ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ ഇന്ന് നിർണ്ണായക യോഗം ചേരും. പതിനൊന്ന് മണിക്കാകും യോഗം ചേരുക. അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ചാകും അന്തിമ തീരുമാനമെടുക്കുക.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായിരുന്നില്ല. കാണാതായവർക്കായി ഇതിനോടകം പരമാവധി മേഖലയിൽ തെരച്ചിൽ നടത്തിയെന്നാണ് അധികൃതർ പറയുന്നത്. ഇനി ഏതെങ്കിലും സ്ഥലത്ത് തെരച്ചിൽ നടത്താൻ ബന്ധുക്കൾ ആവശ്യപ്പെട്ടാൽ അതിന് തയ്യാറാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ദുരന്തം നടന്ന പ്രദേശത്ത് നിന്നും കിലോമീറ്ററുകള്‍ മാറിയുള്ള ഭൂതക്കുഴിയിലും ഗ്രാവല്‍ ബാങ്ക് മേഖലയിലും തെരച്ചില്‍ നടത്തിയിരുന്നു. മോശം കാലാവസ്ഥയും, വന്യമൃഗശല്യവും തെരച്ചലിനെ സാരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഈ മേഖലയില്‍ കടുവയെ കണ്ടിരുന്നു. ഇത് രക്ഷാപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കടുവയെ കണ്ടതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൂടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലെ ഇനി തെരച്ചില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ. ഇതുവരെ 65 മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ കണ്ടെത്തിയത്. പരിക്കേറ്റ 12 പേർ ചികിത്സയിലുമാണ്.

Get real time update about this post categories directly on your device, subscribe now.