യുഡിഎഫിനുവേണ്ടിയുള്ള പിആര്‍ പണി തരംതാണ നിലയില്‍ ജോറാകുന്നുണ്ടെന്ന് പറയാതെ വയ്യ; വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മലയാള മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്ക്.

യുഡിഎഫിനുവേണ്ടിയുള്ള പിആര്‍ പണി തരംതാണ നിലയില്‍ ജോറാകുന്നുണ്ടെന്ന് പറയാതെ വയ്യ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എതിരാണെങ്കില്‍ ഒന്നാംപേജില്‍പ്പോലും കള്ളം പറയാന്‍ മടിയില്ലെന്ന് എത്രയോ കാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍: ഇന്നത്തെ മനോരമ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. 10-ാം തീയതി കൈരളി ന്യൂസില്‍ ജോണ്‍ ബ്രിട്ടാസ് പുറത്തുവിട്ട കേരള സര്‍ക്കാരും യുഎഇയിലെ റെഡ് ക്രെസന്റുമായിട്ടുള്ള കരാര്‍ മനോരമയ്ക്ക് ഇന്ന് ബ്രേക്കിംഗ് ന്യൂസ് ആയിരിക്കുകയാണ്. അതിലെ അതിഗഹനമായ കണ്ടുപിടിത്തം രണ്ടാംകക്ഷി സര്‍ക്കാരാണെന്നതാണ്. ഇന്നലെയായിരുന്നു മാതൃഭൂമി ചാനലിലെ ബ്രേക്കിംഗ് ന്യൂസ്. ഭയങ്കര എക്‌സ്‌ക്ലൂസീവുകള്‍ തന്നെ.

ഏതായാലും ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കാന്‍ റെഡ് ക്രെസന്റുമായി കരാര്‍ ഉണ്ടാക്കിയതില്‍ സര്‍ക്കാരിനു പങ്കില്ലെന്ന വാദത്തെ അങ്ങനെ മനോരമ തലക്കെട്ടില്‍ത്തന്നെ പൊളിക്കുകയാണ്. ഈ എംഒയു ആകട്ടെ തന്റെ സാന്നിദ്ധ്യത്തിലാണ് കൈമാറിയതെന്ന് മുഖ്യമന്ത്രി തന്നെ 2019 ജൂലൈ 11 നേ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങളെ അറിയിച്ചകാര്യവുമാണ്.

യുഡിഎഫിനുവേണ്ടിയുള്ള പിആര്‍ പണി തരംതാണ നിലയില്‍ ജോറാകുന്നുണ്ട് എന്ന് പറയാതെ വയ്യ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എതിരാണെങ്കില്‍ ഒന്നാംപേജില്‍പ്പോലും കള്ളം പറയാന്‍ മടിയില്ലെന്ന് എത്രയോ കാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയദുരന്തബാധിതര്‍ക്ക് വീടുവച്ച് കൊടുക്കാന്‍ റെഡ് ക്രെസന്റ് ആകെ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സ്ഥലമാണ്. ബാക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം തീരുമാനിച്ചതും നടപ്പാക്കിയതും അവര്‍ തന്നെയാണ്. ധാരണാപത്രം ഒപ്പിടുന്നതിനു മുമ്പ് അവര്‍ അയച്ച കത്തില്‍ ഇക്കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്.

റെഡ് ക്രെസന്റില്‍ നിന്ന് സ്വര്‍ണക്കള്ളക്കടത്തുകേസ് പ്രതി കമ്മിഷന്‍ വാങ്ങി എന്ന് ആക്ഷേപമുണ്ടെങ്കില്‍, അതിന് ഉത്തരം പറയേണ്ടത് പണം കൊടുത്തവരാണ്. സംസ്ഥാന സര്‍ക്കാര്‍ അത്തരം കാര്യങ്ങള്‍ക്കൊന്നും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയതുമാണ്. ധാരണാപത്രത്തിലെ ആറാമത്തെ ക്ലോസില്‍ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്ന കക്ഷികളില്‍ ഒരാളുടെ ചെയ്തികള്‍ മറ്റേയാള്‍ക്ക് ഉത്തരവാദിത്വമില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി ഉണ്ടായിട്ടുണ്ടെങ്കില്‍ കൊടുത്തയാളെയും വാങ്ങിയയാളെയും കൃത്യമായി കണ്ടെത്തി ശിക്ഷിക്കണം. മൂന്നു കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ തന്നെ രംഗത്തുണ്ടല്ലോ.

എന്നിട്ടും മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് മനോരമയുടെ നുണക്കഥ. റെഡ് ക്രെസന്റുമായി കരാര്‍ ഉണ്ടാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി എവിടെയും പറഞ്ഞിട്ടില്ല. പത്രസമ്മേളനത്തിലും ഫേസ്ബുക്ക് പേജിലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്. എന്നിട്ടും മുഖ്യമന്ത്രി പറയാത്ത കാര്യം പറഞ്ഞുവെന്ന് കഥയുണ്ടാക്കി, അതിന്റെ മേല്‍ അന്വേഷണം നടത്തി വിധി പറയാന്‍ ശ്രമിക്കുകയാണ് മനോരമ.

അതിനിടെ രണ്ടാം ലാവലിന്‍ എന്ന ഭീഷണിയുമായി ചിലരിറങ്ങിയിട്ടുണ്ട്. ഒന്നാം ലാവലിന്‍ വിവാദത്തില്‍ സ്വന്തമായി സൃഷ്ടിച്ച കള്ളക്കഥകളിലൂടെയാണ് യുഡിഎഫിനുവേണ്ടി മനോരമ രംഗം കൊഴുപ്പിച്ചത്. വരദാചാരിയുടെ തലക്കഥയൊക്കെ എത്ര എപ്പിസോഡുകളിലാണ് മനോരമ ഓടിച്ചത്?

ഒന്നാം ലാവലിന്‍ കാലത്ത് പറഞ്ഞതിനെ ദുര്‍വ്യാഖ്യാനം ചെയ്യലായിരുന്നു മനോരമയുടെ പണി. രണ്ടാം ലാവലിനായപ്പോള്‍ പറയാത്തത് പറഞ്ഞെന്ന് ഒന്നാം പേജില്‍ നുണയെഴുതുന്നു. എന്നിട്ട് അത് തെറ്റെന്ന് തങ്ങള്‍ തെളിയിച്ചു എന്നവകാശപ്പെടുന്നു. ജോറാകുന്നുണ്ട് എന്നു മാത്രം ഒറ്റവാക്കില്‍ പറയട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News