കേന്ദ്ര സർക്കാർ ജോലികളിൽ നിയമനത്തിന് ദേശീയ റിക്രൂട്ട്‌മെന്റ് ഏജൻസി(എൻആർഎ)യും പൊതു യോഗ്യതാ പരീക്ഷ(സിഇടി)യും. എസ്‌എസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സെലക്‌ഷൻ എന്നീ ഏജൻസികൾ വെവ്വേറെ നടത്തുന്ന പ്രാഥമികഘട്ടം പരീക്ഷകളാണ് ഏകീകരിക്കുന്നത്. ബിരുദം, പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് യോഗ്യതകളുടെ അടിസ്ഥാനത്തിൽ മൂന്ന് തലത്തിൽ പൊതു യോഗ്യതാ പരീക്ഷ നടത്തും. പരിഷ്‌കരണത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ഗ്രൂപ്പ് ‘ബി’, ‘സി’ തസ്‌തികകളിൽ നിയമനത്തിനുള്ള ചുരുക്കപ്പട്ടിക സിഇടിവഴി തയ്യാറാക്കും. പൊതുപാഠ്യപദ്ധതി ആസ്‌പദമാക്കി വിവിധ ഇന്ത്യൻ ഭാഷകളിൽ ചോദ്യപേപ്പർ തയ്യാറാക്കും. രണ്ടും മൂന്നും തട്ടിലെ പരീക്ഷകൾ എസ്‌എസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്, ഐബിപിഎസ് എന്നിവ നടത്തും.
സിഇടി സ്‌കോറിന് മൂന്നുവർഷം സാധുത ഉണ്ടാകും. മൂന്നുവർഷത്തെ പരീക്ഷകളിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് പരിഗണിക്കുക. ഉയർന്ന പ്രായപരിധി കഴിയുന്നതുവരെ പരീക്ഷ എഴുതാം. പട്ടികജാതി, പട്ടികവർഗ, ഒബിസി, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
തുടക്കത്തിൽ വർഷം രണ്ട് പരീക്ഷവീതം നടത്തും. എല്ലാ ജില്ലയിലും ഒരു കേന്ദ്രമെങ്കിലും ഉണ്ടാകും. രജിസ്‌ട്രേഷൻ, അഡ്‌മിറ്റ് കാർഡ് വിതരണം, ഫലപ്രഖ്യാപനം എന്നിവ ഓൺലൈനിലാകും. 95 ശതമാനംവരെ അപേക്ഷകരെ പൊതുപരീക്ഷയിൽ പുറന്തള്ളും. ദേശീയ റിക്രൂട്ട്‌മെന്റ് ഏജൻസി (എൻആർഎ)യിൽ വിവിധ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തും.

Get real time update about this post categories directly on your device, subscribe now.