കൊവിഡ് പ്രതിരോധത്തിന് അഭിമാന കണ്ടെത്തലുകളുമായി ശ്രീചിത്രാ ആശുപത്രി നിര്‍ണായക ഇടപെടലുകളുടെ സാഹചര്യത്തില്‍ ഡോ. ആശാ കിഷോറിനെതിരായ രാഷ്ട്രീയ പ്രതികാര നടപടികള്‍

കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായക പങ്കാണ് തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രി നിര്‍വഹിക്കുന്നത്. കൊവിഡ് പരിശോധനയ്ക്കായി പുതിയ കിറ്റ് മുതല്‍ അണുനാശിനി ഗേറ്റ്വേ വരെ നീളുന്ന കണ്ടെത്തലുകള്‍ കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് അഭിമാനമായി. ഇത്തരത്തിലുള്ള നിര്‍ണായക ഇടപെടലുകളുടെ സാഹചര്യത്തില്‍ കൂടിയാണ് ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആശാ കിഷോറിനെതിരായ രാഷ്ട്രീയ പ്രതികാര നടപടികള്‍.

ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡോ.ആശാ കിഷോറിന്റെ നേതൃത്വത്തില്‍ 2015 മുതല്‍ 2020 വരെയായി സംസ്ഥാന സര്‍ക്കാരിന് അഭിമാനകരമായ നിരവധി നേട്ടങ്ങള്‍ നല്‍കിയിട്ടുണ്ട്.

കൊവിഡ് കാലത്താകട്ടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറെ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. രോഗവ്യാപനം തടയാന്‍ സഹായിക്കുന്ന നിരവധി കണ്ടുപിടുത്തങ്ങളാണ് ശ്രീചിത്രയില്‍ ഇതിനോടകം നടന്നത്. ഇതുമായി ബന്ധപ്പെട്ട് 24 പേറ്റന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും 26 ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

കൊവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനക്കായി ശ്രീചിത്ര വികസിപ്പിച്ചെടുത്ത ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റ് അതിവേഗതയില്‍ വിപണിയില്‍ എത്തിച്ചു. ആന്റിബോഡി കിറ്റ്, അടിയന്തിര സാഹചര്യങ്ങളില്‍ ഓട്ടോമേറ്റഡ് എഎംബിയു അടിസ്ഥാനമാക്കിയുള്ള വെന്റിലേറ്റര്‍ പിന്തുണ, രോഗ വ്യാപനം തടയുക ലക്ഷ്യമാക്കി അണുനാശിനി ഗേറ്റ്വേ, രോഗബാധിതര്‍ക്ക് ഐസോലേഷന്‍ പോഡ്, സിംഗിള്‍, ഡബിള്‍ ചേംബര്‍ സ്രവ ശേഖരണ മെഷീന്‍ എന്നിവ അതില്‍ പ്രധാനം. ഈ രീതിയില്‍ കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന് മികച്ച പിന്തുണയാണ് ശ്രീചിത്ര സെന്റര്‍ നല്‍കി വരുന്നത്.

ആശാ കിഷോര്‍ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം വൈദ്യശാസ്ത്ര ഉപകരണ വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയത്. ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗത്തിലെ ടെക്നിക്കല്‍ റിസര്‍ച്ച് സെന്ററിന് കീഴില്‍ വൈദ്യശാസ്ത്ര ഉപകരണങ്ങളും ഉത്പന്നങ്ങളും വികസിപ്പിക്കുന്നതിന് 37 പുതിയ ഗവേഷണ പദ്ധതികള്‍ ആരംഭിച്ചു. മൂന്ന് വര്‍ഷത്തിനിടെ 18 പുതിയ വൈദ്യശാസ്ത്ര ഉപകരണ സാങ്കേതികവിദ്യകളാണ് ശ്രീചിത്ര വികസിപ്പിച്ചെടുത്തത്.

ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ പങ്കാളിത്തത്തോടെ ഡീപ് ബ്രെയിന്‍ സിമുലേറ്റര്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഡോ. ആശാ കിഷോറിന്റെ നേതൃത്വത്തിലുള്ള ഗവേഷണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ പേറ്റന്റിനായി 84ഉം വിദേശ പേറ്റന്റിനായി 8ഉം അപേക്ഷകള്‍ സമര്‍പ്പിച്ചു. 24 ഡിസൈനുകളും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ച ഇന്ത്യന്‍ പേറ്റന്റുകളുടെ 50 ശതമാനവും വിദേശ പേറ്റന്റുകളുടെ 55 ശതമാനവും വരുമിത്.

ഇക്കാലയളവില്‍ 12 ഇന്ത്യന്‍ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും ശ്രീചിത്രയ്ക്ക് ലഭിച്ചു. ഈ നേട്ടങ്ങള്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചുവെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാധീനമുപയോഗിച്ചുള്ള ഡയറക്ടര്‍ക്കെതിരായ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News