സ്വർണക്കടത്ത് : ‘ഉന്നതരുടെ’ മൊഴിയെടുക്കാൻ അനുമതി നൽകാതെ വിദേശമന്ത്രാലയം

സ്വർണക്കടത്ത്‌ കേസിൽ കോൺസുൽ ജനറൽ അടക്കമുള്ള യുഎഇ പൗരന്മാരായ കോൺസുലേറ്റ്‌ ഉന്നതരുടെ മൊഴി എടുക്കാൻ എൻഐഎയ്‌ക്ക്‌ അവസരമൊരുക്കാതെ വിദേശകാര്യ വകുപ്പിന്റെ ഒളിച്ചുകളി. സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തിന്റെ അനുമതിയില്ലാതെയാണ്‌ നയതന്ത്രബാഗേജ്‌ കസ്‌റ്റംസ്‌ ക്ലിയർ ചെയ്‌ത്‌ കൊടുത്തതെന്ന്‌ വ്യക്തമായതിനു പിന്നാലെയാണ്‌ വിദേശകാര്യ വകുപ്പിന്റെ ദുരൂഹ നിലപാട്‌ വെളിച്ചത്ത്‌ വരുന്നത്‌.

ദുബായ്‌ പൊലീസിന്റെ പിടിയിലായ ഫൈസൽ ഫരീദിനെ എൻഐഎയ്‌ക്ക്‌ വിട്ടുകിട്ടുന്നതിലും നടപടിയില്ല. കുറ്റവാളികളെ കൈമാറാൻ യുഎഇയുമായി കരാറുണ്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ അനങ്ങിയിട്ടില്ല.

അതിനിടെ ഫൈസൽ ഫരീദിനെയും മൂവാറ്റുപുഴ സ്വദേശി കെ ടി റമീസിനെയും ചോദ്യം ചെയ്യാൻ ദുബായിൽ പോയ എൻഐഎ സംഘം തിരിച്ചെത്തി. കോൺസുലേറ്റ്‌ ജനറലിന്റെയും അറ്റാഷെയുടെയും അടുത്തുനിന്ന്‌ വിവരങ്ങളറിയാൻ എൻഐഎ പദ്ധതിയിട്ടെങ്കിലും ഇതിനായി വിദേശകാര്യമന്ത്രാലയം കത്തയച്ചില്ല.

ലക്ഷ്യം നേടാതെ തിരികെ പോകാൻ നിർദേശം നൽകുകയും ചെയ്‌തു.സ്വപ്‌ന സുരേഷ്‌ അടക്കം ഇതുവരെ പിടികൂടിയ പ്രതികളെ കേന്ദ്രീകരിച്ചാണ്‌ ഇപ്പോഴും എൻഐഎയുടെയും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെയും (ഇഡി)അന്വേഷണം തുടരുന്നത്‌. സ്വർണക്കടത്ത്‌ കേസിൽ ഉന്നതരുടെ പങ്ക്‌ വ്യക്തമായെങ്കിലും ഏജൻസികൾ ഇവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

ബാഗേജ്‌ വിട്ടുകൊടുക്കാൻ കസ്‌റ്റംസ്‌ അസിസ്‌റ്റന്റ്‌ കമീഷണറോട്‌ ശുപാർശ നടത്തിയ സംഘപരിവാറുകാരനായ ട്രേഡ്‌ യൂണിയൻ നേതാവിനെ കൊച്ചിയിൽ വിളിച്ചുവരുത്തി വിട്ടയക്കുകയാണുണ്ടായത്‌. കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിരുന്നതായി പ്രതികളായ സ്വപ്‌നയും സന്ദീപും സരിത്തും മൊഴി നൽകിയിരുന്നു.

എന്നാൽ, ആ വഴിക്ക്‌ അന്വേഷണം നടത്താത്തത്‌ ഉന്നത ഇടപെടലിനാലാണ്‌‌. കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌താൽ അന്വേഷണം നിർണായക വഴിത്തിരിവിലാകും. സ്വർണക്കടത്ത്‌ ശൃംഖലയുമായുള്ള ബിജെപി ബന്ധം പുറത്താകും. കേസിലെ തീവ്രവാദ ബന്ധത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News