ഇന്ത്യാവിരുദ്ധ സംഘടനകളടക്കം 88 ഭീകരസംഘങ്ങൾക്ക്‌ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി പാകിസ്ഥാന്‍

താലിബാനും അൽ ഖായ്‌ദയും ഐഎസും ഇന്ത്യാവിരുദ്ധ സംഘങ്ങളുമടക്കം 88 ഭീകരസംഘടനയ്‌ക്കും അവയുടെ നേതാക്കൾക്കും പാകിസ്ഥാൻ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.

ജമാഅത്ത്‌ ദുവാ, അതിന്റെ നേതാവ്‌ ഹാഫിസ്‌ സയീദ്‌,ജയ്‌ഷെ മുഹമ്മദ്‌, അതിന്റെ തലവൻ മസൂദ്‌ അസർ, 1993ലെ മുംബൈ സ്‌ഫോടനങ്ങളെത്തുടർന്ന്‌ ഇന്ത്യയുടെ നോട്ടപ്പുള്ളിയായ അധോലോക നായകൻ ദാവൂദ്‌ ഇബ്രാഹിം തുടങ്ങിയവർ ഉപരോധം നേരിടുന്നവരിലുണ്ട്‌.

യുഎൻ രക്ഷാസമിതി പുറത്തുവിട്ട പട്ടികയിലെ സംഘടനകൾക്കും വ്യക്തികൾക്കുമാണ്‌ ഉപരോധം. ദാവൂദിന്റെ കറാച്ചി വിലാസമാണ്‌ വിജ്ഞാപനത്തിലുള്ളത്‌. ആദ്യമായാണ്‌ ദാവൂദ്‌ പാകിസ്ഥാനിലുള്ളതായി പാക്‌ അധികൃതർ സമ്മതിക്കുന്നത്‌.

പാരീസ്‌ കേന്ദ്രമായ ധന നടപടി ദൗത്യ സേനയുടെ(എഫ്‌എടിഎഫ്‌) കരിമ്പട്ടികയിൽ വരുന്നത്‌ ഒഴിവാക്കാനും നിലവിലുള്ള ‘ചാര’ പട്ടികയിൽനിന്ന്‌ പുറത്തുവരാനുമാണ്‌ പാകിസ്ഥാന്റെ നടപടി. ചാരപ്പട്ടികയിൽ തുടരുന്നത്‌ പാകിസ്ഥാന്‌ ലോകബാങ്ക്‌, ഐഎംഎഫ്‌, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയുടെ വായ്‌പകളും സഹായവും ലഭിക്കാൻ തടസ്സമാണ്‌.

കള്ളപ്പണം വെളുപ്പിക്കലും ഭീകരപ്രവർത്തനങ്ങൾക്ക്‌ പണമൊഴുക്കുന്നതും തടയുന്നതിനുള്ള അന്താരാഷ്‌ട്ര സംവിധാനമാണ്‌ എഫ്‌എടിഎഫ്‌. ജൂണിൽ വെർച്വലായി ചേർന്ന മൂന്നാമത്തെയും അവസാനത്തെയും പ്നീനറിയിൽ പാകിസ്ഥാനെ ചാരപ്പട്ടികയിൽ നിലനിർത്താൻ എഫ്‌എടിഎഫ്‌ തീരുമാനിച്ചിരുന്നു. നിലവിൽ ചൈനയുടെ ഷിയാങ്‌മിൻ ലിയുവാണ്‌ ഇതിന്റെ തലവൻ.

ഉപരോധം സംബന്ധിച്ച്‌ 18നാണ്‌ പാകിസ്ഥാൻ രണ്ട്‌ വിജ്ഞാപനം ഇറക്കിയത്‌. ഉപരോധം ഏർപ്പെടുത്തപ്പെട്ട നേതാക്കളുടെയും സംഘടനകളുടെയും പാകിസ്ഥാനിലെ സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ടു‌. ഇവരുടെ പാക്‌ ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിക്കും.

ഇവർ ധനസ്ഥാപനങ്ങൾവഴി പണമയക്കുന്നതും ആയുധം വാങ്ങുന്നതും വിദേശത്ത്‌ പോകുന്നതും വിലക്കി‌. അഫ്‌ഗാനിസ്ഥാനിലെ മുൻ സോഷ്യലിസ്റ്റ്‌ സർക്കാരിനെ അട്ടിമറിക്കാൻ 1980കളുടെ തുടക്കത്തിൽ അമേരിക്കൻ സഹായത്തോടെ പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചതുമുതൽ താലിബാൻ നേതാക്കൾക്ക്‌ ഇവിടെ വലിയ ബിസിനസുകളുണ്ട്‌.

അമേരിക്കയും താലിബാനുമായി ഫ്രെബുവരിയിൽ സമാധാന കരാറിൽ എത്തിയതിന്റെ തുടർച്ചയിൽ താലിബാനും അഫ്‌ഗാൻ അധികൃതരും തമ്മിൽ അനുരഞ്ജന ചർച്ച നടക്കുകയാണ്‌. ഇപ്പോൾ നിർജീവമായ പാക്‌ താലിബാൻ എന്ന തെഹ്‌രീകെ താലിബാൻ പാകിസ്ഥാന്റെ (ടിടിപി) നേതാക്കൾക്കും അംഗങ്ങൾക്കുമുള്ള സമ്പൂർണ നിരോധനം ശരിവച്ചിട്ടുണ്ട്‌.

2018 ജൂണിലാണ്‌ പാകിസ്ഥാൻ എഫ്‌എടിഎഫിന്റെ ചാരപ്പട്ടികയിലായത്‌. ഒക്ടോബറിനകം എഫ്‌എടിഎഫ്‌ നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കരിമ്പട്ടികയിലാകുമെന്ന ഭീഷണി നേരിടുകയാണ്‌.

അതിനിടെ പാക്‌ സർക്കാരും പ്രതിപക്ഷവും സമവായത്തിൽ എത്തിയതിന്റെ അടിസ്ഥാനത്തിൽ 12ന്‌ പാർലമെന്റിന്റെ അധോസഭ എഫ്‌എടിഎഫിന്റെ കർക്കശ നിർദേശങ്ങൾ സംബന്ധിച്ച്‌ നാല്‌ ബിൽ പാസാക്കിയിരുന്നു. ഇറാനും ഉത്തര കൊറിയയുമാണ്‌ എഫ്‌എടിഎഫിന്റെ കരിമ്പട്ടികയിൽ ഉള്ള രാജ്യങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News