പെരിന്തല്‍മണ്ണയില്‍ ഉയരുന്നു 400 കുടുംബങ്ങളുടെ സ്വപ്ന ഭവനം; ലൈഫ് പദ്ധതിയില്‍ 20 ഫ്ലാറ്റുകള്‍ സെപ്തംബര്‍ ആദ്യ വാരത്തോടെ കൈമാറും

കോവിഡ്‌ തടസ്സങ്ങൾക്കിടയിലും 400 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നത്തിന്‌ ജീവനേകി പെരിന്തൽമണ്ണ നഗരസഭ. എരവിമംഗലം ഒടിയൻ ചോലയിലെ 6.93 ഏക്കറിലാണ്‌ ലൈഫ്‌ മിഷൻ ഭവന സമുച്ചയ നിർമാണം പുരോഗമിക്കുന്നത്‌‌.

സ്വന്തമായി ഭൂമിയില്ലാത്തവർക്കായി നഗരസഭ വാങ്ങിയ സ്ഥലത്ത്‌ മൂന്നു നിലയിലായി 12 വീതം വീടുകളുള്ള 30 ഫ്ലാറ്റുകളാണ്‌ ഒരുങ്ങുന്നത്‌. 20 ഫ്ലാറ്റുകൾ സെപ്‌തംബർ ആദ്യവാരത്തോടെ കൈമാറും.

കുടിവെള്ള പദ്ധതി, കമ്യൂണിറ്റി ഹാൾ, അങ്കണവാടികൾ, കളിസ്ഥലം, വിശ്രമകേന്ദ്രം, മാലിന്യ സംസ്‌കരണ പ്ലാന്റ്‌ തുടങ്ങിയവയെല്ലാം‌ ഇവിടെ ഒരുക്കുന്നുണ്ട്‌. ശേഷിക്കുന്ന ഫ്ലാറ്റുകൾ ഒക്‌ടോബറിൽ കൈമാറുമെന്ന്‌ നഗരസഭാ ചെയർമാൻ എം മുഹമ്മദ്‌ സലിം പറഞ്ഞു.നിർമാണത്തിൽ പങ്കാളികളായി‌ ഗുണഭോക്താക്കളും

വീടിനൊപ്പം തൊഴിൽ– -നൈപുണ്യ പരീലനവും നൽകി കുടുംബങ്ങളുടെ ഉപജീവന മാർഗമുൾപ്പെടെ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ മാതൃകാ പദ്ധതിയാണ്‌ പെരിന്തൽമണ്ണയിലേത്‌.

കുടുംബശ്രീയും ഗുണഭോക്താക്കളും ചേർന്നുള്ള സമിതിക്കാണ് ഭവന സമുച്ചയത്തിന്റെ നിർമാണ‌ ചുമതല‌. മാലാഖ സൊലൂഷൻസ്‌ കുടുംബശ്രീ സംരംഭക ഗ്രൂപ്പാണ്‌ നിർമാണം. നഗരസഭയ്‌ക്കാണ്‌ മേൽനോട്ട ചുമതല.

താമസം ആരംഭിക്കുംമുൻപേതന്നെ അയൽക്കാരെ പരിചയപ്പെടുത്താനും സൗഹൃദമുണ്ടാക്കാനും നിരവധി തവണയാണ്‌ ഗുണഭോക്താക്കളെ ഒന്നിച്ചുചേർത്തത്‌. കുടുംബശ്രീ യൂണിറ്റും ഫ്ലാറ്റ്‌തല സമിതികളും രൂപീകരിച്ചു. കെട്ടിടത്തിന്റെ നിർമാണം വിലയിരുത്താൻ ഫ്ലാറ്റ്‌ സമിതികൾ സന്ദർശനവും നടത്താറുണ്ട്‌.

54 കോടിയാണ്‌ നിർമാണച്ചെലവ്‌ കണക്കാക്കിയതെങ്കിലും 42 കോടി രൂപയ്‌ക്ക്‌‌ പദ്ധതി പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ്‌ നഗരസഭാ അധികൃതർ. കരാറുകാരന്റെ ലാഭവിഹിതം ഒഴിവാക്കിയും നികുതി‌ ഇളവുകൾ പ്രയോജനപ്പെടുത്തിയുമാണ്‌ ചെലവ്‌ കുറച്ചത്‌.

28 കോടി രൂപ സർക്കാർ ലഭ്യമാക്കിയപ്പോൾ 10 കോടി നഗരസഭ നൽകി. ഗുണഭോക്‌തൃ വിഹിതമുൾപ്പെടെ നാല്‌ കോടി രൂപ ജനകീയ പങ്കാളിത്തത്തോടെ‌ സമാഹരിച്ചു‌. അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനാണ്‌ നഗരസഭയുടെ വിഹിതം വിനിയോഗിക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News