കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസിന് സ്ഥിരം പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.
അതേസമയം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് സോണിയ ഗാന്ധി രാജിസന്നദ്ധത അറിയിച്ചിരുന്നു. പാർടിയിൽ സമ്പൂർണമായ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള മുതിർന്ന നേതാക്കളുടെ കത്ത് പുറത്തുവന്നതിന് പിന്നാലെയാണിത്. നിർണായകമായ പ്രവർത്തകസമിതി യോഗം ഇന്ന് ദില്ലിയില്‍ ചേരാനിരിക്കെയാണ് അധ്യക്ഷസ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ലെന്ന് സോണിയ മുതിർന്ന നേതാക്കളെ അറിയിച്ചത്.
ഇടക്കാല അധ്യക്ഷസ്ഥാനത്ത് സോണിയയുടെ ഒരു വർഷ കാലാവധി ആഗസ്‌ത് 10ന് അവസാനിച്ചിരുന്നു. എന്നാൽ, പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാത്ത സാഹചര്യത്തിൽ സോണിയയുടെ പദവിയിൽ മാറ്റമില്ലെന്ന് നേതൃത്വം വിശദീകരിച്ചിരുന്നു.
ഇതിനിടെയാണ് പ്രവർത്തകസമിതി അംഗങ്ങളും മുൻ മുഖ്യമന്ത്രിമാരും മുൻ പിസിസി പ്രസിഡന്റുമാരടക്കം 23 മുതിർന്ന നേതാക്കൾ അയച്ച കത്ത് പുറത്തുവന്നത്. കേരളത്തിൽ നിന്നുള്ള ശശി തരൂർ, പി ജെ കുര്യൻ, മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്‌നിക്, ഭൂപീന്ദർ സിങ് ഹൂഡ, പൃഥ്വിരാജ് ചവാൻ, രജീന്ദർകൗർ ഭട്ടൽ, വീരപ്പ മൊയ്‌ലി തുടങ്ങിയവരാണ് കത്തിൽ ഒപ്പുവച്ചത്.
രാഹുല്‍ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ പ്രസിഡന്റ് പദം ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാളെ അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം.
മുഴുവൻ സമയ അധ്യക്ഷനെ ഉടൻ തിരഞ്ഞെടുക്കണമെന്നത് അടക്കം പാർട്ടിയിൽ സമ്പൂർണ്ണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ടാണ് നേതാക്കള്‍ കത്ത് നല്‍കിയിരിക്കുന്നത്. നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി കഴിഞ്ഞവർഷമാണ് ഇടക്കാല അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി ഏറ്റെടുത്തത്.
രാഹുൽ ഗാന്ധിയെയോ പ്രിയങ്ക ഗാന്ധിയെയോ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൻമാരുടെ ആവശ്യം.

Get real time update about this post categories directly on your device, subscribe now.