തിരുവനന്തപുരം വിമാനത്താവള കൈമാറ്റം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍; വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത് നിയമാനുസൃതമല്ല

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത് നിയമാനുസൃതമല്ല. വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന ആവശ്യം നിലനില്‍ക്കുകയാണ്. അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് കൈമാറ്റം പാടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

വിമാനത്താവള നടത്തിപ്പ് സംസ്ഥാനത്തിന് ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴായിരുന്നു കേന്ദ്രത്തിന്റെ അപ്രതീക്ഷിതമായ നീക്കം.

അദാനി ഗ്രൂപ്പിന് വിമാനത്താവളം വിട്ടുകൊടുക്കരുതെന്ന് പലവട്ടം മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. കെഎസ്ഐഡിസിയുടെ പങ്കാളിത്തത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച് ബദല്‍ മാതൃകയും കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ചു.

അതെല്ലാം തള്ളിയാണ് അദാനിയുടെ കൈകളില്‍ എത്തിക്കാനുള്ള തീരുമാനം കേന്ദ്രം സ്വീകരിച്ചത്. ഈ തീരുമാനം വന്നയുടന്‍തന്നെ അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു.

മാത്രമല്ല, തിരുവനന്തപുരം വിമാനത്താവളം കൈവിട്ടുപോകുന്നത് തടയാന്‍ അതിവേഗ നീക്കങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. ഉടനടി സര്‍വകക്ഷി യോഗം വിളിച്ച് കേരളത്തിന്റെ വികാരം കേന്ദ്രത്തെ അറിയിച്ചു.

ബിജെപി ഒഴികെയുള്ള ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളെയും സാമൂഹ്യ- സാംസ്‌കാരിക സംഘടനകളെയും കേരളത്തിന്റെ വികാരത്തിനൊപ്പം അണിനിരത്താനും കഴിഞ്ഞു. യോഗത്തില്‍ എല്ലാ കക്ഷികളും സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു. ഇതോടെ വിമാനത്താവള വില്‍പ്പനയെ പിന്താങ്ങി രംഗത്ത് വന്ന കേന്ദ്രമന്ത്രി വി മുരളീധരനും ശശി തരൂര്‍ എംപിയും അപഹാസ്യരായി.

ഒരു വിമാനത്താവളം എന്നതിനപ്പുറം കേരളീയരുടെ പൊതുവികാരമാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കൈമുതല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News