ഈ മഹാമാരിക്കാലത്തും വഴികാട്ടിയാകുന്നത് സഖാവിന്റെ അന്നത്തെ വാക്കുകളും പ്രവൃത്തികളും; കൃഷ്ണപിള്ളയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി

നവോത്ഥാന നായകനും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായ പി കൃഷ്ണപിള്ളയുടെ 72–ാം ചരമവാര്‍ഷികദിനത്തില്‍ പ്രിയ സഖാവിനെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളറയും വസൂരിയും കേരളത്തില്‍ നടമാടിയപ്പോള്‍ കൃഷ്ണപിള്ളയും സഖാക്കളുമാണ് ജീവന്‍ പോലും പണയംവെച്ച് രോഗികള്‍ക്ക് താങ്ങായി നിന്നതെന്നും, ഈ മഹാമാരിക്കാലത്തും കൃഷ്ണപിള്ളയുടെ അന്നത്തെ വാക്കുകളും പ്രവൃത്തികളുമാണ് വഴികാട്ടിയാകുന്നതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

ഇന്ന് സഖാവ് പി കൃഷ്ണപിള്ള ദിനം.

1906-ല്‍ വൈക്കത്ത് ജനിച്ച സഖാവ് കൃഷ്ണപിള്ള കേരളത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചുകൊണ്ട് തൊഴിലാളി വര്‍ഗ്ഗത്തെ സംഘടിപ്പിച്ച് സമരസജ്ജമാക്കിയ നേതാവാണ്. 1930 ഏപ്രില്‍ 13ന് ഉപ്പു സത്യഗ്രഹം നടത്താന്‍ വടകരയില്‍ നിന്നും പയ്യന്നൂരിലേക്കുപോയ ജാഥയിലൂടെയാണ് സഖാവ് സജീവരാഷ്ട്രീയത്തില്‍ ഇടപെട്ടുതുടങ്ങിയത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ദേശീയസ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, കമ്മ്യൂണിസ്റ്റ് പാര്‍ടി എന്നിവയുടെ രൂപീകരണത്തിനും ചരിത്രപരമായ നേതൃത്വം കൊടുത്തു.1937
ല്‍ കോഴിക്കോട്ട് രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറിയും മറ്റാരുമായിരുന്നില്ല. പിന്നീട് 1939 ഡിസംബര്‍ അവസാനം പിണറായിയിലെ പാറപ്രത്ത് നടന്ന സമ്മേളനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകത്തിന്റെ ആദ്യ സെക്രട്ടറിയായി കൃഷ്ണപിള്ള തെരഞ്ഞെടുക്കപ്പെട്ടു.

ബ്രിട്ടീഷ് സര്‍ക്കാരിനും ജന്മിത്തത്തിനും എതിരേ തൊഴിലാളികളുടെ മുന്‍കൈയില്‍ ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരം നടന്നത് 1946 ഒക്ടോബറിലായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന് മുന്നോടിയായ സെപ്തംബര്‍ 15ന്റെ പണിമുടക്കും ആക്ഷന്‍ കൌണ്‍സില്‍ രൂപീകരണവും ഒളിവു കാലത്ത് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ സഖാവിന്റെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങളുടെ ഭാഗമായിരുന്നു.

1948-ലെ കല്‍ക്കത്താ തീസിസിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വീണ്ടും നിരോധിക്കപ്പെടുകയുണ്ടായി. ഇതേ തുടര്‍ന്ന് സഖാവടക്കമുള്ള പാര്‍ടി നേതാക്കള്‍ക്ക് ഒളിവില്‍ പോകേണ്ടതായും വരികയായിരുന്നു. 1948 ആഗസ്റ്റ് 19-ന് ആലപ്പുഴയിലെ കണ്ണര്‍കാട്ട് ഗ്രാമത്തിലെ തന്റെ ഒളിവുജീവിതത്തിനിടെ സര്‍പ്പദംശമേറ്റ് മരിക്കുമ്പോള്‍ അദ്ദേഹത്തിന് നാല്‍പ്പത്തി രണ്ട് വയസ്സായിരുന്നു. തന്റെ ചെറുപ്രായത്തിനിടെ കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗത്തിന് ശക്തമായ സംഘടനാ സംവിധാനമുണ്ടാക്കുകയും അതിന് വ്യക്തമായ രാഷ്ട്രീയനേതൃത്വം കൊടുക്കുകയും ചെയ്ത നേതാവാണ് സഖാവ് പി കൃഷ്ണപിള്ള. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ നേതാവാണ് സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ള.

ഒരു മഹാമാരിക്കാലത്താണ് ഈ വര്‍ഷം നാം കൃഷ്ണപിള്ള ദിനം ആചരിക്കുന്നത്. ആയിരത്തി തൊള്ളായിരത്തി നാല്പതുകളുടെ പകുതിയില്‍ കോളറയും വസൂരിയും കേരളത്തില്‍ നടമാടിയപ്പോള്‍ സഖാവ് കൃഷ്ണപിള്ളയും സഖാക്കളുമാണ് ജീവന്‍പോലും പണയംവെച്ച് രോഗികള്‍ക്ക് താങ്ങായി നിന്നത്. മഹാമാരി ദുരിതം വിതച്ചുപോയയിടങ്ങളില്‍ ഓടിയെത്തി ആശ്വാസമേകിയത് കമ്യൂണിസ്റ്റുകാരായിരുന്നു.

ഓരോ പാര്‍ടി അംഗവും പാര്‍ടിക്ക് ലെവി നല്‍കുന്നതുപോലെ ദുരിതനിവാരണത്തിനായും ഒരു നിശ്ചിതസംഖ്യ തന്റെ വരുമാനത്തില്‍നിന്ന് കൊടുക്കണമെന്ന് പ്രഖ്യാപിച്ചത് കൃഷ്ണപിള്ളയായിരുന്നു. അക്കാലത്ത് സഖാവ് പാര്‍ടി അംഗങ്ങള്‍ക്കയച്ച ഒരു കുറിപ്പിന്റെ ഉള്ളടക്കം മഹാമാരിക്കാലത്ത് കൂടുതല്‍ കര്‍മ്മനിരതരായി ജനങ്ങളിലേക്കിറങ്ങാനുള്ള ആഹ്വാനമായിരുന്നു. രോഗികളെ ശുശ്രൂഷിക്കാനും ചികിത്സ ഉറപ്പുവരുത്താനും സഖാക്കള്‍ മുന്നിട്ടിറങ്ങണമെന്നായിരുന്നു നിര്‍ദ്ദേശം.

റേഷന്‍ വാങ്ങാന്‍ കഴിവില്ലാത്ത സാധുക്കളെ സഹായിക്കാനായി കഴിവുള്ളവരില്‍ നിന്നും സംഭാവന പിരിക്കണമെന്നും വൈദ്യസഹായകേന്ദ്രങ്ങളുടെ നടത്തിപ്പിനും സൗജന്യമായി മരുന്നുവിതരണം ചെയ്യുന്നതിനും കൂടി ഈ സംഖ്യ ഉപയോഗിക്കണമെന്നും ഇതിനൊക്കെ പ്രാദേശികമായി സഖാക്കള്‍ മുന്നിട്ടിറങ്ങണമെന്നും കൃഷ്ണപിള്ള അന്ന് പാര്‍ടി അംഗങ്ങളോട് ആഹ്വാനം ചെയ്തു.

ഇന്ന് മറ്റൊരു മഹാമാരിക്കാലത്ത് നമ്മള്‍ക്കാകെ വഴികാട്ടിയാവുന്നതും സഖാവ് പി കൃഷ്ണപിള്ളയുടെ അന്നത്തെ വാക്കുകളും പ്രവൃത്തികളും തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here