ഒഐഒപി ഒളിച്ചു കടത്തുന്ന രാഷ്ട്രീയം; അഡ്വ. ടികെ സുരേഷ് എ‍ഴുതുന്നു

വൺ ഇന്ത്യ വൺ പെൻഷൻ (OIOP) എന്ന പേരിൽ പ്രചരിക്കുന്ന സോഷ്യൽ മീഡിയ പ്രസ്ഥാനം നിഷ്ക്കളങ്കമായ ഒരു
അരാഷ്ട്രീയ ഗ്രൂപ്പല്ല. അതിൽ ഉൾപ്പെട്ട ഭൂരിഭാഗത്തിനും അറിയില്ലെങ്കിലും ,അതിനു പുറകിലുള്ളത് വ്യക്തമായ, സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂർമ്മതയുള്ള മസ്തിഷ്ക്കങ്ങളാണ്..സ്പർദ്ദയുടേതാണ് രാഷ്ട്രീയം .

വൻകിടക്കാരുടെ വൻസാമ്പത്തിക ലാഭമാണ് താൽപര്യം. എന്താണ് സ്പർദ്ദയുടെ രാഷ്ട്രീയം ?
മറ്റു മതക്കാരുള്ളതിനാലാണ്, നമ്മുടെ മതത്തിൽ പെട്ടവരുടെ തൊഴിലവസരങ്ങൾ കുറഞ്ഞു പോകുന്നതെന്ന് വാദിക്കുന്ന തരത്തിലുള്ളവരുടെ ഭിന്നിപ്പിൻ്റെ രാഷ്ട്രീയം.

രാജ്യത്തെ മറ്റു മതക്കാരാണ് തങ്ങളുടെ മതക്കാരുടെ സാമ്പത്തികാവസ്ഥ പിന്നോക്കമായി പോകാൻ കാരണക്കാർ എന്നു വാദിക്കുന്ന തരത്തിലുള്ളവരുടെ വേർത്തിരിവിൻ്റെ രാഷ്ട്രീയം. സംവരണം തെറ്റാണെന്നും , സംവരണമാണ് കഴിവുള്ള ഉന്നതകുലജാതരുടെ അവസരങ്ങൾ നഷ്ടപ്പെടുന്നതിനു കാരണം എന്നും പറയുന്ന തരത്തിലുള്ളവരുടെ സവർണ്ണ ചിന്തയുടെ രാഷ്ട്രീയം.

സ്പർദ്ദകളുടെയും ഭിന്നിപ്പിൻ്റെയും അരാഷ്ട്രീയ വാദത്തിൻ്റെ മുഖം മൂടിയണിഞ്ഞ വ്യക്തമായ കുടിലരാഷ്ട്രീയം .
എന്താണ് OIOP ഗ്രൂപ്പ് മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം ?

സർക്കാർ അർദ്ധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയിൽ ഉണ്ടായിരുന്നവനോ ഇല്ലാതിരുന്നവനോ എന്ന വിവേചനം കൂടാതെ 60 വയസ്സ് കഴിഞ്ഞവർക്കെല്ലാം തുല്യപ്രാധാന്യവും പരിഗണനയും നൽകി 10,000/- രൂപ പ്രതിമാസ പെൻഷൻ നൽകണമെന്നാണ് ഈ ഗ്രൂപ്പ് ഉയർത്തുന്ന പരമപ്രധാനമായ ആവശ്യം.
ഒറ്റകേൾവിയിൽ വളരെ ന്യായമെന്നു തോന്നുന്ന അത്യധികം ജനകീയ മുഖമുണ്ടെന്നു തോന്നുന്ന ഈ മുദ്രാവാക്യത്തിൻ്റെ പിന്നിലെ നിഗൂഢ രാഷ്ട്രീയവും പൊള്ളത്തരവും പെട്ടന്ന് ആർക്കും മനസ്സിലായിക്കൊള്ളണമെന്നില്ല.

കർഷകർക്കും , കർഷക തൊഴിലാളികൾക്കും, മറ്റെല്ലാ മേഖലയിലെയും തൊഴിലാളികൾക്കും, പ്രവാസികൾക്കും , അസംഘടിത വിഭാഗങ്ങൾക്കും പ്രായമായവർക്കും , അഗതികൾക്കും , അശരണർക്കും വാർദ്ധക്യകാലത്ത് ജീവിക്കാനാവശ്യമായ ക്ഷേമപെൻഷനും മറ്റാനുകൂല്യങ്ങളും സർക്കാർ നൽകണം എന്നു തന്നെയാണ് എൻ്റെയും ഞാനുൾപ്പെടുന്ന കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും അഭിപ്രായം.

തൊഴിൽ രഹിതരായ യുവാക്കൾക്ക് തൊഴിലില്ലായ്മാ വേതനം ലഭ്യമാക്കണം . ഏതൊരു പൗരനും മാന്യമായി ജീവിക്കാനാവശ്യമായ സാഹചര്യം സൃഷ്ടിക്കണം . അതു തന്നെയാണ് ഇടതുപക്ഷ നയവും.
എന്നാൽ വൺ ഇന്ത്യ വൺ പെൻഷൻ ക്യാമ്പയിൻ്റെ പുറകിലെ ബുദ്ധികേന്ദ്രങ്ങൾ ഈ ആശയത്തിൽ അടിസ്ഥാനമായി നിലയുറപ്പിക്കുന്നവരേയല്ല .

വിഷയത്തിലേക്ക് കടക്കും മുമ്പ് ചില നിസ്സാര ചോദ്യങ്ങൾ മുന്നോട്ടു വെക്കട്ടെ..കാര്യമാത്ര പ്രസക്തമല്ല എന്ന് ചിലർക്ക് തോന്നിയേക്കാവുന്ന ചില കൊച്ചു ചോദ്യങ്ങൾ .. 18 വയസ്സിൽ സൈന്യത്തിൽ ചേർന്ന് അതിർത്തിയിൽ സിയാച്ചിൻ മഞ്ഞുമലകളിൽ മരവിപ്പിക്കുന്ന തണുപ്പിൽ ഉറങ്ങാതെ രാജ്യത്തിന് കാവൽ നിന്ന് ആരോഗ്യം നഷ്ട്ടപ്പെട്ട് റിട്ടയർ ചെയ്ത ഒരു രാജ്യ സേവകനായ സൈനികനും , 18 വയസ്സു മുതൽ 60 വയസ്സുവരെ പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെ, കിട്ടിയ അവസരത്തിൽ ചില്ലറ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളൊക്കെ നടത്തിയും
ജീവിച്ച ഒരു വ്യക്തിയ്ക്കും 60 വയസ്സുകഴിഞ്ഞാൽ ഒരേ പരിഗണനയിൽ ഒരേ പെൻഷൻ എന്നതിനോട് നമുക്ക് യോജിക്കാനാവുമോ ?

20 വയസ്സിൽ പോലീസിൽ ചേർന്ന് നാടിൻ്റെ ക്രമസമാധാന സംരക്ഷണത്തിന് തെരുവിൽ കാവൽ നിന്ന്‌ ആരോഗ്യം ക്ഷയിച്ച് റിട്ടയർ ചെയ്ത ഒരു മാതൃകാ പോലീസുകാരനും , നീതിന്യായ വ്യവസ്ഥയുടെ സംരക്ഷണത്തിനായി ജീവിതം മാറ്റി വെച്ച് റിട്ടയർ ചെയ്ത ഒരു ന്യായാധിപനും , ചെറുപ്രായത്തിൽ ഭിക്ഷാടന മാഫിയയിൽ ചേർന്ന് സൗമ്യാവധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്ന
ഗോവിന്ദചാമിക്കും 60 വയസ്സുകഴിഞ്ഞാൽ ഒരേ പരിഗണനയിൽ ഒരേ പെൻഷൻ എന്നതിനോട് നമുക്ക് യോജിക്കാനാവുമോ ?

പകർച്ചവ്യാധികൾക്കിടയിൽ പടവെട്ടി ജീവിച്ച് രോഗികൾക്ക് സാന്ത്വനമേകിയ നഴ്സുമാർക്കും ഡോക്റ്റർമാർക്കും , നിരോധിത ലഹരി വസ്തുക്കളും നിരോധിത പുകയില ഉൽപ്പന്നങ്ങളും വിറ്റ് സമൂഹത്തെ രോഗാതുരമാക്കി , സ്വയം ലാഭമുണ്ടാക്കി ജീവിച്ച ഒരു സാമൂഹ്യ ദ്രോഹിക്കും 60 വയസ്സുകഴിഞ്ഞാൽ ഒരേ പരിഗണനയിൽ ഒരേ പെൻഷൻ എന്നതിനോട് നമുക്ക് യോജിക്കാനാവുമോ ?

വളരുന്ന തലമുറയ്ക്ക് നല്ല പാഠങ്ങൾ പകർന്ന് ഉന്നത സംസ്ക്കാരം വളർത്തിയെടുത്ത അദ്ധ്യാപകനും ,
കുട്ടികളെ മയക്കുമരുന്ന് മാഫിയയിലേക്ക് റിക്രൂട്ട് ചെയ്ത ലഹരി ഏജൻ്റിനും ,
60 വയസ്സുകഴിഞ്ഞാൽ ഒരേ പരിഗണനയിൽ ഒരേ പെൻഷൻ എന്നതിനോട് നമുക്ക് യോജിക്കാനാവുമോ ?
കഷ്ട്ടപ്പെട്ട് പഠിച്ച് ഉദ്യോഗം നേടി , ആരോഗ്യമുള്ള കാലം മുഴുവനും സർക്കാർ ജോലി ചെയ്തയാൾക്കും , അവസരം കിട്ടിയിട്ടും പഠിക്കാതെയും , ഒരു ജോലിയും ചെയ്യാതെയും ജീവിച്ച ഒരാൾക്കും
60 വയസ്സുകഴിഞ്ഞാൽ ഒരേ പരിഗണനയിൽ തുല്ല്യ പെൻഷൻ എന്നതിനോട് നമുക്ക് യോജിക്കാനാവുമോ ?

വൻകിട ബിസിനസ്സ് നടത്തി ഉന്നത നിലവാരത്തിൽ ജീവിച്ചയാൾ 60 വയസ്സു തികഞ്ഞാൽ , അയാളുടെ നിലവിലെ അസറ്റിൽ നിന്നും പിന്നീട് പ്രോഫിറ്റെടുക്കാതെ ആ പ്രോഫിറ്റ് OIOP ഫണ്ടിലേക്ക് നിയമപ്രകാരം സംഭാവന ചെയ്ത്, 60 വയസ്സിനു ശേഷം OIOP സ്കീം പ്രകാരം കിട്ടുന്ന 10,000/- രൂപ കൊണ്ട് അദ്ദേഹം സംതൃപ്തനാകുമോ ?
വൻകിട തോട്ടമുടമകളും ,ഭൂപ്രഭുക്കളുംസിനിമാ നടൻമാരും , ക്രിക്കറ്റ് താരങ്ങളും , മറ്റ് സെലിബ്രിറ്റികളും 60 വയസ്സു തികഞ്ഞാൽ അവരുടെ ഉയർന്ന സമ്പാദ്യത്തിൽ നിന്നും, പിന്നീട് ഒരു ലാഭസംഖ്യയുമെടുക്കാതെ, ആ ലാഭമെല്ലാം OIOP ഫണ്ടിലേക്ക് നിയമപ്രകാരം സംഭാവന ചെയ്ത്, 60 വയസ്സിനു ശേഷം OIOP സ്കീം പ്രകാരം കിട്ടുന്ന 10,000/- രൂപ കൊണ്ട് തൃപ്തരാകുമോ ?

ഇതെല്ലാം ശതകോടികളുടെ ആസ്ഥിയുള്ള വൻകിട ആൾദൈവങ്ങൾക്കും ,മറ്റെല്ലാവർക്കും 60 വയസ്സു കഴിഞ്ഞാൽ ഒരുപോലെ ബാധകമാകുമോ ഇവിടെ ഒരു കാര്യം വ്യക്തമാകുന്നു .എന്തിനും ഏതിനും ഒരു മാനദണ്ഡം ആവശ്യമാണ് .ഇനിയാണ് ശരിയായ വിഷയത്തിലേക്ക് വരേണ്ടത്..യഥാർത്ഥത്തിൽ എല്ലാവർക്കും തുല്ല്യവും മാന്യവുമായ പെൻഷൻ നൽകുക എന്നതല്ല , മറിച്ച് സർക്കാർ അർദ്ധ സർക്കാർ സർവ്വീസിലും , മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും ഉണ്ടായിരുന്നവരുൾപ്പെടെ ആർക്കും മാന്യമായ പെൻഷൻപോലും നൽകാതിരിക്കുകയും അതും വൻകിട മുതലാളിമാർക്കും കോർപ്പറേറ്റുകൾക്കും മുതൽക്കൂട്ടാക്കുകയും ചെയ്യുക എന്നതാണ് OIOP ക്യാമ്പയിനു പുറകിലുള്ള ബുദ്ധി കേന്ദ്രങ്ങളുടെ നിഗൂഢ ലക്ഷ്യം
ഒറ്റക്കേൾവിയിൽ OIOP ശരിയായ സംഗതിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട അസംഖ്യം നിഷ്ക്കളങ്കരും ഈ ക്യാമ്പയിൻ്റെ ഭാഗമാകുന്നു എന്നു മാത്രം.

പ്രളയദുരിതാശ്വാസ ഫണ്ടിലേക്കും കോവിഡ് മഹാമാരിയുടെ ദുരിതാശ്വാസഫണ്ടിലേക്കും
യാതൊരു സംഭാവനയും നൽകാതെയും ,സാലറി ചലഞ്ചിനെ നഖശിഖാന്തം എതിർത്തും , കോവിഡ് ലോക്ക് ഡൗൺ കാലത്തുപോലും ശമ്പളത്തിൻ്റെ ചെറിയൊരു ഭാഗം പോലും താൽക്കാലികമായി പിടിച്ചുവെക്കാനുള്ള സർക്കാർ ഉത്തരവ് പോലും കത്തിച്ചും , സർക്കാർ ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്തും, തങ്ങൾക്ക് ഈ നാടിനോടോ ഈ സമൂഹത്തിനോടാ ഒരു പ്രതിബദ്ധതയുമില്ലെന്ന് പരസ്യമായി തെളിയിച്ച നെറികെട്ട രാഷ്ട്രീയം പേറുന്ന ചില സർവീസ് സംഘടനാ നേതാക്കളുടെയും പ്രവർത്തകരുടെ നടപടി, പൊതുജനങ്ങൾക്കിടയിൽ സർക്കാർ ജീവനക്കാർക്കെതിരായ വികാരം വളർത്തുന്നതിനും, ആ നിലപാട് OlOP ക്യാമ്പയിന് നല്ല കരുത്തു പകർന്നു നൽക്കുന്നതിനും ഇടയാക്കി എന്നതും കാണാതിരുന്നുകൂടാ
എന്നാൽ എല്ലാ മനുഷ്യരും ഒരുപോലെയല്ല എന്നതു പോലെത്തന്നെ, എല്ലാ സർക്കാർ ജീവനക്കാരും ഒരുപോലെയല്ല .
സാമൂഹ്യ പ്രതിബദ്ധതയും മഹത്തായ മനുഷ്യസ്നേഹവും ഹൃദയത്തിൽ സൂക്ഷിക്കുന്ന വലിയൊരു വിഭാഗം സർക്കാർ ജീവനക്കാർ നമുക്കിടയിലുണ്ട്. അവരെ നാം കാണാതിരുന്നു കൂടാ .
വൺ ഇന്ത്യ വൺ പെൻഷൻ മുദ്രാവാക്യം ഏറ്റുപിടിക്കുന്നവരിൽ പലരും പലപ്പോഴും സർവ്വീസിൽ നിന്നു വിരമിച്ച അദ്ധ്യാപകരും, , ബാങ്ക് ജീവനക്കാരും ,സൈനികരും IAS , lPS ഉദ്യോഗസ്ഥരുമടങ്ങുന്ന
സർക്കാർ ജീവനക്കാരും വാങ്ങുന്ന
പെൻഷനെ, സർക്കാർ നേരിടുന്ന അനാവശ്യ സാമ്പത്തിക ബാദ്ധ്യത എന്ന നിലയിൽ അഭിപ്രായം രേഖപ്പെടുത്തി വരുന്നുണ്ട്.
സർക്കാറിൻ്റെ റവന്യൂ വരുമാനത്തിന്റെ വലിയൊരു ശതമാനം ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കേണ്ടി വരുന്നത് രാജ്യപുരോഗതിയ്ക്ക് തടസമാണ് എന്ന രീതിയിലാണ് പലരും പ്രചരണം നടത്തുന്നത്.
ഒരു രാജ്യത്തിൻ്റെ ആകെ സമ്പത്തിൻ്റെ വലിയൊരുഭാഗം വൻകിടക്കാർക്ക് ഇളവുകളായി അനുവദിക്കുന്നത് അവർക്ക് പരിഗണനാവിഷയമേ അല്ല .
സർക്കാറിൻ്റെ വരുമാനമെന്നത് നികുതിയാണെന്നും ശമ്പളത്തിനനുസരിച്ച് കൃത്യമായ ടാക്സ് അടക്കുന്നവർ സർക്കാർ ജീവനക്കാരാണെന്നും അവർ അറിയുന്നതേയില്ല .
പെൻഷൻ പറ്റുന്നവർ രാജ്യത്തിൻ്റെ ശത്രുക്കളാണെന്നും പെൻഷൻ എന്നത് സർക്കാർ ജീവനക്കാർ പറ്റുന്ന ഏന്തോ ഔദാര്യമാണെന്ന മട്ടിൽ ആരും ചിന്തിച്ചു കാടുകയറേണ്ടതില്ല ..
പെൻഷൻ എന്നത് ഭരണാധികാരികളുടെ ഔദാര്യമല്ലെന്നും, അത് ഒരു ജീവനക്കാരൻ അയാളുടെ സർവീസ് കാലത്ത് നല്കിയ സേവനത്തിന്റെ, മാറ്റിവയ‌്ക്കപ്പെട്ട വേതനമാണെന്നും പെൻഷൻ എന്ന സംവിധാനത്തിൻ്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് നിരവധി ഹൈക്കോടതികളും ഇന്ത്യയിലെ പരമോന്നത നീതിപീഠമായ ബഹുമാനപ്പെട്ട സുപ്രീം കോടതി പോലും വ്യക്തമാക്കിയിട്ടുണ്ട് .
സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് Y.V. ചന്ദ്രചൂഡ് അദ്ധ്യക്ഷനും , ജസ്റ്റിസ്സുമാരായ V.D. തൽസാപുർക്കർ, D.A. ദേശായ് , ഒ.ചിന്നപ്പറെഡി , ബഹറുൾ ഇസ്ലാം
എന്നിവർ അംഗങ്ങളുമായ ബഞ്ച്
D.S. Nakara & Others V/s Union Of India( AIR 1983 SC 130) എന്ന കേസിൽ 17-12-1982 ന് പ്രസ്താവിച്ചിട്ടുള്ള വിധി പെൻഷൻകാരുടെ ‘മാഗ്നകാർട്ട’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത് .
ജീവിത സായാഹ്നത്തിലും അന്തസ്സുള്ള വ്യക്തി ജീവിതം എന്ന മഹത്തായ സന്ദേശമാണ് സുപ്രീം കോടതി ഈ വിധിയിലൂടെ ഉയർത്തിപ്പിടിക്കുന്നത്.
സർവീസിൽ ഇരുന്ന കാലത്ത് ജീവിച്ചിരുന്ന അതേ മാന്യതയിലും നിലവാരത്തിലും സർവ്വീസിൽ നിന്നും റിട്ടയർ ചെയ്താലും ജീവനക്കാരന് ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ട ബാധ്യത സർക്കാരുകൾക്കുണ്ട് എന്ന് സുപ്രീംകോടതി വിധിയിലൂടെ അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നു.
സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിൽ മാത്രമല്ല , രാജഭരണകാലത്തുപോലും സർവീസിൽനിന്ന് പിരിയുന്നവർക്ക് പെൻഷൻ നൽകി വന്നിരുന്നു എന്നതും ഇത് ലോക വ്യാപകമായി നിലനിൽക്കുന്ന സംഗതിയാണ് എന്നതും ചരിത്രത്തിൻ്റെ ഭാഗമാണ്
എന്നാൽ സുപ്രീംകോടതിവിധിയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമായി
പെൻഷൻ സ്റ്റാറ്റൂട്ടറി അഥവാ നിയമപരമായ അവകാശമാണെന്ന പ്രഖ്യാപനത്തെ കോൺഗ്രസ്സ് – ബി.ജെ.പി.സർക്കാറുകൾ അട്ടിമറിക്കുകയും പെൻഷൻ മേഖലയിലെ സ്വകാര്യവല്ക്കരണത്തിന് വഴിയൊരുക്കുകയും ചെയ്തു
2004 ജനുവരി 1 മുതൽ കേന്ദ്രമേഖലയിൽ Contributory Pension പദ്ധതി നടപ്പാക്കുകയും പിന്നീട് BJP യും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും Contributory Pension പദ്ധതിനടപ്പാക്കിത്തുടങ്ങുകയുമുണ്ടായി .
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ UDF ഭരണ കാലത്ത് 2013 ലാണ് കേരളത്തിൽ Contributory Pension പദ്ധതി നടപ്പാക്കിയത് .
ഈ പദ്ധതിയനുസരിച്ച് റിട്ടയർ ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക്
പെൻഷൻ നൽകാനുള്ള ബാധ്യതയിൽനിന്ന‌് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഫലത്തിൽ പിൻവാങ്ങുകയാണ്.
പെൻഷൻ ഫണ്ടിലേക്ക് ജീവനക്കാരന്റെ ശമ്പളത്തിൽനിന്ന് പ്രതിമാസം, അടിസ്ഥാന ശമ്പളവും DA യും ചേർന്ന സംഖ്യയുടെ 10% സംഖ്യ പിടിച്ചു വെയ്ക്കുന്നു.
ഈ സംഖ്യയ്ക്കു തുല്യമായ തുക പെൻഷൻ ഫണ്ടിലേക്ക് അതാത് സർക്കാരുകളും കെട്ടിവെയ്ക്കുന്നു
Contributory Pension സ്കീമിൽ അംഗമായ ജീവനക്കാരൻ റിട്ടയർ ചെയ്യുമ്പോൾ അയാളുടെ സർവ്വീസ് കാലത്ത് പെൻഷൻഫണ്ടിലേക്കുണ്ടായ ആകെ നിക്ഷേപത്തിന്റെ 60 % ശതമാനം തുക ജീവനക്കാരന് തിരിച്ചു നല്കും. അവശേഷിച്ച 40 % സംഖ്യ ഓഹരിക്കമ്പോളത്തിൽ നിക്ഷേപിച്ചതിൽ നിന്നു കിട്ടുന്ന സംഖ്യയാണ് ആ വ്യക്തിക്ക് പെൻഷൻ എന്ന രീതിയിൽ നല്കുന്നത‌്.
പുതിയ വ്യവസ്ഥകളിൽ ഫാമിലി പെൻഷനും മിനിമം പെൻഷനും ഇല്ലാതാകുന്നു .
നിലവിലുണ്ടായിരുന്ന അവസ്ഥയെ താരതമ്യം ചെയ്തു നോക്കിയാൽ, വളരെ തുച്ഛവും, നാമമാത്രവുമായ സംഖ്യയാണ് Contributory Pension സ്കീം അനുസരിച്ച് ഒരു റിട്ടയേഡ് ജീവനക്കാരന് പെൻഷനായി ലഭിക്കുക.
വിവിധ ഹൈക്കോടതികളും , സുപ്രീംകോടതി പോലും കൽപ്പിച്ചു നൽകിയ പെൻഷൻകാരുടെ അവകാശങ്ങൾ
ഒന്നാന്നായി മുതലാളിത്ത പ്രീണന സർക്കാറുകൾ കവർന്നെടുത്തു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വൻകിടക്കാരുടെ വിരൽ തുമ്പിലെ ചരടിൽ കെട്ടിയ ചിലർ അറിഞ്ഞും , മറ്റുചിലർ ഒന്നും അറിയാതെയും OlOP ക്യാമ്പയിനുമായി രംഗത്തിറങ്ങിയിട്ടുള്ളത് .
സർക്കാർ ജീവനക്കാരും , പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും അതുപോലെ സർക്കാർ പൊതുമേഖലാ
സർവ്വീസിൽ നിന്നും വിരമിച്ച്
പെൻഷൻ പറ്റുന്ന വരുമാണ്
രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും പ്രധാന കാരണമെന്നും , അതുവഴി സർക്കാർ പൊതു മേഘലാ ജീവനക്കാരാണ് തങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾക്ക് കാരണമെന്നും , അതിലൂടെ വളരെ ബുദ്ധിപൂർവ്വം പൊതുമേഖല തന്നെയാണ് തങ്ങളുടെ ശത്രുക്കളെന്നുമുള്ള ചിന്താധാരയെ സാമാന്യജനതയുടെ ഉപബോധമനസ്സിലൂടെ അവരുടെ ബോധ ചിന്തകളിലേക്ക് കുത്തിക്കയറ്റുക എന്ന കൂർമ്മ ബുദ്ധിയേറിയ മുതലാളിത്ത തലച്ചോറുകൾ OlOP പ്രചരണത്തിന് ചുക്കാൻ പിടിക്കുന്ന വിവരം
ഈ പ്രചരണം ഏറ്റുപിടിക്കുന്ന
സാമൂഹ്യ മാധ്യമങ്ങളിലെ പാവം നിഷ്കളങ്കരിൽ പലരും അറിയാതെ പോവുകയാണ്.
രാജ്യത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിക്ക് യഥാർത്ഥ കാരണക്കാരായവരെ രക്ഷപ്പെടുത്താനും , കോർപ്പറേറ്റ് മുതലാളിമാർക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്ന കേന്ദ്ര സർക്കാറിൻ്റെ
മുതലാളിത്ത, ഉദാരവൽക്കരണ ജന വിരുദ്ധ നയങ്ങൾക്കെതിരെ ജനഹൃദയങ്ങളിൽ നിന്ന് തെരുവുകളിലേക്ക് ഇരമ്പിയിറങ്ങുന്ന
പ്രതിഷേധ സമരങ്ങളെ വഴി തിരിച്ചുവിടാനുമാണ് ഇത്തരം ക്യാമ്പയിനുകൾ സംഘടിപ്പിക്കപ്പെടുന്നത് .
രാജ്യത്തെ കർഷകർ ദുരിതത്തിലല്ലേ എന്നാണ് ചോദ്യം .
ശരിയാണ് ..
രാജ്യത്തെ കർഷകൻ വിഷമത്തിലാണ്
പക്ഷേ എങ്ങനെ …. എന്തുകൊണ്ട് ..?
കാർഷികോൽപ്പന്നങ്ങളുടെ വിലയിടിയുന്നു ..
കേന്ദ്ര ഭരണകൂടങ്ങൾ കാലങ്ങളിൽ ഗാട്ട് കരാറും ആസിയാൻ കരാറും നടപ്പാക്കുമ്പോൾ ഇടതുപക്ഷം ആവർത്തിച്ച് പറഞ്ഞിരുന്നതാണ് ഇത് കർഷകരെ ദുരിതത്തിലാക്കുമെന്ന് ..
ആഗോളവൽക്കരണം നടപ്പിലാക്കുമ്പോഴും ഇറക്കുമതി നയങ്ങൾ ഉദാരമാക്കുമ്പോഴും
ഇന്ത്യ യുറോപ്യൻ യൂണിയനുമായി വ്യാപാര കരാർ ഉണ്ടാക്കുമ്പോഴും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നാടിൻ്റെ മുക്കിലും മൂലയിലും പ്രസംഗിച്ചിരുന്നതാണ് ..
കർഷകൻ നേരിടാൻ പോകുന്ന ദുരിതപൂർണ്ണമായ കഷ്ടകാലത്തെക്കുറിച്ച്.
ഈ നയങ്ങൾ കർഷകരുടെ നട്ടെല്ലൊടിക്കുമെന്ന് മനസ്സിലാക്കി ഇടതുപക്ഷം ശക്തിയുക്തം എതിർത്തപ്പോൾ
പരിഹസിച്ചു ചിരിച്ചവർ ഇപ്പോൾ കർഷകൻ്റെ ദുരിതത്തെക്കുറിച്ച് വലിയ വായിൽ ദു:ഖഗാനം പാടുന്നു.
കർഷകൻ്റെ ശത്രുക്കൾ സർവീസ് പെൻഷൻകാരല്ല.
കർഷകൻ്റെ യഥാർത്ഥ ശത്രുക്കളായ ഗാട്ടു കരാറിനെയും ആസിയൻ കരാറിനെയും ആഗോളവൽക്കരണത്തെയും ഉദാരവൽക്കരണത്തെയും, അതിൻ്റെ വക്താക്കളെയും എതിർക്കാതെ എതിർപ്പിൻ്റെ കുന്തമുന പെൻഷൻകാർക്ക് നേരെ തിരിച്ചുവെക്കുകയാണ് OlOP ക്യാമ്പയിൻ വക്താക്കൾ ചെയ്യുന്നത്.
മൂക്കറ്റം കടം വന്ന് മൂടിയെങ്കിലും ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നിരുന്ന കർഷകരെ ആത്മഹത്യക്ക് നിർബന്ധിതമാക്കും വിധം, കോടതി നടപടികളെ പോലും അപ്രസക്തമാക്കും വിധം, കർഷകനെ കിടപ്പാടത്തു നിന്നും പിടിച്ചിറക്കി
വീടും പറമ്പും ജപ്തി ചെയ്ത് പൊസഷനെടുക്കാൻ ബാങ്കുകൾക്ക് അധികാരം നൽകുന്ന The Securitisation and Reconstruction of Financial Assets and Enforcement of Security Interest Act, 2002 (SARFAESI Act), മുന്നോട്ടുവെച്ച വാജ്പേയ് നേതൃത്വം നൽകിയ BJP സർക്കാറിനെയും, അത് നടപ്പാക്കിയ
മൻമോഹന്‍ സിംഗ് സർക്കാറിനെയും OIOP ക്യാമ്പയിൻകാർ കർഷകരുടെ ശത്രുക്കളുടെ പട്ടികയിൽ പെടുത്തിയിട്ടേ ഇല്ല …!
OIOP ക്യാമ്പയിൻകാർ മുന്നോട്ടു വെയ്ക്കുന്ന , കർഷകൻ്റെ ശത്രുതാ പട്ടികയിൽ പെൻകാർ മാത്രമാണ്.
ഇവരുടെ പ്രകടമായ രാഷ്ട്രീയ ലക്ഷ്യത്തിൻ്റെ അടിവേരുകൾക്ക് വെള്ളവും വളവും എവിടെ നിന്നു കിട്ടുന്നു എന്ന് ഇതിൽനിന്നുതന്നെ വ്യക്തമാണ്.
OIOP വക്താക്കൾ ചോദിക്കുന്നു ..
രാജ്യത്തെ സാധാരണക്കാരൻ വിഷമത്തിലല്ലേ ..?
അതെ ..സാധാരണക്കാരൻ വിഷമത്തിൽത്തന്നെയാണ്.
പക്ഷേ അതിനു കാരണം പെൻഷൻകാരാണോ ?
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുമ്പോഴും , പെട്രോൾ ഡീസൽ വില ദിനംപ്രതി വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനി മുതലാളിമാർക്ക് അധികാരം ചാർത്തിക്കൊടുത്തവർ ജനജീവിതം ദുസ്സഹമാക്കുന്നു എന്ന് OIOP ക്കാർ അറിയാതെ പോലും പറഞ്ഞു പോകുന്നില്ല.
വിഷമമനുഭവിക്കുന്ന സാധാരണക്കാരനോട് , കള്ളപ്പണക്കാരും വിദേശ ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചവരുമാണ് നിങ്ങളുടെ ശത്രുക്കൾ എന്നും , ഞങ്ങൾ അധികാരത്തിൽ വന്നാൽ വിദേശത്തെ കള്ളപ്പണം മുഴുവനും പിടിച്ചെടുത്ത് ഉടൻ ഇന്ത്യയിലെത്തിക്കുമെന്നും
ഓരോരുത്തരും ഉടൻ ബാങ്ക് എക്കൗണ്ട് തുടങ്ങണമെന്നും , ഓരോരുത്തരുടെയും എക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വരുമെന്നും പാവപ്പട്ടവൻ്റെ മനസ്സിൽ ധാരണവളർത്തി അധികാരത്തിൽ വന്നവർ വിദേശത്തെ കള്ളപ്പണം വേട്ടയാടാൻ
എന്തു ചെയ്തുവെന്ന് ചോദിക്കാൻ OIOP ക്യാമ്പയിൻ വക്താക്കൾ ഒരു വരി പോലും എഴുതിക്കാണുന്നില്ലല്ലോ ?
2016 നവംബർ 8 ന് ഒരു മുന്നറിയിപ്പുമില്ലാതെ നോട്ടു നിരോധനം പ്രഖ്യാപിച്ച് നാടിൻ്റെ നട്ടെല്ലുതകർത്ത് മനുഷ്യജീവിതം എരിതീയിലേക്ക് വലിച്ചെറിഞ്ഞവരാണ് സാധാരണക്കാരൻ്റെ ശത്രുക്കൾ എന്ന് OIOP പ്രചരണക്കാർ പറഞ്ഞതായി കേട്ടിട്ടുണ്ടോ ?
സാധാരണക്കാരൻ സുരക്ഷിതമെന്നു കരുതി പണം നിക്ഷേപിക്കുന്ന രാജ്യത്തെ ബാങ്കുകളിൽ നിന്നും പതിനായിരക്കണക്കിന് കോടികൾ അടിച്ചുമാറ്റി രാജ്യം വിടുന്നവരും അവർക്ക് സഹായം ചെയ്യുന്ന ഉന്നതൻമാരുമാണ് നാടിൻ്റെ സാമ്പത്തിക ഭദ്രത തകർത്ത് സാധാരണക്കാരൻ്റെ ജീവിതം ദുരിതത്തിലാക്കുന്നത് എന്ന് OIOP ക്കാർ നിലപാടെടുത്തതായി കേട്ടിട്ടുണ്ടോ ?
കേരളവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
പക്ഷേ കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സർക്കാർ ജീവനക്കാരോ പെൻഷൻകാരോ അല്ല .
കേരളത്തിൻ്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാറിൻ്റെ അശാസ്ത്രീയമായ മുതലാളിത്ത പ്രീണന , ഫെഡറൽ വിരുദ്ധ നയങ്ങളാണ്.
GST നടപ്പിലാക്കി സംസ്ഥാനങ്ങളുടെ നികുതി വരുമാനം ഇല്ലാതാക്കി.
കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാനുള്ള പലവിധ കുടിശ്ശിക സംഖ്യകളും ഗ്രാൻറുകളും
നൽകാതെയായി.
രണ്ട് പ്രളയം തകർത്ത ഈ നാടിന് ആവശ്യമായത്ര പ്രളയദുരിതാശ്വാസം പോലും തരാൻ കേന്ദ്രം തയ്യാറായില്ല.
ആവശ്യമായ സംഖ്യ വായ്പ്പയെടുക്കുന്നതിനു പോലും സാദ്ധ്യമല്ലാത്ത വിധം കേരളത്തിൻ്റെ വായ്പാ പരിധി ഉയർത്തില്ല എന്ന് കേന്ദ്രം നിലപാട് സ്വീകരിച്ചു
കോവിഡ് മഹാമാരിയുടെ ഈ കഷ്ട കാലത്തുപോലും, വിളക്കു കൊളുത്താനും , പാട്ട കൊട്ടാനും പറഞ്ഞതല്ലാതെ ഒരു രാജ്യത്തെ നയിക്കുന്ന സർക്കാറിൻ്റെ മാതൃകാപരമായ കടമ കേന്ദ്ര സർക്കാർ നിറവേറ്റിയിട്ടുണ്ടോ ..?
രാജ്യത്തെ ജനങ്ങൾ ആകമാനം ദുരിതക്കയത്തിൽ മുങ്ങിത്താഴുകയാണ്.
1947 മുതൽ ദീർഘകാലം ഇന്ത്യ ഭരിച്ചത് കോൺഗ്രസ്സാണ് .
ഇടയിൽ വരെ ചെറിയ ഇടവേളകളിൽ മാത്രമാണ് കോൺഗ്രസ്സ് ഇതര സർക്കാറുകൾ ഇന്ത്യ ഭരിച്ചിട്ടുള്ളത് .
1998 മാർച്ച് മുതൽ 2004 മെയ് വരെയുള്ള കാലത്ത് വാജ്പേയ് നേതൃത്വത്തിലുള്ള BJP സർക്കാർ ഇന്ത്യ ഭരിച്ചു .
പിന്നീട് UPA ഭരണം സ്ഥാപിതമാവുകയും , ശേഷം 2014 മുതൽ BJP യും കേന്ദ്ര ഭരണം നടത്തി വരുന്നു.
ഇവർ നടപ്പാക്കി വന്ന ആഗോളവൽക്കരണ കോർപ്പറേറ്റ് മുതലാളിത്ത നയങ്ങൾ വൻകിട മുതലാളിമാരെ ഇന്ത്യൻ സമ്പത്ത് ഘടനയ്ക്കു മേലെ വളർത്തുന്നതും ഇന്ത്യയിലെ ആകെ സമ്പത്തിന്റെ വലിയ ശതമാനം, വിരലിലെണ്ണാവുന്ന കോർപ്പറേറ്റ് മുതലാളിമാരുടെ കൈവശവും ബാക്കി മാത്രം ഇന്ത്യയിലെ സാധാരണക്കാരായ ഭൂരിപക്ഷം ജനതയ്ക്ക് അനുഭവവേദ്യമാക്കുന്നതുമാണ്.
ഇതിൽ സാധാരണക്കാരന് അനുകൂലമായൊരു മാറ്റം വേണമെന്ന് OIOP ക്യാമ്പയിൻകാർക്ക് ആഗ്രഹമില്ലേ
ഇന്ത്യയിലാകമാനം നോക്കിയാൽ
ഭൂസ്വത്തിൻ്റെ ഭൂരിഭാഗവും കൈയ്യടക്കി വെച്ചിട്ടുള്ളത് എത്ര ചെറു ശതമാനം ഭൂഉടമകളാണ് ?
കേരളത്തിൽ നടപ്പാക്കിയ പോലെ ഭൂപരിഷ്കരണം ഇന്ത്യ മുഴുവൻ നടപ്പാക്കണമെന്നും ഒരോരുത്തർക്കും തുല്യ ഭൂമി എന്ന തത്വം നടപ്പാക്കണമെന്നും ഇവർ പറയാത്തതെന്തുകൊണ്ട് ?
എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കുന്നവരും വിറ്റുതുലക്കുന്നവരും ഇവരുടെ ശത്രുക്കളല്ല..
കർഷകൻ്റെ നടുവൊടിച്ച ഇറക്കുമതി നയങ്ങളുടെ ഉപജ്ഞാതാക്കൾ ഇവരുടെ ശത്രുക്കളല്ല ..
ചുളുവിലയ്ക്ക് നാടിൻ്റെ സമ്പത്ത്
കൈയടക്കുന്ന കോർപറേറ്റുകൾ ഇവരുടെ ശത്രുക്കളല്ല ..
ഈ ജനവിരുദ്ധ നയങ്ങളാണ് ജനങ്ങളുടെ കഷ്ടപ്പാടുകൾക്കും ദാരിദ്ര്യത്തിനും കാരണമെന്ന് ഇവർ ശബ്ദിക്കുന്നതേ ഇല്ല..
പുറകിലുള്ള ബുദ്ധികേന്ദ്രങ്ങളുടെ ഉദ്ദേശം മറ്റൊന്നുമല്ല ..
യഥാർത്ഥ ജന ശത്രുക്കളെ സംരക്ഷിക്കണം ..
സർക്കാർ ജീവനക്കാരും, പെൻഷൻകാരുമാണ് ശത്രുക്കൾ എന്ന തെറ്റായ പൊതുബോധം സൃഷ്ട്ടിച്ചെടുക്കണം
നിലവിൽ പെൻഷൻ പറ്റിക്കൊണ്ടിരിക്കുന്നവരുടെ പെൻഷൻ ഇല്ലാതാക്കണം ..
ആ തുക കൂടി വിജയ് മല്ല്യയെയും നീരവ് മോദിയെയും പോലുള്ളവർക്ക് വീതിച്ചു നൽകണം
ഇതിനു പുറകിലെ ബുദ്ധികേന്ദ്രങ്ങളുടെ പാത മറ്റൊന്നാണ് ..
അത് ഭാവിയിൽ ഇങ്ങനെയും നീളുന്നതാണ് ..
One India One Personal Law
One India One Leader
One India One Party
One India One Dress code
One India One Food
One India One Religion …?
അങ്ങിനെയാണോ ഒരൊറ്റ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നാം നടന്നു നീങ്ങേണ്ടത് ..?
സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കുറയ്ക്കാതെ തന്നെ
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും അസംഘടിതരായ എല്ലാ തൊഴിലാളി വിഭാഗത്തിൻ്റെയും
സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തേണ്ടതാണ് .
സർവ്വീസ് പെൻഷനുകൾ കുറയ്ക്കാതെത്തന്നെ
എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കേണ്ടതും എല്ലാവർക്കും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ഭൗതിക സാഹചര്യം ഒരുക്കണ്ടതുമാണ്.
അതിന് സാധാരണ പെൻഷൻകാരുടെ കഴുത്തിന് പിടിക്കയല്ല വേണ്ടത് .
നിരവധി ഹൈക്കോടതികളും ,ബഹു: സുപ്രീം കോടതിയും ശരിവെച്ച അവരുടെ അവകാശം കവർന്നെടുക്കുകയുമല്ല വേണ്ടത്.
വൻകിട കോർപ്പറേറ്റുകൾക്ക് കടിഞ്ഞാണിടുകയാണ് വേണ്ടത്.
ചൂഷണരഹിതമായ, തുല്യതയിൽ അധിഷ്ടിതമായ ഒരു സമൂഹത്തിന് തറക്കല്ലിടുകയാണ് വേണ്ടത്.
അതിന് സാമൂഹ്യ പ്രതിബദ്ധതയുള്ള, ജനപക്ഷത്തുനിൽക്കുന്ന , ഒരു ഭരണകൂടം സ്ഥാപിതമാകണം.
അക്കാര്യങ്ങളിൽ നിശബ്ദരാകുന്നവർ..
സാധാരണക്കാരൻ്റെ യഥാർത്ഥ ശത്രുക്കളെ മറച്ചു പിടിക്കുന്നവർ ..
വൺ ഇന്ത്യ വൺ അലവൻസ് എന്നോ, വൺ ഇന്ത്യ വൺ സാലറിയെന്നോ പറയാത്തവർ.. എങ്ങിനെയാണ് വൺ ഇന്ത്യ വൺ പെൻഷൻ എന്നു പറയുന്നത് ..?
ഏറ്റവും ചുരുങ്ങിയത് സർക്കാർ ഇതര അസംഘടിത തൊഴിൽ മേഖലകളിൽ
സ്ത്രീയ്ക്കും പുരുഷനും തുല്ല്യവേതനം വേണം എന്നെങ്കിലും ഇവർ പറയുന്നുണ്ടോ ..?
OIOP എന്നതിനെ എല്ലാവർക്കും തുല്യമായി സ്വത്ത് വീതം വെയ്ക്കുന്ന വൺ ഇന്ത്യ വൺ പ്രോപ്പർട്ടി എന്നാക്കി മാറ്റാൻ OIOP ക്യാമ്പയിൻകാർക്ക് ചങ്കൂറ്റമുണ്ടോ ?
എന്തേ, 60 വയസ്സു കഴിഞ്ഞിട്ടു മതിയോ
തുല്ല്യതയോടെയുള്ള ജീവിതം..?
അത് ജനനം മുതൽവേണ്ടതല്ലേ ..?
തെരുവിൽ അലയുന്ന ബാല്യങ്ങൾക്കുവേണ്ടതല്ലേ ..?
തൊഴിൽരഹിതരായ യുവാക്കൾക്കു വേണ്ടതല്ലേ ..?
പട്ടിണിപ്പാവങ്ങൾക്കു വേണ്ടതല്ലേ ..?
എല്ലാ ഇന്ത്യൻ പൗരൻമാർക്കും ഒരുപോലെ വേണ്ടതല്ലേ …?
രാജ്യത്തിൻ്റെ സമ്പത്തിൻ്റെ ഭൂരിഭാഗവും വിരലിലെണ്ണാവുന്ന അതിസമ്പന്നരുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെട്ട വ്യവസ്ഥയ്ക്കെതിരെ നമുക്ക് ശബ്ദമുയർത്തിക്കൂടെ ?
അതു കൊണ്ട് നമുക്കാ OIOP എന്ന മുദ്രാവാക്യം ഒന്നു മാറ്റിപ്പിടിച്ചു കൂടെ ?
OIOP എന്നു തന്നെയാകാം..
പക്ഷേ അത് ”വൺ ഇന്ത്യ വൺ പ്രോപ്പർട്ടി” എന്നാകണം.
ഒരു ഇന്ത്യ..
ഓരോ പൗരനും തുല്ല്യമായ സമ്പത്ത്..
ആ മുദ്രാവാക്യം ഉയർത്തിപ്പിടിക്കാൻ ഹൃദയവിശാലതയുണ്ടെങ്കിൽ
നിങ്ങൾക്കീ ജനാധിപത്യ രാജ്യത്തോട് സത്യസന്ധമായി സംവദിക്കാം ..
ടി.കെ.സുരേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News