കേരള നിയമസഭയുടെ ഏകദിന സമ്മേളനം നാളെ ചേരും

കേരള നിയമസഭയുടെ ഏകദിന സമ്മേളനം നാളെ ചേരും. ധനബിൽ പാസാക്കാനാണ്‌ സമ്മേളനം‌. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേൽനോട്ടവും അദാനിക്ക്‌ കൈമാറിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കാൻ സഭ പ്രമേയം പാസാക്കും. സർക്കാരിനെതിരെ പ്രതിപക്ഷം നോട്ടീസ്‌ നൽകിയ അവിശ്വാസപ്രമേയവും സഭ ചർച്ചയ്‌ക്കെടുക്കും.

രാവിലെ 9ന് അനുശോചന പ്രമേയത്തോടെയാണ് കേരള നിയമസഭയുടെ 20ാം സമ്മേളനം ആരംഭിക്കുക. തുടർന്ന് ധനകാര്യബില്ലിന്‍റെ അവതരിപ്പിച്ച് പാസാക്കും.

അതിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേൽനോട്ടവും അദാനിക്ക്‌ കൈമാറിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കാൻ ആ‍വശ്യപ്പെട്ട് സഭ പ്രമേയം പാസാക്കും. ഇക്കാര്യത്തിൽ ചർച്ചയുണ്ടാകില്ല. വ്യാ‍ഴായ്ച ചേർന്ന സർവകക്ഷിയോഗത്തിലാണ് പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്‌.

അതിനു ശേഷം വി.ഡി.സതീശൻ നോട്ടിസ് നൽകിയ സർക്കാരിനെതിരായ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കും. അഞ്ച് മണിക്കൂറാണ് ചർച്ച.

കേരള സംസ്ഥാന രൂപീകരണത്തിനുശേഷം സഭയുടെ ചരിത്രത്തിൽ ഇതുവരെ അവതരിപ്പിക്കപ്പെട്ട 15 അവിശ്വാസ പ്രമേയങ്ങളിൽ വിജയിച്ചത് ഒന്നു മാത്രമാണ്. അതേസമയം, സ്‌പീക്കർക്കെതിരായ അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കില്ല.

രാജ്യസഭാംഗമായിരുന്ന എം പി വീരേന്ദ്രകുമാർ മരിച്ചതിനാൽ ഒഴിവ്‌ വന്ന സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നാളെ സഭയിൽ നടക്കും. എൽഡിഎഫിൽ നിന്ന്‌ എം വി ശ്രേയാംസ്‌കുമാറും യുഡിഎഫിൽനിന്ന്‌ ലാൽ വർഗീസ്‌ കൽപ്പകവാടിയുമാണ്‌ സ്ഥാനാർഥികൾ. കോവിഡ്‌ ചട്ടം പാലിച്ചാകും തെരഞ്ഞെടുപ്പ്‌.

സമ്മേളനം പൂർണമായും കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച് ചേരാനുള്ള നടപടികൾ പൂർത്തിയായി. ഇതിനായി സഭയിൽ എല്ലാ അംഗങ്ങൾക്കും പ്രത്യേക ഇരിപ്പിടം സജ്ജമാക്കി. നിയമസഭാ കെട്ടിടത്തിലേക്ക്‌ പ്രവേശിക്കുന്ന എല്ലാവരുടെയും താപനില പരിശോധിക്കും.

സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് അംഗങ്ങൾക്ക് ആന്‍റിജൻ പരിശോധനയ്‌ക്കുള്ള സൗകര്യം സഭാ മന്ദിരത്തിലും എംഎൽഎ ക്വാർട്ടേഴ്‌സിലും നടത്തും.

സന്ദർശക ഗ്യാലറികളിൽ ആരെയും പ്രവേശിപ്പിക്കില്ല. സഭയിൽ വോട്ടെടുപ്പ്‌ ആവശ്യമെങ്കിൽ ഇലക്‌ട്രോണിക്‌ യന്ത്രങ്ങൾക്കുപകരം കൈകൾ ഉയർത്തിയോ എഴുന്നേറ്റ്‌ നിന്നോ ആകും വോട്ടെടുപ്പ്‌. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നിയമസഭാമന്ദിരവും പരസരവും അണുവിമുക്തമാക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News