എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നില്‍ തന്നെ; പൊതുജന നന്മയ്ക്കായി ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയത് 10 കോടി 93 ലക്ഷം രൂപ

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനിലെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് 10 കോടി 93 ലക്ഷം രൂപ. 82 സ്ഥാപനങ്ങള്‍ക്കാണ് നാല് വര്‍ഷം കൊണ്ട് ഈ തുക ലഭിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷം കൊണ്ട് രണ്ടു കോടി 35 ലക്ഷം രൂപ ചെലവഴിച്ചടുത്താണ് അതിന്റെ മൂന്നിരട്ടി തുക ഈ സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ട് ചെലവഴിച്ചിരുന്നത്

മദ്യം വിറ്റ വകയില്‍ ലഭിച്ച ലാഭത്തില്‍ നിന്നും ബിവറേജസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ചിലവഴിച്ചതാണ് പത്തുകോടി 93 ലക്ഷം രൂപ .കുടിവെള്ള പദ്ധതികള്‍ ,ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍ , ഹൈടെക് ലൈബ്രറികള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്ര സ്‌കൂട്ടര്‍ തുടങ്ങി നിരവധി പൊതുജന നന്മകളാണ് ബിവറേജസ് കോര്‍പ്പറേഷന്‍ നടത്തിയത്.

പേരാമ്പ്ര ഇഎംഎസ് കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന് മാത്രം ഒന്നേകാല്‍ കോടി രൂപ ചെലവഴിച്ചു.സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രങ്ങള്‍ക്കും അവശ്യ വിഭാഗങ്ങള്‍ക്കും ആണ് ഈ തുക കൂടുതലും ലഭിച്ചത്. 82 സ്ഥാപനങ്ങള്‍ക്കാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഈ വകയില്‍ സഹായം നല്‍കിയത്.

എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന് അഞ്ചുവര്‍ഷംകൊണ്ട് ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയത് കേവലം രണ്ടു കോടി 35 ലക്ഷം രൂപ മാത്രമാണ്. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം പറയുന്നത്.

ബിവറേജസ് കോര്‍പ്പറേഷനിലെ പൊതുജന നന്മയെ കരുതി ഉള്ള ഫണ്ട് കൈകാര്യം ചെയ്യുന്നതിലും എല്‍ഡിഎഫ് സര്‍ക്കാര്‍ യുഡിഎഫ് സര്‍ക്കാരിനെ അപേക്ഷിച്ച് വളരെ മുന്നിലാണ് എന്നാണ് ഇത് തെളിയിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here