പിഎം കെയേഴ്‌സിൽനിന്ന്‌ കോടികൾ ഒഴുകുന്നത്‌ എങ്ങോട്ട്‌ ; വിവരാവകാശത്തിലും ഉത്തരമില്ല

പിഎം കെയേഴ്‌സിലേക്ക്‌ അഞ്ചുമാസത്തിനുള്ളിൽ 38 പൊതുമേഖലാ സ്ഥാപനം സംഭാവനയായി നൽകിയത്‌ 2,105.38 കോടി രൂപ. മഹാരത്ന, നവരത്ന സ്ഥാപനങ്ങളും എണ്ണ, വൈദ്യുതി കമ്പനികളും സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട‌ിന്റെ‌ ‌‌(സിഎസ്‌ആർ) ഭൂരിഭാഗവും പിഎം കെയേഴ്‌സിലേക്ക്‌ സംഭാവന ചെയ്‌തതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.

ഒഎൻജിസി–- 300 കോടി, എൻടിപിസി–- 250 കോടി, ഇന്ത്യൻ ഓയിൽ–- 225 കോടി, പവർ ഫിനാൻസ്‌ കോർപറേഷൻ–- 200 കോടി, പവർ ഗ്രിഡ്‌–- 200 കോടി, എൻഎംഡിസി–- 155 കോടി, ബിപിസിഎൽ–- 125 കോടി, എച്ച്‌പിസിഎൽ–- 120 കോടി, കോൾ ഇന്ത്യ–- 100 കോടി എന്നിങ്ങനെയാണ്‌ നൽകിയത്‌.

പിഎം കെയേഴ്‌സിലേക്കുവരുന്ന സഹസ്രകോടികൾ എങ്ങോട്ടാണ്‌ പോകുന്നതെന്ന്‌ വിശദീകരണമില്ല. സംഭാവനകൾ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക്‌ മാറ്റേണ്ടതില്ലെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ചോദ്യങ്ങൾ നിരവധി

സിഎജി ഓഡിറ്റ്‌ ചെയ്യുന്ന ദേശീയ ദുരിത നിവാരണ ഫണ്ട്‌ നിലവിലുള്ളപ്പോൾ പിഎം കെയേഴ്‌സിന്റെ പ്രസക്തി എന്ത്‌‌‌?‌ പിഎം കെയേഴ്‌സിന്റെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താൻ വിസമ്മതിക്കുന്നത്‌ എന്തിന്‌‌? ‌കണക്കുകൾ സിഎജി പരിശോധിക്കാത്തത്‌ എന്തുകൊണ്ട്‌? ‌ഇടപാടുകൾ പാർലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ‌‌‌‌(‌പിഎസി‌‌‌‌‌) പരിശോധിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌‌ ബിജെപി അംഗങ്ങൾ ബഹളം ഉണ്ടാക്കിയത്‌ എന്തിന്‌? തുടങ്ങിയ ചോദ്യങ്ങൾക്ക്‌ ഉത്തരമില്ല‌‌.

വിവരാവകാശത്തിലും ഉത്തരമില്ല

പിഎം കെയേഴ്‌സിന്റെ വിശദാംശങ്ങൾ തേടി വിവരാവകാശ പ്രകാരം നൽകിയ നിരവധി അപേക്ഷകൾ പ്രധാനമന്ത്രികാര്യാലയം നേരത്തേ തള്ളി. വിവരാവകാശനിയമത്തിലെ 2 ‌‌‌(‌എച്ച്‌) പ്രകാരമുള്ള ‘പൊതു ഉടമസ്ഥതയിലുള്ള’ ഫണ്ട്‌ അല്ലാത്തതിനാൽ വിവരങ്ങൾ നൽകില്ലെന്നാണ്‌ മറുപടി. വ്യക്തികളും സംഘടനകളും സ്വമേധയാ നൽകുന്ന സംഭാവനയായതിനാൽ പരിശോധിക്കാൻ ഇല്ലെന്ന്‌ അറിയിച്ച്‌ സിഎജിയും തടിയൂരി.

പ്രവർത്തനം ആശ്ചര്യജനകം

വിവാദം മുറുകിയപ്പോൾ പിഎം കെയേഴ്‌സ്‌ ട്രസ്റ്റ്‌ യോഗം ചേർന്ന്‌ ‘സാർക്ക്‌ ആൻഡ്‌ അസോസിയേറ്റ്‌സ്‌’ എന്ന കമ്പനിയെ കണക്കുകൾ പരിശോധിക്കാൻ ചുമതലപ്പെടുത്തി. ബിജെപിയുമായി അടുത്തബന്ധമുള്ള സുനിൽകുമാർ ഗുപ്‌തയാണ്‌ സാർക്ക്‌ സ്ഥാപകൻ.

ആരെയും കണക്ക്‌ ബോധ്യപ്പെടുത്തേണ്ടാത്ത, ആരോടും ഉത്തരവാദിത്തമില്ലാത്ത പൊതുട്രസ്‌റ്റെന്ന നിലയിലുള്ള പിഎം കെയേഴ്‌സിന്റെ പ്രവർത്തനം ആശ്ചര്യജനകമെന്ന്‌ നിയമവിദഗ്‌ധരും വിലയിരുത്തി.

സുതാര്യത എന്ത്:‌ യെച്ചൂരി

എല്ലാത്തരം പരിശോധനകളിൽനിന്നും പിഎം കെയേഴ്‌സിനെമാത്രം എങ്ങനെ ഒഴിവാക്കാനാകുമെന്ന്‌ ‌സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എംപിമാരുടെയും സർക്കാർ ജീവനക്കാരുടെയും വരുമാനത്തിൽനിന്ന്‌ പിഎം കെയേഴ്‌സിലേക്ക്‌ സംഭാവന പിരിച്ചിട്ടുണ്ട്‌. എംപിമാരുടെ രണ്ടുവർഷത്തെ പ്രാദേശിക വികസനഫണ്ടും ഈ സ്വകാര്യ ട്രസ്റ്റിലേക്ക്‌ മാറ്റാൻ ഉത്തരവിറക്കിയിട്ടുണ്ട്‌. പിഎം കെയേഴ്‌സിലേക്ക്‌ സംഭാവനകൾ നൽകുന്ന കോർപറേറ്റുകൾക്ക്‌ വൻ നികുതി ഇളവും ഉറപ്പാക്കിയിട്ടുണ്ട്‌. ഈ രീതിയിൽ ഒക്കെ പ്രവർത്തിക്കുന്ന പിഎം കെയേഴ്‌സ്‌ സുതാര്യമെന്ന്‌ എങ്ങനെ വിലയിരുത്താൻ സാധിക്കുമെന്നും യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News