സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

സ്വപ്നയുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ചും അനധികൃത സ്വത്ത് സമ്പാദനത്തെ സംബന്ധിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വിശദമായി വാദിച്ചിരുന്നു. ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും സ്വപ്ന അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചുവെന്നും വ്യക്തമായെന്നും ED കോടതിയെ അറിയിച്ചിരുന്നു. ഉന്നത സ്വാധീനമുള്ള സ്വപ്നയ്ക്ക് ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കപ്പെടാന്‍ ഇടയാക്കുമെന്നും ED ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിയത്.

കള്ളക്കടത്തിലും ഗൂഢാലോചനയിലും തനിക്ക് പങ്കുള്ളതായി പ്രതി തന്നെ അന്വേഷണ ഏജന്‍സിക്ക് മൊഴി നല്‍കിയിട്ടുണ്ടെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. നിരപരാധിയാണെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത പ്രതിക്കുണ്ടെന്നും കേസന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

അതേസമയം, തനിക്കെതിരെ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം നിലനില്‍ക്കില്ലെന്ന സ്വപ്നയുടെ വാദം കോടതി അംഗീകരിച്ചില്ല. എന്‍ഐഎയും കസ്റ്റംസും അന്വേഷിക്കുന്ന കേസുകളിലും സ്വപ്നയുടെ ജാമ്യാപേക്ഷ ബന്ധപ്പെട്ട കോടതികള്‍ തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News