മോഡിയുടെ ജനവിരുദ്ധനയങ്ങളെ പരാജയപ്പെടുത്തുക – എസ്‌ രാമചന്ദ്രൻപിള്ള എഴുതുന്നു

കൊവിഡ്‌‐19 വ്യാപനവും ലോക്ഡൗണും ഉപയോഗപ്പെടുത്തി ജനവിരുദ്ധനയങ്ങൾ ആക്രമണോത്സുകതയോടെ നടപ്പാക്കാനാണ്‌ നരേന്ദ്ര മോഡി ഗവൺമെന്റ്‌ ശ്രമിക്കുന്നത്‌.

കഴിഞ്ഞ അഞ്ചുമാസത്തിനിടയിൽ വളരെ അപകടകരമായ ഒട്ടനവധി പുതിയ പരിഷ്‌കാരങ്ങൾ സാമ്പത്തിക‐സാമൂഹ്യ‐രാഷ്‌ട്രീയ‐സാംസ്‌കാരിക മേഖലകളിൽ ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്‌. ജനവിരുദ്ധവും രാജ്യത്തിന്റെ താൽപ്പര്യങ്ങളെ ദോഷകരമായും ബാധിക്കുന്ന ഈ നയങ്ങൾക്കെതിരെ ജനങ്ങളുടെ രോഷവും പ്രതിഷേധവും വളർന്നുവരുന്നുണ്ട്‌.

ഇതിന്‌ സംഘടിതരൂപം നൽകാനും ശക്തിപ്പെടുത്താനും ശ്രമിക്കണമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി നിശ്ചയിക്കുകയുണ്ടായി. ആഗസ്‌ത്‌ 20 മുതൽ ഒരാഴ്‌ചക്കാലം രാജ്യവ്യാപകമായി വിവിധ സ്വഭാവത്തിലുള്ള പ്രതിഷേധപരിപാടികൾ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ സംഘടിപ്പിക്കണമെന്നും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. പ്രതിഷേധപരിപാടികൾ കേരളത്തിൽ ആഗസ്‌ത്‌ 23ന്‌ സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചു.

അപ്രസക്തവും അപ്രധാനവുമായ വിഷയങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര ഗവൺമെന്റ്‌ നടപ്പാക്കുന്ന നയസമീപനങ്ങളുടെ ഫലമായുണ്ടാകുന്ന ആപത്തുകൾ മറച്ചുപിടിക്കാനും കേരളത്തിൽ നീക്കങ്ങൾ നടക്കുന്നു. ഈ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരുമിച്ചണിനിരന്നിരിക്കുകയാണ്‌. വലതുപക്ഷ മാധ്യമങ്ങളെയും അവർക്ക്‌ ഒരുമിച്ചുകൂട്ടാൻ കഴിഞ്ഞിട്ടുണ്ട്‌. കോൺഗ്രസും ബിജെപിയും മുസ്ലിംലീഗ്‌ നേതൃത്വവും വലതുപക്ഷ മാധ്യമങ്ങളും ഒത്തുചേർന്ന ഒരു മഴവിൽ മഹാസഖ്യവും രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

ഈ മഴവിൽ മഹാസഖ്യത്തിന്റെ മറ്റൊരു ലക്ഷ്യം എൽഡിഎഫ്‌ ഗവൺമെന്റ്‌ നടപ്പാക്കുന്ന വികസനപരിപാടികളും ജനക്ഷേമ പ്രവർത്തനങ്ങളും മറച്ചുപിടിക്കുകയാണ്‌. എൽഡിഎഫ്‌ ഗവൺമെന്റിന്‌ ഒരു ബന്ധവുമില്ലാത്ത സ്വർണക്കടത്തും റെഡ്‌ക്രസന്റ്‌ വിവാദവും ഉയർത്തി പുകമറ സൃഷ്ടിക്കുന്നത്‌ ഈ കാര്യങ്ങൾക്കുവേണ്ടിയാണ്‌.

ഉത്തേജകപദ്ധതി കോർപറേറ്റുകൾക്ക്‌
കോവിഡ്‌‐19ന്റെ വ്യാപനവും ലോക്‌ഡൗണും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ കടുത്ത ആഘാതമേൽപ്പിച്ചു. സമ്പദ്‌വ്യവസ്ഥയിലുണ്ടായ ഇടിവിന്‌ പരിഹാരം കാണാൻ കേന്ദ്ര ഗവൺമെന്റ്‌ പ്രഖ്യാപിച്ച ഉത്തേജകപദ്ധതികൾ വിദേശ–-ആഭ്യന്തര കോർപറേറ്റുകളെമാത്രം സഹായിക്കാൻ ലക്ഷ്യംവച്ചുകൊണ്ടുള്ള ഒന്നാണ്‌. ഉത്തേജക പദ്ധതികളുടെ മറവിൽ നവഉദാരവൽക്കരണ സാമ്പത്തികനയങ്ങൾ അടിച്ചേൽപ്പിക്കാനാണ്‌ കേന്ദ്ര ഗവൺമെന്റ്‌ ശ്രമിക്കുന്നത്‌.

നവഉദാരവൽക്കരണ സാമ്പത്തികനയങ്ങൾ നടപ്പാക്കിത്തുടങ്ങിയത്‌ 1990കളുടെ ആദ്യവർഷങ്ങളിലാണെങ്കിലും അന്ന്‌ കേന്ദ്രം ഭരിച്ച കോൺഗ്രസിനും പിന്നീട്‌ അധികാരത്തിൽ വന്ന ബിജെപിക്കും അവർ ആഗ്രഹിച്ച പല പദ്ധതികളും ജനങ്ങളുടെ എതിർപ്പുകാരണം നടപ്പാക്കാൻ കഴിയാതെ വന്നു. അവയാകെ നരേന്ദ്ര മോഡി ഭരണം ഇപ്പോൾ അതിവേഗത്തിൽ പ്രയോഗത്തിൽ കൊണ്ടുവന്നിരിക്കുകയാണ്‌.

മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിനും ലോക്‌ഡൗണിനും മുമ്പുതന്നെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കടുത്ത മാന്ദ്യത്തിലേക്ക്‌ വീണുകൊണ്ടിരിക്കുകയായിരുന്നു. പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്‌ വലിയ പൊതുനിക്ഷേപം നടത്തി സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ തയ്യാറാകണമെന്ന്‌ സിപിഐ എം കേന്ദ്രഗവൺമെന്റിനോട്‌ ആവശ്യപ്പെടുകയുണ്ടായി. പൊതുനിക്ഷേപങ്ങളിലൂടെ വലിയതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമായിരുന്നു.

ജോലിയും വരുമാനവും ഉണ്ടാകുക വഴി ജനങ്ങളുടെ വാങ്ങാനുള്ള ശേഷി വർധിപ്പിച്ച്‌ അടച്ച ഫാക്ടറികളും നിർത്തിവച്ച ഉൽപ്പാദനവും പുനരുജ്ജീവിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കാമായിരുന്നു. എന്നാൽ, നവഉദാരവൽക്കരണ സാമ്പത്തികനയങ്ങളിൽ മുറുകെപ്പിടിച്ചുകൊണ്ട്‌ മോഡിഭരണം ജനങ്ങളുടെ വാങ്ങൽശേഷി കുറയ്‌ക്കുന്ന നടപടികൾ തുടരുകയാണ്‌ ചെയ്യുന്നത്‌.

ഉത്തേജകപദ്ധതികളുടെ ലക്ഷ്യം സ്വാശ്രയത്വം വളർത്തുകയാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവകാശപ്പെടുന്നു. എന്നാൽ, കേന്ദ്ര ഗവൺമെന്റിന്റെ ഉത്തേജകപദ്ധതി സ്വയം കീഴടങ്ങലിന്റെ ഒരു മാർഗരേഖ മാത്രമാണ്‌.

വിദേശ–-ആഭ്യന്തര കോർപറേറ്റുകളുടെ ലാഭം വർധിപ്പിക്കുകയാണ്‌ ഉത്തേജകപദ്ധതികളുടെ ലക്ഷ്യം. പൊതുമേഖലയെ വൻതോതിൽ സ്വകാര്യവൽക്കരിച്ചുകൊണ്ടിരിക്കുകയാണ്‌.

റെയിൽവേ, വൈദ്യുതി, പെട്രോളിയം, കൽക്കരി, ബാങ്കുകൾ, ഇൻഷുറൻസ്‌, പ്രതിരോധം, ആണവോർജം ഉൾപ്പെടെ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളും ഇപ്പോൾ 74 ശതമാനംവരെ വിദേശ പ്രത്യക്ഷ മൂലധന നിക്ഷേപം നടത്താൻ തുറന്നുകൊടുത്തിരിക്കുകയാണ്‌. തിരുവനന്തപുരത്തേത്‌ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളും സ്വകാര്യമേഖലക്ക്‌ കൈമാറുകയാണ്‌. ഇന്ത്യയുടെ സ്വാതന്ത്ര്യവും സുരക്ഷയും അപകടത്തിലാകുന്ന സ്ഥിതിയിലേക്കാണ്‌ സംഭവവികാസങ്ങൾ നീങ്ങുന്നത്‌.

കാർഷികമേഖലയിൽ ഗവൺമെന്റ്‌ പിന്തുടരുന്ന നയസമീപനങ്ങളുടെ ഫലമായി സാധാരണ കൃഷിക്കാർക്ക്‌ കൃഷി ആദായകരമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്‌. പൊതുനിക്ഷേപം വികസിപ്പിച്ച്‌ ഉൽപ്പാദനക്ഷമതയും ഉൽപ്പാദനവും വർധിപ്പിക്കുക എന്നത്‌ കാർഷിക പ്രതിസന്ധിക്ക്‌ പരിഹാരം കാണുന്നതിനുള്ള ഒരു മാർഗമാണ്‌. അതോടൊപ്പം കാർഷികോൽപ്പന്നങ്ങൾക്ക്‌ ആദായവില ഉറപ്പുനൽകാനുള്ള നടപടികളും ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടാകണം.

ഇത്തരം നടപടികൾ സ്വീകരിച്ച്‌ കൃഷിയെ ആദായകരമായ പ്രവൃത്തിയാക്കി മാറ്റുന്നതിനുപകരം കൃഷിഭൂമിയും കൃഷിയും കോർപറേറ്റുകൾക്ക്‌ കൈമാറ്റം ചെയ്യാനുള്ള ശക്തിയായ നീക്കങ്ങളാണ്‌ മോഡിഭരണം നടത്തുന്നത്‌. കേന്ദ്ര ഗവൺമെന്റ്‌ അടിയന്തരമായി മൂന്ന്‌ ഓർഡിനൻസ്‌ പാസാക്കിക്കഴിഞ്ഞിരിക്കുന്നു.

ഊഹക്കച്ചവടവും പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും കരാർകൃഷിയും പ്രോത്സാഹിപ്പിക്കുന്ന ഈ ഓർഡിനൻസുകൾ കർഷക ജനവിഭാഗങ്ങളുടെ പാപ്പരീകരണത്തിന്റെ വേഗത വർധിപ്പിക്കും. കർഷകന്റെ കൈയിൽനിന്ന്‌ ഭൂമിയും കൃഷിയും തട്ടിയെടുത്ത്‌ മുതലാളിമാരെയും കോർപറേറ്റുകളെയും ഏൽപ്പിക്കുകയാണ്‌ നരേന്ദ്രമോഡി ഭരണത്തിന്റെ ലക്ഷ്യം. ഇതിന്റെ ഫലമായി കർഷകർക്കും കർഷകത്തൊഴിലാളികൾക്കും തൊഴിലും വരുമാനവും നഷ്ടപ്പെടും.

തൊഴിലാളികളുടെ അവകാശങ്ങൾ ഒന്നൊന്നായി മോഡിഭരണം കവർന്നെടുത്തുകൊണ്ടിരിക്കുകയാണ്‌. ഇവയിൽ പലതും ബ്രിട്ടീഷ്‌ ആധിപത്യകാലത്ത്‌ തൊഴിലാളിവർഗം നേടിയെടുത്തവയുമാണ്‌. തൊഴിലെടുക്കുന്ന ജനങ്ങളുടെ മേലുള്ള ചൂഷണം വർധിപ്പിക്കുന്നതിനാണ്‌ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തുന്നത്‌.

തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും താൽക്കാലികമായി നിർത്തിവയ്‌ക്കുന്നതിനോ ദുർബലപ്പെടുത്തുന്നതിനോ ബിജെപിയും കോൺഗ്രസും ഭരിക്കുന്ന പതിമൂന്ന്‌ സംസ്ഥാന ഗവൺമെന്റുകൾ തീരുമാനിച്ചുകഴിഞ്ഞു. പല സംസ്ഥാനങ്ങളിലും ജോലിസമയം എട്ടുമണിക്കൂറിൽനിന്ന്‌ പന്ത്രണ്ട്‌ മണിക്കൂറായി വർധിപ്പിച്ചു.

ആഗോളതാപനത്തിന്റെ ദുരന്തഫലങ്ങൾ മനുഷ്യസമൂഹമാകെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. അതിവൃഷ്ടിയും പ്രളയവും വരൾച്ചയും മണ്ണൊലിപ്പും കൊടുങ്കാറ്റും മഹാമാരിയും ഇന്ന്‌ സർവസാധാരണമാണ്‌. ഈ സാഹചര്യത്തിലാണ്‌ ഇന്ത്യയുടെ പ്രകൃതിവിഭവങ്ങളാകെ കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക്‌ അനുവാദം നൽകുന്ന പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തൽ വിജ്ഞാപനത്തിന്റെ കരട്‌ കേന്ദ്ര ഗവൺമെന്റ്‌ പരസ്യപ്പെടുത്തിയത്‌. പരിസ്ഥിതി പ്രത്യാഘാത പഠനത്തിൽനിന്ന്‌ പല പദ്ധതികളെയും ഒഴിവാക്കുകയാണ്‌ പുതിയ വിജ്ഞാപനത്തിന്റെ ലക്ഷ്യം.

ധാതുസമ്പന്നമായ പ്രദേശങ്ങളിലെ ആദിവാസി ജനവിഭാഗങ്ങൾക്ക്‌ നൽകിവന്ന ഭരണഘടനാപരവും നിയമപരവുമായ സംരക്ഷണങ്ങൾ എടുത്തുകളയാനാണ്‌ കേന്ദ്ര ഗവൺമെന്റ്‌ ഉദ്ദേശിക്കുന്നത്‌. കോർപറേറ്റുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ഹരിത ട്രിബ്യൂണലുകളും സുപ്രീംകോടതിയും പുറപ്പെടുവിച്ചിട്ടുള്ള പല വിധിന്യായങ്ങളെ മറികടക്കുക എന്നതും വിജ്ഞാപനത്തിന്റെ ലക്ഷ്യമാണ്‌. ഒരു നിയന്ത്രണവുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്‌ കോർപറേറ്റുകൾക്ക്‌ വിജ്ഞാപനം പൂർണസ്വാതന്ത്ര്യം നൽകുന്നു.

പ്രകൃതിവിഭവങ്ങളും ചോർത്തുന്നു ഒരു രാജ്യത്തിന്റെ നിലനിൽപ്പിന്റെയും വികാസത്തിന്റെയും നിർണായക ഘടകങ്ങളാണ്‌ പ്രകൃതിവിഭവങ്ങളും മാനവ വിഭവശേഷിയും. പ്രകൃതിവിഭവശേഷി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നരേന്ദ്ര മോഡി സർക്കാർ ഉപേക്ഷിച്ചിരിക്കുകയാണ്‌. അതോടൊപ്പം മാനവിക വിഭവശേഷിയുടെ വികാസത്തെ അപകടത്തിലാക്കുന്ന പുത്തൻ വിദ്യാഭ്യാസനയം നടപ്പാക്കാൻ ബിജെപി ഭരണം ശ്രമിക്കുന്നു.

പുത്തൻ വിദ്യാഭ്യാസനയം ഉന്നത വിദ്യാഭ്യാസവും മെച്ചപ്പെട്ട വിദ്യാഭ്യാസവും സാധാരണക്കാർക്ക്‌ നിഷേധിക്കുന്നു. വിദ്യാഭ്യാസച്ചെലവ്‌ വർധിക്കും. പട്ടികജാതിക്കാർ, പട്ടികവർഗക്കാർ, പിന്നോക്ക സമുദായങ്ങൾ എന്നീ വിഭാഗങ്ങൾക്ക്‌ ലഭിച്ചുവരുന്ന സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെടാം.

ന്യൂനപക്ഷ സമുദായങ്ങൾക്ക്‌ ലഭിക്കുന്ന പരിരക്ഷകളും നഷ്ടപ്പെടാം. ഇന്ത്യയുടെ വൈവിധ്യവും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും അവഗണിക്കപ്പെടുന്നു. സർവകലാശാലകളുടെ സ്വയംഭരണാവകാശം ഇല്ലാതാകും. കേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസരീതി അടിച്ചേൽപ്പിക്കാനാണ്‌ കേന്ദ്ര ഗവൺമെന്റ്‌ പുതിയ വിദ്യാഭ്യാസനയം വഴി ലക്ഷ്യംവയ്‌ക്കുന്നത്‌. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം വർഗീയവൽക്കരിക്കപ്പെടുന്നു.

മുകളിൽ വിവരിച്ച അപകടകരമായ നയസമീപനങ്ങളോടൊപ്പം സർക്കാർ സംരക്ഷണയിൽ ആർഎസ്‌എസും ബിജെപിയും വർഗീയ ധ്രുവീകരണത്തിന്‌ മൂർച്ചകൂട്ടുന്നു. മുസ്ലിം ന്യൂനപക്ഷങ്ങൾ കടന്നാക്രമിക്കപ്പെടുന്നു. ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും ആക്രമണത്തിന്‌ വിധേയമാകുന്നു.

ഭരണഘടനാ സ്ഥാപനങ്ങളെയും നിയമാധിഷ്‌ഠിത സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തുന്നു. ഇവയെയെല്ലാം രാഷ്ട്രീയ താൽപ്പര്യത്തിനുവേണ്ടി ദുരുപയോഗപ്പെടുത്തുന്നു. യുഎസ്‌ സാമ്രാജ്യത്വത്തിന്റെ മുന്നിൽ മോഡിയുടെ ഭരണം കീഴടങ്ങി.

അപകടകരമായ ഈ നയസമീപനങ്ങൾക്കെതിരെ ജനങ്ങളുടെ എതിർപ്പും പ്രതിഷേധവും വളർത്തിക്കൊണ്ടുവരണം; ശക്തിപ്പെടുത്തണം. മോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും അതിന്‌ മറയിടാൻ ശ്രമിക്കുന്ന കേരളത്തിലെ മഴവിൽ മഹാസഖ്യത്തെയും പരാജയപ്പെടുത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News