കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിവിധ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് ബിജെപി കേന്ദ്ര നേതൃത്വം ചെലവിട്ടത് 325.45 കോടി രൂപ. തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അച്ചടി, ഇലക്‌ട്രോണിക്, ഡിജിറ്റൽ, കേബിൾ മാധ്യമങ്ങൾക്കും കൂട്ട എസ്‌എംഎസ് അയക്കാൻ മൊബൈൽ ഫോൺ സേവനദാതാക്കൾക്കും വൻതുകയാണ് നൽകിയത്.
ഡൽഹി കേന്ദ്രമായ സ്വകാര്യ പരസ്യ ഏജൻസി വഴിമാത്രം മാധ്യമങ്ങളിൽ 198 കോടി രൂപയുടെ പരസ്യം നൽകി. മാധ്യമങ്ങൾക്ക് നേരിട്ടും പരസ്യത്തിന്റെ പണം കൈമാറി. ഏഷ്യാനെറ്റ് ന്യൂസിന് 33.86 ലക്ഷം രൂപയും മലയാള മനോരമയ്‌ക്ക് 5.90 ലക്ഷം രൂപയും നൽകി. കേരളത്തിലടക്കം കൂട്ട എസ്‌എംഎസുകൾ അയക്കാനും കംപ്യൂട്ടർ നിയന്ത്രിത സംവിധാനത്തിൽ വോട്ടർമാരെ വിളിക്കാനും എയർടെൽ വഴി കോടിക്കണക്കിനു രൂപ ചെലവിട്ടു.
ഡിജിറ്റൽ സംവിധാനത്തിൽ ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ നമോ ടിവിക്ക് കൊടുത്ത പണത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമീഷനു നൽകിയ സത്യവാങ്‌മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. വാർത്താവിതരണ മന്ത്രാലയത്തിൽനിന്ന് ലൈസൻസ് എടുക്കാതെയാണ് പ്രവർത്തനം തുടങ്ങിയത്. ബിജെപി വാടകയ്‌ക്ക് എടുത്ത ഡിജിറ്റൽ സംവിധാനമാണ് നമോ ടിവിയെന്നാണ് കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമീഷനും വിശദീകരിച്ചത്. ബിജെപി നേതാക്കളുടെ റാലികളും പ്രസംഗങ്ങളുമാണ് നമോ ടിവി സംപ്രേഷണം ചെയ്‌തത്.
നമോ ടിവിക്ക് സംപ്രേഷണം ചെയ്യാൻ പരിപാടികൾ ഇന്റർനെറ്റിൽനിന്നാണ് ലഭിക്കുന്നതെന്നാണ് നടത്തിപ്പുകാർ പറഞ്ഞത്. ഉള്ളടക്കം അനുമതിയില്ലാതെ ലഭിച്ചത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല.

Get real time update about this post categories directly on your device, subscribe now.