സ്വർണക്കടത്ത്‌ കേസ്; എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ അന്വേഷണം കോൺഗ്രസ്‌ നേതാക്കളിലേക്ക്‌

സ്വപ്‌ന സുരേഷ്‌ മുഖ്യപ്രതിയായ സ്വർണക്കടത്ത്‌ കേസിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം കൊല്ലത്തെ കോൺഗ്രസ്‌ നേതാക്കളിലേക്ക്‌.

മണ്ഡലം പ്രസിഡന്റു മുതൽ ദേശീയ നേതാവ്‌ വരെ ഉൾപ്പെടുന്നതാണ്‌ ശൃംഖല. കൊച്ചി ആസ്ഥാനമായ കാർഗോ ക്ലിയറൻസ് കമ്പനി, കൊല്ലം നഗരം കേന്ദ്രീകരിച്ചുള്ള ‌ സഹകരണസംഘം എന്നിവയുടെ മറവിലാണ്‌ ഇവർ കോടികളുടെ ബിസിനസ് നടത്തുന്നത്‌‌.

സ്വർണക്കടത്തിലൂടെ ലഭിച്ച അനധികൃത സമ്പാദ്യം റിയൽ എസ്‌റ്റേറ്റിലും നിക്ഷേപിച്ചിട്ടുണ്ടെന്നാണ്‌ വിവരം. ഇതു‌ സംബന്ധിച്ച്‌ ഇഡിക്കു പുറമെ ദേശീയ അന്വേഷക ഏജൻസിക്കും കസ്‌റ്റംസിനും ലഭിച്ച പരാതികളിൽ അന്വേഷണം തുടങ്ങി‌.

പേയ്‌മെന്റ്‌ സീറ്റെന്ന്‌ കോൺഗ്രസുകാർക്കിടയിൽ ആരോപണമുയർന്ന പ്രവാസിയായ മണ്ഡലം പ്രസിഡന്റാണ്‌ പ്രധാനകണ്ണി. ഇയാളുടെ നിയമനത്തിൽ ഡിസിസി പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണയ്‌ക്കെതിരെ പരാതി ഉയർന്നിരുന്നു.

വിദേശത്ത്‌ ഔഷധവ്യപാരം നടത്തിവന്ന ഇയാൾ നാട്ടിലെത്തി ചുമതലയേറ്റ ശേഷം കോൺഗ്രസിലെ ഉന്നതനേതാക്കളുമായി ഉറ്റ ബന്ധത്തിലാണ്‌. കൊല്ലം നഗരം കേന്ദ്രീകരിച്ചുള്ള ‌ ലേബർ സഹകരണ സംഘത്തെയാണ്‌ ഇടപാടുകൾക്ക്‌ മറയാക്കുന്നത്‌.

ഇതിൽ ഇദ്ദേഹം ഉൾപ്പെടെ നേതാക്കൾക്ക്‌ ഷെയറുണ്ട്‌. കുന്നിക്കോട്‌, മേലില, ആവണീശ്വരം, ശൂരനാട് പ്രദേശങ്ങളിൽ വൻതോതിൽ ഇയാളും സംഘവും ഭൂമിവാങ്ങിക്കൂട്ടി‌. ഇങ്ങനെ വാങ്ങുന്ന ഭൂമിയിൽ കൃഷിയിറക്കാൻ സംഘടനകൾക്ക്‌ ഫ്രീയായി നൽകാറുണ്ട്‌.

കാർഷിക മേഖലയുടെ ചുമതല ‌ഒരു‌ വനിതയ്‌ക്കാണ്‌. ജില്ലയിൽ രണ്ടിടത്ത്‌ പെട്രോൾ പമ്പും പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിരവധി സ്ഥലത്ത്‌ കെട്ടിടവും സ്ഥലവും വാങ്ങി. കാർഗോ ക്ലിയറൻസ്‌ ചുമതലയുള്ള സഹോദരന്റെ സ്വാധീനം ഇടപാടുകൾക്ക്‌ സഹായകമാകുന്നു.

സ്വപ്‌ന സുരേഷ്‌ ‌അറസ്റ്റിലായപ്പോൾ മുതൽ കൊല്ലം ബന്ധം ചർച്ചയാകുകയും ചില കോൺഗ്രസ്‌ നേതാക്കൾ നിരീക്ഷണത്തിലാകുകയും ചെയ്‌തിരുന്നു. മണ്ഡലം പ്രസിഡന്റും യൂത്ത്‌ കോൺഗ്രസ് ‌കൊല്ലം ബ്ലോക്ക്‌ ഭാരവാഹിയും തമ്മിൽ മുമ്പ്‌ ഇടഞ്ഞപ്പോൾ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല കൊല്ലത്ത്‌ രഹസ്യസന്ദർശനം നടത്തി.

ഒരു മണിക്കൂറോളം ചെലവഴിച്ച ചെന്നിത്തല ബ്ലോക്ക്‌ ഭാരവാഹിക്ക്‌ ശാസന നൽകിയാണ്‌ മടങ്ങിയത്‌. കോൺഗ്രസ്‌ എംപി ഉൾപ്പെടെ മൂന്നു നേതാക്കളുമായുള്ള മണ്ഡലം പ്രസിഡന്റിന്റെ അടുപ്പവും സാമ്പത്തിക ഇടപാടുകളുമാണ്‌ ഇഡി അന്വേഷണത്തിലേക്ക്‌ എത്തിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here