തിരുവനന്തപുരം: മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കാനിരുന്ന സുരേഷ്ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ചിത്രത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് കോടതി സ്ഥിരപ്പെടുത്തി. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലടക്കം ചിത്രത്തിന്റെ പ്രമോഷനും പരസൃപ്രചാരണവും വിലക്കി. നേരത്തെ ഇടക്കാല ഉത്തരവിലൂടെ ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇരുഭാഗത്തിന്റെയും വാദം കേട്ട് തിരക്കഥയും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് അന്തിമ ഉത്തരവ്.
സുരേഷ്ഗോപിയുടെ 250ാം ചിത്രമെന്ന നിലയിലായിരുന്നു സിനിമപ്രഖ്യാപിച്ചത്. പൃത്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്ഗോപി ചിത്രത്തിനായി പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തിയെന്നായിരുന്ന ഹര്‍ജിക്കാരുടെ ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന.
സുരേഷ്ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് പകര്‍പ്പവകാശനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹര്‍ജിഭാഗം കോടതിയില്‍ ഹാജരാക്കി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃത്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ജൂലൈ 15ന് തുടങ്ങാനിരുന്ന ഷൂട്ടിംഗ് കോവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു.
ജിനു ഏബ്രഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ.

Get real time update about this post categories directly on your device, subscribe now.