2 നാളിനുശേഷം വീണ്ടും വർധന ; മഹാരാഷ്ട്രയിൽ 13000 രോഗികൾ

രാജ്യത്ത്‌ രണ്ടുദിവസമായി കുറഞ്ഞുനിന്ന കോവിഡ്‌ ബാധിതരിലും മരണത്തിലും വീണ്ടും കുതിച്ചുചാട്ടം. പ്രതിദിന രോഗികൾ ഒരിക്കൽക്കൂടി 64,000 കടന്നപ്പോൾ പ്രതിദിന മരണം 1000 കടന്നു. 24 മണിക്കൂറിൽ 64,531 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1092 പേർകൂടി മരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണമാണിത്‌. ചൊവ്വാഴ്‌ചയും ലോകത്ത്‌ ഏറ്റവും കൂടുതൽ രോഗികൾ ഇന്ത്യയിലാണ്‌. രാജ്യത്ത്‌ ആകെ രോഗികളുടെ എണ്ണം 28,25,000 ആയി. മരണം 54000ലേക്ക്‌.

ഞായർ, തിങ്കൾ ദിവസങ്ങളിൽ അറുപതിനായിരത്തിൽ താഴെയായിരുന്നു രോഗികൾ. മരണം ആയിരത്തിൽ താഴെയും. ഏതാനും ദിവസമായി രാജ്യത്ത്‌ രോഗികളും മരണവും കുറഞ്ഞുവരുന്നതായും ഇത്‌ ശുഭകരമാണെന്നും ആരോഗ്യവകുപ്പ്‌ സെക്രട്ടറി രാജേഷ്‌ ഭൂഷൺ ചൊവ്വാഴ്‌ച വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

രാജ്യത്ത്‌ രോഗമുക്തരുടെ എണ്ണം 20 ലക്ഷത്തിലേറെയായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 60,091 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 20,37,871. രോഗമുക്തിനിരക്ക്‌ 73.64 ശതമാനം. മരണനിരക്ക്‌ 1.91 ശതമാനമാണ്‌. നിലവിൽ 6,76,514 പേരാണ്‌ രാജ്യത്ത്‌ ചികിത്സയിലുള്ളത്‌. 24 മണിക്കൂറിൽ 8,01,518 പരിശോധന നടത്തിയതായി ഐസിഎംആർ അറിയിച്ചു.

മേഘാലയയിൽ ബിഎസ്‌എഫ്‌ ജവാന്മാർക്ക്‌ കോവിഡ്‌
മേഘാലയയിൽ 17 ബിഎസ്‌എഫ്‌ ജവാന്മാർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഇതടക്കം സംസ്ഥാനത്ത് ബുധനാഴ്‌ച‌ 49 പേർക്ക്‌‌ രോഗം‌ ബാധിച്ചു. കിഴക്കൻ ഖാസി ജില്ലയിൽ 47 പേർക്കും വടക്ക്‌ ഗാരോ ജില്ലയിൽ രണ്ടുപേർക്കുമാണ് രോഗം‌ സ്ഥിരീകരിച്ചത്‌. കിഴക്കൻ ഖാസി ജില്ലയിൽ നിലവിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ള 492 പേരിൽ 174 പേർ സുരക്ഷാസൈനികരാണ്‌.

മഹാരാഷ്ട്രയിൽ 13000 രോഗികൾ
മഹാരാഷ്ട്രയിൽ ഇതാദ്യമായി പ്രതിദിനരോഗികൾ 13,000 കടന്നു. തമിഴ്‌നാട്ടിലും കർണാടകത്തിലും പ്രതിദിന മരണം വീണ്ടും നൂറിലേറെയായി. ആന്ധ്രയിൽ ബുധനാഴ്‌ച പതിനായിരത്തിനടുത്ത്‌ രോഗികൾ. മഹാരാഷ്ട്രയിൽ ബുധനാഴ്‌ച 13,165 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 346 പേർ മരിച്ചു. ആകെ രോഗികൾ 6.28 ലക്ഷത്തിലേറെയായി. മരണം 21,033. മുംബൈയിൽ 1132 രോഗികളും 46 മരണവും. കർണാടകത്തിൽ 8642 പുതിയ രോഗികളും 126 മരണവും. ആകെ രോഗികൾ രണ്ടര ലക്ഷത്തോടടുത്തു. മരണം 4327. തമിഴ്‌നാട്ടിൽ 5795 രോഗികളും116 മരണവും. ആകെ രോഗികൾ മൂന്നര ലക്ഷത്തിലേറെയായി.

മരണം 6123. ആന്ധ്രയിൽ 9742 രോഗികളും 86 മരണവും. ആകെ 3.16 ലക്ഷം കടന്നു രോഗികൾ. മരണം 2906ൽ എത്തി. ഡൽഹിയിൽ 1398 രോഗികളും ഒമ്പത്‌ മരണവും. യുപിയിൽ 5156 രോഗികളും 53 മരണവും. ബംഗാളിൽ രോഗികൾ 3169. മരണം 53. പഞ്ചാബിൽ 1693 രോഗികളും 24 മരണവും. ബിഹാറിൽ 2884 രോഗികളും 10 മരണവും. ഒഡിഷയിൽ 2589 രോഗികളും 10 മരണവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here