിന്റെ കരസ്പര്‍ശവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel