വിമാനത്താവളം സ്വകാര്യവത്ക്കരണത്തെ അനുകൂലിച്ച് തരൂര്‍; ഔദ്യോഗിക നിലപാടിനെതിരായ സമീപനം എന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്ന് സുധീരന്‍

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ശശി തരൂര്‍ എംപി. അദാനിക്ക് കൈമാറിയതിലൂടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഒരു ആള്‍ക്കൂട്ടമാണെന്നും അഭിപ്രായ ഭിന്നതകള്‍ ആണ് അതിന്റെ മുഖമുദ്രയെന്നും ഒരിക്കല്‍ കൂടി തെളിയുകയാണ് .

തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തെ കോണ്‍ഗ്രസ് നേതൃത്വം എതിര്‍ക്കുമ്പോഴും സ്ഥലം എംപിയായ ശശി തരൂര്‍ കൈമാറ്റത്തെ സ്വാഗതം ചെയ്യുന്നു. അദാനിക്ക് കൈമാറിയതിലൂടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുമെന്നാണ് അദ്ദേഹം തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ പറയുന്നത്. പാര്‍ട്ടി പരസ്യ നിലപാട് എടുത്ത് നിള്‍ക്കുമ്പോഴും അതിനെ വെല്ലുവിളിച്ച് തരൂര്‍ എടുത്ത പരസ്യ നിലപാട് കോണ്‍ഗ്രസിനെ ഞെട്ടിച്ചു.

എന്നാല്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ദുര്‍ബലമായ കോണ്‍ഗ്രസിന് തരൂരിനെ ഒന്ന് തിരുത്താന്‍ പോലും കഴിയുന്നില്ല. കൈരളി ന്യൂസിന്റെ ചര്‍ച്ചയില്‍ പ്രതികരിച്ച മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്റെ പ്രതികരണം ആ നിസഹായവസ്ഥ തെളിയിക്കുന്നതായിരുന്നു.

വിമാനത്താവള വിഷയത്തില്‍ പാര്‍ട്ടി പറഞ്ഞതാണ് നിലപാട് എന്ന് സുധീരന്‍ ആവര്‍ത്തിക്കുമ്പോഴുംതരൂരിനെ തളളി പറയാന്‍ കഴിയാത്ത വൈക്ലബ്യം അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു

വിമാനത്താവള കൈമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാരും, ഇടത് മുന്നണിയും ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ കാഴ്ച്ചക്കാരായി പോയേക്കുമെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് മനസില്ലാമനസോടെ വിമാനത്താവള കൈമാറ്റ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിന് ഒപ്പമെത്തിയത്. എന്നാല്‍ സര്‍ക്കാരുമായി യോജിച്ച് സമരം ഉണ്ടാകുമോ എന്ന് ഇനിയും വ്യക്തതയില്ല.

വിമാനത്താവള കൈമാറ്റത്തില്‍ കോണ്‍ഗ്രസ് പരസ്യസമരത്തിന് ഇറങ്ങിയാല്‍ സ്ഥലം എംപിയായ ശശി തരൂരിനെ ഒഴിവാക്കേണ്ടതായി വരും. വിമാനത്താവള കൈമാറ്റം സ്വകാര്യ മേഖലക്ക് കൈമാറരുത് എന്നാണ് എഐസിസിയുടെ നിലപാട് എന്ന് സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ദില്ലിയില്‍ പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News