ലക്ഷ്യം എല്ലാവർക്കും ഭവനം;ലൈഫ്‌ മിഷൻ പദ്ധതിയ്ക്ക് കൊല്ലം ‌ജില്ലയിൽ വൻ മുന്നേറ്റം

സംസ്ഥാന സർക്കാരിന്റെ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള നിർമാണ പദ്ധതികൾക്ക്‌ ‌ ‌ജില്ലയിൽ വൻ മുന്നേറ്റം. നാലു വർഷത്തിനിടെ ജില്ലയിൽ പൂർത്തീകരിച്ചത്‌ 18,977 വീട്‌. ലൈഫ്‌ മിഷൻ പദ്ധതിപ്രകാരം 15,015 വീട്‌ നിർമിച്ചു‌. ഒന്നാംഘട്ടത്തിൽ 3606, രണ്ടാം ഘട്ടത്തിൽ 7300, മൂന്നാംഘട്ടത്തിൽ 137 വീടിന്റെയും നിർമാണം പുർത്തിയാക്കി.

പിഎംഎവൈ അർബൻ എന്ന പേരിൽ മുനിസിപ്പൽ, കോർപറേഷൻ മേഖലകളിൽ ലൈഫ്‌ മിഷനിൽ 3972 വീട്‌ പൂർത്തിയാക്കി. കൂടാതെ 1890 ഗുണഭോക്താക്കൾ ഭൂമി ലഭ്യമായശേഷം രണ്ടാംഘട്ടത്തിലേക്കു കടന്നു. പിഎംഎവൈ ജി, എസ്‌സി, എസ്‌ടി, ഫിഷറീസ് വകുപ്പ്‌ എന്നിവ വഴി 3962 വീട്‌ പൂർത്തീകരിച്ചു.

ലൈഫ് മിഷന്റെ ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളിൽനിന്നായി ഭവന നിർമാണ സഹായം കൈപ്പറ്റിയിട്ടും പൂർത്തീകരിക്കാൻ കഴിയാത്ത വീടുകളാണ്‌ ഉൾപ്പെടുത്തിയിരുന്നത്‌. ഇതു പ്രകാരം 3606 വീട്‌ സമയബന്ധിതമായി പൂർത്തീകരിച്ചു.

രണ്ടാംഘട്ട പദ്ധതിയിലേക്കായി 8906 ഗുണഭോക്താക്കൾ വിവിധ പഞ്ചായത്തുകളിലായി അർഹത നേടിയിരുന്നു. ഇതിൽ 8465 ഗുണഭോക്താക്കൾ പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ട് ഭവന നിർമാണം ആരംഭിച്ചു.

പിഎംഎവൈ ജി പദ്ധതിയിൽ ഉൾപ്പെട്ട് ജില്ലയിൽ 1440 ഗുണഭോക്താക്കളാണ് അർഹത നേടിയത്. ഇതിൽ 1398 വീട്‌ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. കോർപറേഷൻ/ മുനിസിപ്പാലിറ്റികളിൽ പിഎംഎവൈ യു പദ്ധതിയിൽ ഉൾപ്പെട്ട 6576 ഗുണഭോക്താക്കളുണ്ട്‌.

ഇതിൽ 3972 ഗുണഭോക്താക്കൾ ഭവന നിർമാണം പൂർത്തീകരിച്ചു. ഇതിനു പുറമേ എസ്‌സി വകുപ്പിൽനിന്ന് 1861, എസ്‌ടി വകുപ്പിന്റെ 13, ഫിഷറീസ് വകുപ്പിന്റെ 690 വീടും ജില്ലയിൽ പൂർത്തീകരിച്ചു.

ലൈഫ് മൂന്നാംഘട്ടമായ ഭൂരഹിത ഭവനരഹിതർക്ക് ഭവനം നിർമിച്ചു നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 18056 ഗുണഭോക്താക്കൾ മാത്രമാണ് എല്ലാ രേഖകളും ഹാജരാക്കി മാനദണ്ഡപ്രകാരം അർഹത നേടിയിട്ടുള്ളത്.

ഇതിൽ 1890 ഗുണഭോക്താക്കൾ ഭൂമി ലഭ്യമായി രണ്ടാംഘട്ടത്തിലേക്ക് മാറിയിട്ടുണ്ട്.
ലൈഫ് മിഷൻ 2017 ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്കായി പുതിയ അപേക്ഷകളാണ്‌ ഇപ്പോൾ ക്ഷണിച്ചിട്ടുള്ളത്‌. അർഹതയുള്ളവർക്ക് 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News