നെഹ്‌റു കുടുംബത്തിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം; നേതൃത്വം മാറണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്

നെഹ്‌റു കുടുംബത്തിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം. നേതൃത്വം അടിമുടി മാറണമെന്നാവശ്യപ്പെട്ട് ഗുലാം നബി ആസാദ്‌, കപിൽ സിബൽ, ശശി തരൂർ എന്നിവർ സോണിയ ഗാന്ധിയ്ക്ക് കത്ത് നൽകി.

യുവാക്കളെ ആകർഷിക്കാൻ കഴിയുന്നില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ചു രാഹുൽ ഗാന്ധിയ്ക്കും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. രാഹുൽ കേഡറിലൂടെ വളർന്നു വന്ന മുകൾ വാസ്നിക്, ജിതിൻ പ്രസാദ് എന്നിവരും നേതൃത്വത്തിനെതിരെ രംഗത്ത്.

സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വിശ്വാസ്ഥ സംഘം ഇരുവർക്കുമെതിരെ തിരിഞ്ഞിരിക്കുന്നു. എ. ഐ. സി. സി നേതൃത്വം അടിമുടി മാറണമെന്നാവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയ്ക്ക് കത്ത് നൽകി.

രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്‌, ഉപാധ്യക്ഷൻ ആനന്ദ് ശർമ, മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ എന്നിവരടക്കം 23 പേർ നല്കിയ കത്തിൽ പാർട്ടിയ്ക്ക് താത്കാലിക അധ്യക്ഷ മതിയാവില്ലെന്ന് വ്യകതമാക്കി. ഉത്സാഹിയായ മുഴുവൻ സമയ പ്രസിഡന്റ്‌ വേണമെന്നതടക്കം 6 ആവിശ്യങ്ങളും മുന്നോട്ട് വയ്ക്കുന്നു. പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഭരണഘടന അനുസൃതമാകണം.

പാർട്ടി ജനറൽ സെക്രട്ടറി നിയമനങ്ങൾ സുതാര്യമാകണം. ഉൾപാർടി തിരഞ്ഞെടുപ്പുകൾ സ്വതന്ത്രമാകണം എന്നും നെഹ്‌റു കുടുംബത്തോട് ആവശ്യപെടുന്നു. യുവാക്കളെ ആകർഷിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയ്ക്ക് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

രാഹുൽ ഗാന്ധിയുടെ വിശ്വസ്തരായ മുകൾ വാസ്നിക്, ജിതിൻ പ്രസാദ്, മിലിന്ദ് ഡോറ, മനീഷ് തിവാരി തുടങ്ങിയവരും കത്തിൽ ഒപ്പ് വച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ശശി തരൂർ, മുൻ രാജ്യസഭ അധ്യക്ഷൻ പി. ജെ. കുര്യൻ തുടങ്ങിയവരും നെഹ്‌റു കുടുംബത്തിന് എതിരെ കലാപകൊടി ഉയർത്തിയിരിക്കുന്നു.

പാർട്ടിക്കുള്ളിൽ ജനാധിപത്യം വേണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് കത്ത് തയാറാക്കിയിരിക്കുന്നത് ഏങ്കിലും സോണിയ ഗാന്ധിയ്ക്കും നെഹ്‌റു കുടുംബത്തിനും എതിരായ കുറ്റപത്രം കൂടിയാണ് കത്ത്. 2019ലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ പരാജയകാരണം കണ്ടെത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ല.

നേതൃത്വത്തിലെ അനിശ്ചിതത്വം, കൊഴിഞ്ഞു പോക്ക്, ജനപ്രതിനിധികളുടെ മറുകണ്ടം ചാടൽ എന്നിവ പാർട്ടിയെ ദുർബലമാകുന്നു. പ്രവർത്തക സമിതി യോഗങ്ങൾ വെറും ചടങ്ങ് മാത്രമാണ് എന്നും കുറ്റപ്പെടുത്തുന്നു. ബിജെപി ഭരിക്കുന്ന കോൺഗ്രസിനെതിരെ പൊതു ജനാഭിപ്രായം ഉയർത്തി കൊണ്ട് വരാൻ പോലും പാർട്ടിയ്ക്ക് കഴിയുന്നില്ല എന്നും കത്തിൽ സമ്മതിക്കുന്നു.

തിങ്കളാഴ്ച കോൺഗ്രസ്‌ പ്രവർത്തകസമിതി യോഗം ചേരാൻ ഇരിക്കെയാണ് കത്ത് പുറത്തു വന്നിരിക്കുന്നത്. പ്രവർത്തക സമിതി അംഗങ്ങളും കത്തിൽ ഒപ്പിട്ടുണ്ട് എന്നത് നെഹ്‌റു കുടുംബത്തെ ഞെട്ടിച്ചു. അഞ്ചു മുൻ മുഖ്യമന്ത്രിമാർ, എം. പി മാർ, മുൻ മന്ത്രിമാർ എന്നിങ്ങനെ കലാപകൊടി ഉയർത്തിയവരെ തള്ളി പറഞ്ഞു നെഹ്‌റു കുടുംബത്തിന് മുന്നോട്ട് പോകാനാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here