തിരുവനന്തപുരം വിമാനത്താവളം: വി മുരളീധരന്റെയും ഹര്‍ദീപ് സിംഗ് പുരിയുടെയും പ്രസ്താവനകള്‍ കാര്യങ്ങള്‍ വളച്ചൊടിച്ചുകൊണ്ടുള്ളത്; എളമരം കരീം 

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ സഹമന്ത്രി വി മുരളീധരനും വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും നടത്തിയ പ്രസ്താവനകള്‍ അത്യന്തം അപഹാസ്യവും വസ്തുതകളെ വളച്ചൊടിക്കുന്ന താരത്തിലുള്ളവയുമാണെന്ന് എളമരം കരീം എംപി.

തെറ്റായ കാര്യങ്ങള്‍ പറഞ്ഞു ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണ് ലക്ഷ്യം. ഈ വിഷയത്തില്‍ ആദ്യം മുതല്‍ കേരളത്തിന് നല്‍കിയ എല്ലാ ഉറപ്പുകളും ലംഘിച്ചുകൊണ്ടാണ് കേന്ദ്രം തീരുമാനമെടുത്തത്. ബിഡ്ഡിംഗ് പ്രക്രിയ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി മാര്‍ച്ചുമാസത്തില്‍ രാജ്യസഭയിലെ ചോദ്യത്തിന് നല്‍കിയ ഉത്തരം.

മാര്‍ച്ചുമാസത്തിലെ സാഹചര്യത്തില്‍ നിന്ന് എന്ത് പുരോഗതി ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കണം. 2018ല്‍ തന്നെ കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയ തീരുമാനം നടപ്പിലാക്കുക മാത്രമാണെന്നും ഈ തീരുമാനത്തിനുമേലുള്ള വിമര്ശനങ്ങളെല്ലാം വസ്തുതാവിരുദ്ധവുമാണെന്നാണ് വ്യോമയാന മന്ത്രി ഇന്ന് അഭിപ്രായപ്പെട്ടത്.

അങ്ങനെയെങ്കില്‍ ഈ വിഷയത്തിന്മേല്‍ 2019ലും 2020ലും പാര്‍ലമെന്റില്‍ അദ്ദേഹം നല്‍കിയ മറുപടികളും കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രി ഉള്‍പ്പെടെ നല്‍കിയ ഉറപ്പുകളും പൊള്ളയായ വാചകക്കസര്‍ത്ത് മാത്രമാണെന്ന് പറയാതെപറയുകയാണ് അദ്ദേഹം. വ്യോമയാന മന്ത്രിയുടെ പ്രസ്താവന അത്യന്തം പ്രതിഷേധാര്‍ഹമാണ്.

കൈമാറ്റ പ്രക്രിയയ്ക്ക് സുപ്രീം കോടതി ഒരു എതിര്‍പ്പും അറിയിച്ചിട്ടില്ലെന്നും കേസ് കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടുകമാത്രമാണ് ചെയ്തതെന്നുമുള്ള വി മുരളീധരന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍ മാര്‍ച്ച്മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടി തെറ്റും സഭയെ തെറ്റിദ്ധരിപ്പിക്കുന്ന താരത്തിലുമുള്ളതാണെന്ന് സമ്മതിക്കലാവും.

ഈ നിലയില്‍ സര്‍വതലത്തിലും പരസ്പരവിരുദ്ധവും ഗൂഡ ലക്ഷ്യങ്ങളും ഉള്ള കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഹൈക്കോടതി വിധി എതിരാവുകയാണെങ്കില്‍ ആ സമയത്ത് തക്കതായ തീരുമാനം എടുക്കും എന്നാണ് മുരളീധരന്റെ പ്രസ്താവന.

എന്നാല്‍ വിധി വരുന്നതുവരെയെങ്കിലും കാത്തുനില്‍ക്കാതെ ഇത്ര തിടുക്കത്തില്‍ കൈമാറ്റം നടത്താനുള്ള തീരുമാനം ആരുടെ താല്പര്യത്തെ സംരക്ഷിക്കാനാണ്?? തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണം എന്ന ആവശ്യവുമായി 2018ല്‍ കേന്ദ്ര വ്യോമയാന മന്ത്രിയെ സന്ദര്‍ശിച്ച അദ്ദേഹം ഇപ്പോള്‍ സ്വന്തം നിലപാടില്‍ നിന്നും മലക്കം മറിയുന്നത് പരിഹാസ്യമാണ്.

കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കായി സംസ്ഥാന താല്പര്യത്തിനൊപ്പം ചേര്‍ന്ന് പ്രയത്‌നിക്കേണ്ട കേരളത്തിലെ ബിജെപി നേതൃത്വവും മലയാളിയായ കേന്ദ്ര സഹമന്ത്രി മുരളീധരനും എടുക്കുന്ന ഇത്തരം നിലപാടുകള്‍ ദൗര്‍ഭാഗ്യകരമാണെന്നും അത് നാട് തിരിച്ചറിയുമെന്നും എളമരം കരീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News